Top

'സാലിക്കയുടെ കടയില്‍ കയറി കാലി ചായ കുടിച്ചിട്ട് ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്ന ശീലം, സാധാരണക്കാരനെ അറുക്കലാണെന്നാണ് എംഎല്‍എ പറഞ്ഞത്'; ചിത്തരഞ്ജനെ പിന്തുണച്ച് കുറിപ്പ്

fb post about pp chitharanjan mla

3 April 2022 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാലിക്കയുടെ കടയില്‍ കയറി കാലി ചായ കുടിച്ചിട്ട് ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്ന ശീലം, സാധാരണക്കാരനെ അറുക്കലാണെന്നാണ് എംഎല്‍എ പറഞ്ഞത്; ചിത്തരഞ്ജനെ പിന്തുണച്ച് കുറിപ്പ്
X

ആലപ്പുഴ: കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയതിനെ പിന്തുണച്ചും എതിര്‍ത്തും വാദങ്ങള്‍ സജീവമാണ്. പരാതി നല്‍കിയ എംഎല്‍എ പണം നല്‍കിയിരുന്നില്ല എന്ന് ഹോട്ടലുടമ പറഞ്ഞതിന്റെ പത്രകട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഇതിനിടയില്‍ ആലപ്പുഴ സ്വദേശി സുഗേഷ് സുഗുണന്‍ ഫേസ്ബുക്കില്‍ ചിത്തരഞ്ജനെ പിന്തുണച്ചെഴുതിയ കുറിപ്പും ശ്രദ്ധേയമായി.

കുറിപ്പ് വായിക്കാം...

'5 അപ്പത്തിനും 2 മുട്ടക്കറിയ്ക്കും 180 രൂപ ഒരു വലിയ തുകയാണെന്ന് അദ്ദേഹത്തിന് തോന്നിയത് എന്തുകൊണ്ടാണെന്നോ...

എംഎല്‍എ ആകുന്നതിനും

നാലുപേരാല്‍ അറിയപ്പെടുന്നതിനും എത്രയോ മുന്‍പ് തുടങ്ങി വെച്ച, ഇന്നും തുടര്‍ന്ന് പോരുന്ന ഒരു ശീലമുണ്ട് അദ്ദേഹത്തിന്.

പ്രഭാതസവാരിക്കിടയില്‍ നാട്ടുകാരോട് കൂട്ടുകൂടി നടന്ന്, കുശലംപറഞ്ഞ്, സക്കറിയ ബസാറിലെ സാലിക്കയുടെ കടയില്‍ കയറി ഒരു കാലി ചായകുടിച്ചിട്ട് ക്യാഷ് കൗണ്ടറില്‍ കയറി ഇരിക്കുന്ന ശീലം.

ഇന്നും ബസാറുകാര്‍ക്ക് ചായകുടിച്ച് കാശ് കൊടുക്കാന്‍നേരം എംഎല്‍എയാണ് കൗണ്ടറില്‍ ഇരിക്കുന്നത് എന്നത് അത്ഭുതമേയല്ല. കാരണം, അത് അവിടുത്തുകാര്‍ക്ക് അത്രമേല്‍ സുപരിചിതമായ ഒന്നാണ്.

സാധാരണക്കാരന്റെ ചായക്കടകളില്‍ തെരഞ്ഞെടുപ്പുകാലത്ത് കയറി നാടകം കളിച്ച് ചാനലുകള്‍ക്ക് നടുവിലിരുന്ന് 'ജനകീയന്‍' കളിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഉള്ള നാട്ടില്‍ ചിത്തരഞ്ജന്‍ സഖാവിന്റെ ചെറിയനാളു തൊട്ടുള്ള ഈ ശീലം ബസാറിന് പുറത്തുള്ളൊരാള്‍ക്കും ഒരുപക്ഷേ അറിയണമെന്നില്ല.

എംഎല്‍എ ആദ്യമായി മണ്ണില്‍ ചവിട്ടി എന്നും, കയ്യില്‍ നിന്ന് കാശു മുടക്കി എന്നുമൊക്കെ പുറംലോകത്തുനിന്ന് പരിഹസിക്കുന്നവരെ ഞങ്ങള്‍ ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നു.

അത്യാവശ്യഘട്ടങ്ങളില്‍ ചിലപ്പോള്‍ കൈലിമുണ്ടുടുത്ത് ടൂവീലറില്‍ പരക്കംപായുന്ന ഒരു എംഎല്‍എയെ നിങ്ങള്‍ക്ക് ഇവിടെ കാണാം...

നാട്ടിലെ ചികിത്സാസഹായ കമ്മറ്റികളുടെ നടുവില്‍ ജീവനുവേണ്ടി നെഞ്ചുകൊണ്ട് സംസാരിക്കുന്ന, സഹായം ചോദിച്ചു വെയിലുംകൊണ്ട് തെണ്ടി നടക്കുന്ന ഒരു എംഎല്‍എയെ നിങ്ങള്‍ക്ക് കാണാം...

മരണ വീടുകളുടെയും കല്യാണ വീടുകളുടെയും ഉമ്മറത്ത് വീട്ടുകാരനെ പോലെ ഒരു എംഎല്‍എയെ നിങ്ങള്‍ക്ക് കാണാം...

കടല്‍ കയറി നശിച്ചു പോയ സ്വപ്നങ്ങള്‍ക്ക് നടുവില്‍ മനുഷ്യനെ നെഞ്ചോട് ചേര്‍ത്ത് കൈപിടിക്കുന്ന ഒരു ജനപ്രതിനിധിയെ നിങ്ങള്‍ക്ക് ഇവിടെ കാണാം...

തെരുവിലും നിയമസഭയിലും ഒക്കെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വൈകാരികമായി തൊണ്ടപൊട്ടി പറയുന്ന ഒരുവന്‍ ഈ നാടിനുണ്ട്.

എംഎല്‍എ ആയതുകൊണ്ട് നാടറിയുന്ന ഒരുവന്‍ അല്ല അത്, നാടിനൊപ്പം നിന്നതുകൊണ്ട് ജനങ്ങള്‍ എംഎല്‍എയായി നെഞ്ചിലേറ്റിയ മനുഷ്യനാണത്.

180 രൂപ നിസ്സാരമായി കൊടുത്ത് മടങ്ങാമായിരുന്നിടത്ത് അത് കൂടുതലാണെന്ന് അദ്ദേഹം നിലപാടെടുത്തതും ശുണ്ഠിപിടിച്ചതും സാധാരണക്കാരന് വേണ്ടി തന്നെയാണ്.

എനിക്ക് പണം തരാന്‍ പറ്റില്ലെന്നല്ല, 'ഇത് സാധാരണക്കാരനെ അറുക്കല്‍ ആണെന്നാണ്' അദ്ദേഹം ഒച്ചയുയര്‍ത്തി പറഞ്ഞത്.

നാട്ടിന്‍പുറത്തെ ഒരു കടയില്‍ ഇത്രയും ഭക്ഷണത്തിന് ഇങ്ങനൊരു വില കൂടുതല്‍ അല്ല എന്ന് അഭിപ്രായമുള്ളവര്‍ 'സാധാരണക്കാരന്‍' ആവാന്‍ ഇനിയും ഭൂമിയിലേക്ക് ഒരുപാട് താഴെ ഇറങ്ങേണ്ടിയിരിക്കുന്നു.

സഖാവ് ചിത്തരഞ്ജന്‍ എം എല്‍ എ യോടൊപ്പം'


Next Story