മലിനജലം കുടിച്ച് രണ്ട് പേര് മരിച്ചു, 45 പേര് ചികിത്സയില്‍; സംഭവം കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍
സംഭവസ്ഥലത്ത് ആരോഗ്യവിദഗ്ധര്‍ പരിശോധന നടത്തുന്നതിന് മുമ്പേ ഖംചാരി നിവാസികളായ രണ്ട് പേര്‍ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു
29 July 2022 3:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മലിനജലം കുടിച്ച് രണ്ട് പേര് മരിച്ചു. 45 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മധ്യപ്രദേശിലെ ധാമോയിലാണ് സംഭവം. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലത്തിലാണ് ധാമോ.
സംഭവസ്ഥലത്ത് ആരോഗ്യവിദഗ്ധര്‍ പരിശോധന നടത്തുന്നതിന് മുമ്പേ ഖംചാരി നിവാസികളായ രണ്ട് പേര്‍ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട 10 പേർ ധാമോ ജില്ലാ ആശുപത്രിയിലും 35 പേർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.
കിണറ്റില്‍ നിന്നുള്ള മലിനമായ ജലം കുടിച്ചതായിരിക്കാം ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളില്‍ നേരിയ നിര്‍ജ്ജലീകരണം ശ്രദ്ധയില്‍പ്പെട്ടത് മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഗ്രാമത്തിലെ നിരവധി ആളുകള്‍ വയറുവേദന ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ ഒരാളായ ജ്യോതി പറഞ്ഞു.
- TAGS:
- madhyapradesh
- Pollution
- Death