പിഎൻബി തട്ടിപ്പ്: കോർപ്പറേഷന്റെ പത്ത് കോടി തിരികെ നൽകി
14 Dec 2022 1:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും മുൻ മാനേജർ തട്ടിയ പണം തിരികെ നൽകി പഞ്ചാബ് നാഷണൽ ബാങ്ക്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിന്റെ തീരുമാന പ്രകാരമാണ് നടപടി. 10.07 കോടി രൂപയാണ് ഇന്ന് തിരികെ നൽകിയത്. രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് കോർപ്പറേഷന് കെെമാറിയിരുന്നു. പണം തട്ടിയ ബാങ്ക് മാനേജർ എം പി റിജിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് നിലവിൽ.
കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് റിജിലിനെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. റിജിലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റിജിൽ നൽകിയ മുൻകൂർ ജാമ്യഹർജി കോഴിക്കോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജാമ്യം നൽകിയാൽ അത് കേസിന്റെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ഹർജി കോടതി തള്ളിയത്.
കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 12 കോടി 62 ലക്ഷം രൂപയാണ് റിജിൽ തട്ടിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണത്തിൽ വലിയൊരു പങ്കും ഓൺലൈൻ ചൂതാട്ടത്തിനടക്കം ചെലവഴിച്ചതായാണ് വിവരം. കോഴിക്കോട് കോർപ്പറേഷൻ്റെതടക്കം 17 അക്കൗണ്ടുകളിൽ നിന്നായി 21.29 കോടി രൂപ റിജിൽ തിരിമറി നടത്തിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണത്തിൽ വലിയൊരു പങ്കും ഓൺലൈൻ ചൂതാട്ടത്തിനടക്കം ചെലവഴിച്ചതായാണ് വിവരം.
STORY HIGHLIGHTS: 10 crores of Kozhikode Corporation was returned by Punjab National Bank