Top

ബീഹാറിനെ ദയയില്ലാതെ ‘തല്ലിപ്പൊളിച്ചതിന്’ പിന്നില്‍ കേരളത്തിന്റെ ‘റണ്‍റേറ്റ് കളി’; പ്ലേ ഓഫ് കണക്കുകള്‍ കാണാം

8.5 ഓവറില്‍ 149 റണ്‍സ്, ആരെയും അദ്ഭുതപ്പെടുത്തിയ ആക്രമണ ബാറ്റിംഗായിരുന്നു വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബീഹാറിനെതിരെ പുറത്തെടുത്തത്. പതുക്കെ കളിച്ച് മത്സരം വരുതിയിലാക്കാനുള്ള അവസരമുണ്ടായിട്ടും, വെടിക്കെട്ട് ബാറ്റിംഗ് നടത്താനാണ് ഉത്തപ്പയ്ക്കും വിഷ്ണുവിനും സഞ്ജുവിനും കോച്ച് ടിനു യോഹന്നാന്‍ നല്‍കിയ നിര്‍ദേശം. ദയയില്ലാതെ ബീഹാര്‍ ബൗളര്‍മാരെ മൂവരും തല്ലിച്ചതക്കുകയും ചെയ്തു. എലീറ്റ് ഗ്രൂപ്പില്‍ യു.പിക്കും കര്‍ണാടകയ്ക്കും പിന്നില്‍ റണ്‍റേറ്റുള്ള ടീമിനെ പ്ലേ ഓഫിലെത്തിച്ച നിര്‍ണായക തന്ത്രമായിരുന്നു ബീഹാറിനെതിരായി കേരളം പുറത്തെടുത്തത്. ബീഹാറിനെതിരായ വിജയം കേരളത്തിന് രാജകീയ പ്ലേ […]

1 March 2021 7:08 AM GMT

ബീഹാറിനെ ദയയില്ലാതെ ‘തല്ലിപ്പൊളിച്ചതിന്’ പിന്നില്‍ കേരളത്തിന്റെ ‘റണ്‍റേറ്റ് കളി’; പ്ലേ ഓഫ് കണക്കുകള്‍ കാണാം
X

8.5 ഓവറില്‍ 149 റണ്‍സ്, ആരെയും അദ്ഭുതപ്പെടുത്തിയ ആക്രമണ ബാറ്റിംഗായിരുന്നു വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബീഹാറിനെതിരെ പുറത്തെടുത്തത്. പതുക്കെ കളിച്ച് മത്സരം വരുതിയിലാക്കാനുള്ള അവസരമുണ്ടായിട്ടും, വെടിക്കെട്ട് ബാറ്റിംഗ് നടത്താനാണ് ഉത്തപ്പയ്ക്കും വിഷ്ണുവിനും സഞ്ജുവിനും കോച്ച് ടിനു യോഹന്നാന്‍ നല്‍കിയ നിര്‍ദേശം. ദയയില്ലാതെ ബീഹാര്‍ ബൗളര്‍മാരെ മൂവരും തല്ലിച്ചതക്കുകയും ചെയ്തു.

