Top

‘രോഗിയെ കാണാത്തവര്‍ എങ്ങനെ കൊവിഡ് മരണമല്ലെന്ന് തീരുമാനിക്കും?’; കേരളം ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വി മുരളീധരന്‍

ജില്ലകളില്‍ നിന്ന് വരുന്ന കണക്കുകള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച് കൊവിഡ് മരണമാണെന്നും അല്ലെന്നും നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യമായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറയുന്നു.

3 July 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രോഗിയെ കാണാത്തവര്‍ എങ്ങനെ കൊവിഡ് മരണമല്ലെന്ന് തീരുമാനിക്കും?’; കേരളം ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വി മുരളീധരന്‍
X

കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന രീതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊവിഡ് രോഗിയെ ഒരു ഘട്ടത്തില്‍ പോലും നേരില്‍ കാണുകയോ പരിശോധിക്കുകയോ ചെയ്യാത്ത വിദഗ്ധസമിതി അംഗങ്ങള്‍ എങ്ങനെയാണ് മരണം കൊവിഡ് മൂലമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതെന്ന് വി മുരളീധരന്‍ ചോദിച്ചു. ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. വിദഗ്ധസമിതി അംഗങ്ങള്‍ എങ്ങനെയാണ് കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നതെന്ന സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതായും മുരളീധരന്‍ ആഞ്ഞടിച്ചു.

ജില്ലകളില്‍ നിന്ന് വരുന്ന കണക്കുകള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച് കൊവിഡ് മരണമാണെന്നും അല്ലെന്നും നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യമായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ബന്ധുക്കള്‍ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ വീടുകളിലേക്ക് കൊണ്ടുപോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറയുകയുണ്ടായി. ഒരു മണിക്കൂര്‍ കഴിഞ്ഞ് പിന്നെന്തിനാണ് മൃതദേഹം തിരിച്ചുകൊണ്ടുവരുന്നത്? ഒരു മണിക്കൂര്‍ നേരത്തേക്ക് കൊവിഡ് വൈറസ് മൃതദേഹത്തില്‍ നിന്നും മാറിനില്‍ക്കുമെന്ന അസംബന്ധമായ ഒരു ഉപദേശം മുഖ്യമന്ത്രിയ്ക്ക് ആരാണ് നല്‍കിയതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മരണത്തിന്റെ കണക്കിലെ കള്ളക്കളിയും സ്വര്‍ണക്കടത്തും അടക്കമുള്ള സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായി നീക്കം നടക്കുന്നതെന്ന് ഇന്ന് അല്പം മുമ്പ് മുരളീധരന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. കൊടകര മുതല്‍ കരിപ്പൂര്‍ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ്ണരൂപം:

സ്വര്‍ണ്ണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ നീക്കം…. സിപിഎം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗൂണ്ടാസംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണ്..

കൊടകര മുതല്‍ കരിപ്പൂര്‍ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളാണ് നടത്തുന്നത്. അത് പുറത്തായതിന്‍റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്…കേന്ദ്ര ഏജന്‍സികളെയല്ല സംസ്ഥാന ഏജന്‍സികളെയാണ് ഭരിക്കുന്നവര്‍ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നതെന്ന് വ്യക്തം…..ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരളപോലീസ് പറയട്ടെ….കള്ളപ്പണമാണ് വിഷയമെങ്കില്‍ അത് അന്വേഷിക്കേണ്ടത് പോലീസല്ല…..

നാടിന്‍റെ സ്വത്തായ രാജകീയ വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നത് കേരള പോലീസിനെ ബാധിക്കുന്നേയില്ല…വനംകൊള്ളക്കാരെ തൊടാന്‍ ധൈര്യമില്ലാത്ത പിണറായിയുടെ പോലീസ് ബിജെപിക്കെതിരെ തിരിയുന്നത് രാഷ്ട്രീയ പകപോക്കലിനാണ്….കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം കണ്ണൂരിലെ പാര്‍ട്ടിയാഫീസുകളിലേക്കെത്തുന്നതിന്‍റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്….സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ ഈ തന്ത്രം വിലപ്പോവില്ലെന്ന് സിപിഎം മനസിലാക്കുന്നത് നന്നാവും.

Next Story