കുറുക്കന്മൂലയില് വീണ്ടും മിന്നലായി കടുവ; കാല്പാടുകള് കണ്ടെത്തി
എന്നാല്‍ കുറുക്കന്മൂലയിലും സമീപ പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ കാല്പാടുകളല്ല ഇതെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
1 Jan 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുറുക്കന്മൂലയില് ആശങ്കയുയര്‍ത്തി കടുവയുടെ കാല്പാടുകള്. വനത്തിനോട് ചേര്‍ന്ന് കാവേരിപ്പൊയില്‍ ഭാഗത്താണ് കാല്പാടുകള് കണ്ടെത്തിയത്. കാല്പാടുകള് കണ്ട നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി കാല്പാടുകളില് പരിശോധന നടത്തി.
എന്നാല്‍ കുറുക്കന്മൂലയിലും സമീപ പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ കാല്പാടുകളല്ല ഇതെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇത് കടുവയുടെ സ്ഥിരം സഞ്ചാരപാതയാണെന്നും ആശങ്ക വേണ്ടന്നും അധികൃതര്‍ പറഞ്ഞു. ഈ കടുവ ജനങ്ങളേയോ വളര്‍ത്തു മൃഗങ്ങളേയോ ആക്രമിച്ചിട്ടില്ലെന്നും വന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസക്കാലമായി കുറുക്കന്‍മൂലയേയും പരിസര പ്രദേശങ്ങളേയും വിറപ്പിച്ച കടുവ ഉള്‍വനത്തിലേക്ക് കടന്നെന്ന നിഗമനത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. കഴുത്തിന് മുറിവേറ്റ കടുവ തിരച്ചുവരാന്‍ സാധ്യതയില്ല എന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികളും വനം വകുപ്പും. കടുവയെ പിടികൂടാന്‍ വേണ്ടി സ്ഥാപിച്ച കൂടുകള്‍ മാറ്റിയിരുന്നു.
കുറുക്കന്മൂലയില് 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നിരുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ വനപാലകര്‍ക്ക് സാധിച്ചിരുന്നില്ല. അതേസമയം, ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം പ്രദേശത്ത് തുടരുകയാണ്.