സ്വപ്നയും സ്വർണവുമല്ല; ‘ന്യായ്’ പദ്ധതിയാകും യുഡിഎഫിന്റെ ഗെയിം ചെയ്ഞ്ചർ

ഉള്ളത് പറയണമല്ലോ, ന്യായ് പദ്ധതി ഉൾകൊള്ളുന്ന പ്രകടനപത്രികയുമായി യുഡിഎഫ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്ന ചുവട് വളരെ പവർഫുള്ളാണ്, ഗംഭീരമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലവും പൊതുവിൽ കേരളത്തിലുള്ള ഇപ്പോഴത്തെ രാഷ്ട്രീയ പരിസരവും ഇടതുപക്ഷത്തിന് ശക്തമായ മേൽക്കോയ്മയുണ്ടെന്ന് തോന്നിപ്പിക്കുകയും യുഡിഎഫ് എന്ത് ചെയ്യണമെന്നറിയാത്ത ഒരു സ്ഥലജല വിഭ്രാന്തിയിലാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്യുന്ന ഒരു പോയിന്റിൽ നിന്ന് കൊണ്ട് ഒരു നല്ല സ്റ്റാർട്ടിന് ശ്രമിക്കുകയാണ് യുഡിഎഫ്. അതിൽ അവരെ അഭിനന്ദിച്ചേ മതിയാകൂ.
രാഹുൽ ഗാന്ധി വളരെ ഹോം വർക്ക് ചെയ്ത് കൊണ്ടുവന്ന ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ന്യായ്. പ്രശസ്തരായ സാമ്പത്തിക വിദ്ഗധരുമായുള്ള ചർച്ചകൾക്കും പഠനത്തിനും ശേഷമാണ് ഓരോ കുടുംബത്തിനും മിനിമം 6000 രൂപ വേതനം ഉറപ്പുവരുത്തുന്ന പദ്ധതി അദ്ദേഹം മുന്നോട്ടുവെച്ചത്. പക്ഷേ മാധ്യമങ്ങളുടെ തമസ്കരണവും അവർ ഏറ്റെടുത്ത സംഘപരിവാര പ്രചാരണങ്ങളുടെ കുത്തൊഴുക്കും പുൽവാമ സൃഷ്ടിച്ച അതിദേശീയതാ വികാരവും ന്യായ് ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണമായി.
കേരളത്തിൽ യുഡിഎഫ് തകർന്ന് കാണണമെന്ന് ഈ സംസ്ഥാനത്തിന്റെ മതേതര മുഖവും സാംസ്കാരികതയും ഇഷ്ടപ്പെടുന്ന ആരും ആഗ്രഹിക്കില്ല. അവരുടെ തകർച്ച വളമാകുന്നത് ആത്യന്തികമായി സംഘ്പരിവാറിനായിരിക്കും. യുഡിഎഫ് അധികാരത്തിൽ തിരിച്ചു വന്നാലും ഇല്ലെങ്കിലും അവർ ശക്തിയോടെയും കെട്ടുറപ്പോടെയും കേരളത്തിൽ നിലനിൽക്കേണ്ടത് അനിവാര്യമാണ്. ആ ഗ്യാപ്പിലേക്ക് സംഘപരിവാരത്തിന് കടന്ന് കയറാനുള്ള ഒരവസരം പോലും കേരളത്തെ കേരളമല്ലാതാക്കി മാറ്റും.

ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ഗെയിമിന്റെ ഡിഫൻസീവ് മോഡിൽ നിന്ന് ഒഫൻസീവ് മോഡിലേക്ക് യുഡിഎഫിന്റെ മാറ്റം കുറിക്കുന്ന ഒന്നായിട്ടാണ് ന്യായ് പദ്ധതിയുടെ ഈ പ്രഖ്യാപനത്തെ ഞാൻ കാണുന്നത്. സ്വപ്ന, സ്വർണക്കടത്ത് എന്നൊക്കെപ്പറഞ്ഞു ബഹളം കൂട്ടുന്ന ഒരു രാഷ്ട്രീയത്തിൽ നിന്നും ജനവികാരത്തെ ട്രിഗർ ചെയ്യുന്ന ഒരു ഗെയിമിലേക്ക് യുഡിഎഫിന് കടക്കാൻ പറ്റുന്ന ഒരവസരമാണ്.
ന്യായ് മുന്നോട്ട് വെക്കുന്ന ഒരു സോഷ്യൽ വെൽഫെയർ രാഷ്ട്രീയത്തെ ഹൈലൈറ്റ് ചെയ്ത് മുന്നോട്ട് പോവുകയും യുവപ്രാതിനിധ്യം ഉറപ്പ് വരുത്തി തീർത്തും എനർജറ്റിക്കായ ഒരു സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയും ചെയ്താൽ യുഡിഎഫ് ഒരുവേള അത്ഭുതങ്ങൾ കാട്ടി എന്ന് വരും. അതല്ല കെ വി തോമസ്, പി ജെ കുര്യൻ പോലുള്ള എല്ലാ പഴയ താപ്പാനകളേയും വീണ്ടും മത്സര കുപ്പായമിടിവിച്ചും, പി സി ജോർജ്ജിനെപ്പോലുള്ള വിഴുപ്പുകളെ മുന്നിൽ നിർത്തിയും, ഗ്രൂപ്പുകളും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളൂം അതിന്റെ നാണംകെട്ട വീതുവെപ്പും തുടർന്നും, ആ മൊമെന്റം കളഞ്ഞു കുളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പിന്നെ മുല്ലപ്പള്ളിയുടെ ആ ഡയലോഗ് തന്നെ പറയേണ്ടി വരും.. “പ്ലീസ് ഡോണ്ട് സ്റ്റോപ്പ് ഇറ്റ്”. ആ കലാപരിപാടി തുടർന്നോളൂ.