എലീറ്റ് ഗ്രൂപ്പില്‍ യു.പിക്കും കര്‍ണാടകയ്ക്കും പിന്നില്‍ റണ്‍റേറ്റുള്ള ടീമിനെ പ്ലേ ഓഫിലെത്തിച്ച നിര്‍ണായക തന്ത്രമായിരുന്നു ബീഹാറിനെതിരായി കേരളം പുറത്തെടുത്തത്. ബീഹാറിനെതിരായ വിജയം കേരളത്തിന് രാജകീയ പ്ലേ ഓഫ് പ്രവേശനവും സാധ്യമാക്കി. എലീറ്റ് ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് പ്ലേ ഓഫ് പ്രവേശനം ലഭിക്കുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നേടിയ കേരളം ബീഹാറിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ എസ് ശ്രീശാന്ത് ബീഹാറിന്റെ മുന്‍നിരയെ പുറത്താക്കി. മൂന്നാം ഓവറില്‍ വീണ്ടും വിക്കറ്റെടുത്ത ശ്രീ കേരളത്തിന് വലിയ മുന്‍തൂക്കമാണ് സമ്മാനിച്ചത്. പിന്നാലെ ബൗളിംഗ് ആക്രമണം ഏറ്റെടുത്ത ജലജ് സക്‌സേനയും നിധീഷും ബീഹാറിന്റെ പതനം പൂര്‍ണമാക്കി. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ശ്രീശാന്ത് നാലും സക്‌സേന മൂന്നും വിക്കറ്റെടുത്തു. രണ്ട് വിക്കറ്റുമായി നിധീഷും ഒരു വിക്കറ്റ് നേടി അക്ഷയ് ചന്ദ്രനും മികച്ചുനിന്നു. 148 റണ്‍സിലൊതുങ്ങിയ ബീഹാര്‍ പരാജയം ഉറപ്പിച്ചാണ് പേര് കേട്ട കേരളാ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ പന്തെറിയാനെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് സ്വപ്‌ന തുല്യമായ തുടക്കമാണ് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും നല്‍കിയത്. 30 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ വിഷ്ണു 12 പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. 5.4 ഓവറില്‍ 79 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ സഞ്ജു കൂടി ആക്രമണ ബാറ്റിംഗ് പുറത്തെടുത്തതോടെ കേരളം അതിവേഗം വിജയത്തിലേക്കെത്തി. ഒരു വശത്ത് 32 പന്തില്‍ 87 റണ്‍സെടുത്ത ഉത്തപ്പ പുറത്താകാതെ തകര്‍ത്തടിച്ചു. വെറും 9 പന്തില്‍ 24 റണ്‍സെടുത്ത് സഞ്ജുവും തിളങ്ങി. ബീഹാര്‍ ബൗളര്‍മാരുടെ ഏറ്റവും കുറഞ്ഞ ഇക്കോണമിക് റേറ്റ് 8.47 ആയിരുന്നു. വികാസ് പട്ടേലിന്റെ ഒരു ഓവറില്‍ 32 റണ്‍സാണ് കേരളം നേടിയത്.

അഞ്ച് എലീറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ബാക്കിയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത പോയിന്റും റണ്‍റേറ്റും അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുക. എലീറ്റ് ഗ്രൂപ്പുകളില്‍ കേരളം ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് 16ഉം അതിന് മുകളിലും പോയിന്റുള്ളത്. ഇതില്‍ നാല് ടീം ഗ്രൂപ്പ് ജേതാക്കളായി നേരിട്ട് ക്വാര്‍ട്ടറിലെത്തി. എലീറ്റ് ഗ്രൂപ്പ് ബിയില്‍ ആര്‍ക്കും 16 പോയിന്റില്ല. ഈ ഗ്രൂപ്പില്‍ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായ ആന്ധ്ര ക്വാര്‍ട്ടറിലെത്തും. ഇത് കഴിഞ്ഞാല്‍ മൂന്ന് പ്ലേ ഓഫ് സ്ഥാനങ്ങളാണ് ബാക്കിയുള്ളത്. പോയിന്റ് പരിശോധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ്, കേരളം, ബറോഡ, ഡല്‍ഹി എന്നിവര്‍ തമ്മിലായിരുന്നു ഈ മൂന്ന് സ്ഥാനങ്ങള്‍ക്കായുള്ള മത്സരം നിലനിന്നിരുന്നത്.

റണ്‍റേറ്റില്‍ മുന്നിലുള്ള ആദ്യ രണ്ട് ടീം എന്ന നിലയില്‍ കേരളവും യു.പിയും നേരിട്ട് യോഗ്യത ലഭിച്ചു. ചെറിയ മാര്‍ജിനില്‍ ബറോഡയെ പിന്നിലാക്കിയ ഡല്‍ഹിയാണ് എലീറ്റ് ഗ്രൂപ്പില്‍ നിന്ന് പ്ലേ ഓഫിലെത്തിയ അവസാന സ്ഥാനക്കാര്‍. എന്നാല്‍ അവസാന സ്ഥാനക്കാരായതിനാല്‍ ഡല്‍ഹിക്ക് പ്ലേറ്റ് ഗ്രൂപ്പിലെ വിജയികളെ തോല്‍പ്പിച്ചാല്‍ മാത്രമെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനാവൂ. പ്ലേറ്റ് ഗ്രൂപ്പില്‍ 20 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ഉത്തരാഖണ്ഡ് ആയിരിക്കും ഡല്‍ഹിയുടെ പ്രീ-ക്വാര്‍ട്ടര്‍ എതിരാളികള്‍.

Next Story

Popular Stories