Top

'അക്രമത്തിന് നേതൃത്വം നല്‍കിയത് യൂജിന്‍ പെരേര അടക്കം 10 വൈദികര്‍'; 'പള്ളിയില്‍ മണിയടിച്ച് ആളെ കൂട്ടി'; പൊലീസ് ഹൈക്കോടതിയില്‍

തുറമുഖം പദ്ധതിയെ അനുകൂലിക്കുന്നവരെയും പൊലീസിനെയും സംഘം അക്രമിച്ചെന്നും പൊലീസ് അറിയിച്ചു.

1 Dec 2022 1:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്രമത്തിന് നേതൃത്വം നല്‍കിയത് യൂജിന്‍ പെരേര അടക്കം 10 വൈദികര്‍; പള്ളിയില്‍ മണിയടിച്ച് ആളെ കൂട്ടി; പൊലീസ് ഹൈക്കോടതിയില്‍
X

എറണാകുളം: വിഴിഞ്ഞം ആക്രമണസംഭവങ്ങളില്‍ യൂജിന്‍ പെരേര അടക്കം 10 വൈദികര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സത്യവാങ്മൂലം. പത്തോളം വൈദികരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായ ലോറികള്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പള്ളിയില്‍ മണിയടിച്ച് കൂടുതല്‍ ആളുകളെ സമരരംഗത്തേക്ക് എത്തിച്ചു. ഇതിലൂടെ സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്തെത്തി. അക്രമികള്‍ സിസി ടിവി ക്യാമറകളും ലൈറ്റുകളും വീടുകളും തകര്‍ത്തു. തുറമുഖം പദ്ധതിയെ അനുകൂലിക്കുന്നവരെയും പൊലീസിനെയും സംഘം അക്രമിച്ചെന്നും പൊലീസ് അറിയിച്ചു. 26,27 തീയതികളിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. സമരസമിതി കോടതിക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചെന്നും ഉത്തരവ് നടപ്പാക്കുന്നത് സമരക്കാര്‍ തടസപ്പെടുത്തിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.

വിഴിഞ്ഞം ആക്രമണസംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഡിജിപി അനില്‍ കാന്ത് നേരത്തെ അറിയിച്ചിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധന തുടരുകയാണ്. സംഭവത്തിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തവും അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.

വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെയാണെന്നും നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നുണ്ട്. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇത്തരം അക്രമങ്ങളില്‍ വിവേക പൂര്‍വ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായത്. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാട് കൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണ് വിഴിഞ്ഞത് ആക്രമണം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story