ശ്രീശാന്തും, നീതീഷും ‘പിശുക്കാതെ’ റണ്‍ വിട്ടുനല്‍കി; കേരളത്തിന്റെ തോല്‍വിയുടെ ഭാരം ബൗളര്‍മാര്‍ക്ക്

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തോല്‍വിക്ക് കാരണം ബൗളര്‍മാരുടെ മോശം പ്രകടനം. മുന്‍നിര ബൗളര്‍മാരായ ശ്രീശാന്ത്, എം.ഡി നിതീഷ്, കെ.എം ആസിഫ് എന്നിവരെല്ലാം കണക്കിന് തല്ലുവാങ്ങി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി 2 വിക്കറ്റെടുത്ത സച്ചിന്‍ ബേബി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാര്‍ട് ടൈം ബൗളര്‍ അക്ഷയ് ചന്ദ്രനും 12.00 ശരാശരിയില്‍ റണ്‍ വിട്ടുനല്‍കി.

സീനിയര്‍ താരം ശ്രീശാന്തില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു അദ്ഭുത പ്രകടനമൊന്നും ശ്രീയില്‍ നിന്നുണ്ടായില്ല. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ മാത്രമാണ് ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനം നടത്തിയത്. 138 റണ്‍സ് മാത്രമാണ് പുതുച്ചേരിക്ക് നേടാനായിരുന്നത്. എന്നാല്‍ മുംബൈക്കെതിരെ 196 റണ്‍സ് വിട്ടുനല്‍കി. ഡല്‍ഹിക്കെതിരെ 212 റണ്‍സാണ് വഴങ്ങിയത്. ബാറ്റിംഗ് നിര അദ്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയത് കൊണ്ട് മാത്രമാണ് ഈ രണ്ട് മത്സരങ്ങളിലും കേരളത്തിന വിജയിക്കാന്‍ കഴിഞ്ഞത്.

ഹരിയാന ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിന് 194 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 68 റണ്‍സെടുത്ത സച്ചിന്റെ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ചൈതന്യ ബിഷ്‌നോയി (29 പന്തില്‍ 45 റണ്‍സ്), ശിവം ചൗവാന്‍ (34 പന്തില്‍ 54), രാഹുല്‍ തെവാട്യ(26 പന്തില്‍ 41) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഹരിയാനയ്ക്ക് കുറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന, സച്ചിന്‍ ബേബി എന്നിവര്‍ ഒരു വിക്കറ്റും കെ.എം ആസിഫ് ഒരു വിക്കറ്റും നേടി. ശ്രീശാന്തിന് വിക്കറ്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 15 റണ്‍സെടുക്കുന്നതിനിടെ റോബിന്‍ ഉത്തപ്പയെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് സിക്‌സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ സഞ്ജു 51 റണ്‍സ് അടിച്ചെടുത്തു. മറുവശത്ത് മുഹമ്മദ് അസ്ഹറുദ്ദീനും (25 പന്തില്‍ 35 റണ്‍സ്) ഫോമിലേക്ക് ഉയര്‍ന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും പുറത്തായതോടെ കേരളം പ്രതിസന്ധിയിലായി. വിഷ്ണു വിനോദിനും ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല.