Top

‘പ്രഫുല്‍ പട്ടേലിനെ നീക്കം ചെയ്യണം, ലക്ഷദ്വീപുകാര്‍ കേരളത്തിന്റെ സഹോദരങ്ങള്‍’; ദ്വീപിനായി കേരളത്തിന്റെ പ്രമേയം നാളെ

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നീക്കം ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. നാളെ അവതരിപ്പിക്കുന്ന പ്രമേയം പൂര്‍ണരൂപം: നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും ചരിത്രപരമായും സാംസ്‌കാരികമായുമുള്ള ഗാഢബന്ധം ഇരുപ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പണ്ടേയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ലക്ഷദ്വീപിലെ പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിന്റെ […]

30 May 2021 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രഫുല്‍ പട്ടേലിനെ നീക്കം ചെയ്യണം, ലക്ഷദ്വീപുകാര്‍ കേരളത്തിന്റെ സഹോദരങ്ങള്‍’; ദ്വീപിനായി കേരളത്തിന്റെ പ്രമേയം നാളെ
X

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നീക്കം ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക.

നാളെ അവതരിപ്പിക്കുന്ന പ്രമേയം പൂര്‍ണരൂപം: നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും ചരിത്രപരമായും സാംസ്‌കാരികമായുമുള്ള ഗാഢബന്ധം ഇരുപ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പണ്ടേയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ലക്ഷദ്വീപിലെ പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബര്‍ 1ന് സംസ്ഥാന രൂപീകരണം വരെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ്. ലക്ഷദ്വീപിലെ ജന ങ്ങള്‍ക്കിടയില്‍ ഉപയോഗിക്കുന്ന ഭാഷ മലയാളമാണ്. ഭരണ തലത്തിലും മലയാളത്തിന് അവിടെ വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനുമെല്ലാം ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളവുമായാണ് കൂടുതല്‍ ബന്ധം. ഇത്തരത്തില്‍ പല തലങ്ങളിലുമുള്ള പങ്കിടലുകള്‍ വഴി കേരളജനതയ്ക്ക് ലക്ഷദ്വീപുകാര്‍ എല്ലാ അര്‍ത്ഥത്തിലും സഹോദരങ്ങളാണ്. സാംസ്‌കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷതകള്‍ക്കും അവിടത്തെ തനതു ജീവിതരീതികള്‍ക്കും മേല്‍ കടന്നുകയറ്റം നടക്കുന്നതായി അവിടത്തെ ജനങ്ങള്‍ തന്നെ അഭിപ്രായപ്പെടുകയാണ്. അവരുടെ ഭക്ഷണക്രമത്തെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും ഒക്കെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നും ലക്ഷദ്വീപുകാരുടെ ജീവനുതന്നെ വെല്ലുവിളി ഉണ്ടാകുന്ന ഭരണപരമായ നടപടിക്രമങ്ങള്‍ അവിടത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊള്ളുന്നു എന്നുമാണ് അവിടെ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ടൂറിസത്തെ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ ആ നാടിന്റെ സംസ്‌കാരവും സത്തയുമാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും ഏറ്റവും അടിസ്ഥാനപര മായ കര്‍ത്തവ്യം ആണ്. ആ പ്രാഥമിക കര്‍ത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നിന്നുതന്നെ ഉണ്ടാവുന്നു എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ലക്ഷദ്വീപിലെ ഭരണ കൂടത്തിന് വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാന്‍ അമിതാധികാരം നല്‍കുന്ന വ്യവസ്ഥ സാധാരണ ജനങ്ങളുടെ ഇടയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. അതു പോലെതന്നെ, ഇപ്പോള്‍ വരുത്തിയിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ ധാരാളം ആളുകളെ അവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത് വലിയതോതിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കും സാമൂഹ്യ അസ്വസ്ഥതകള്‍ക്കും ഇടവരുത്തുന്നതാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ ആത്യന്തികമായ സവിശേഷത അതിന്റെ നാനാത്വത്തിലെ ഏകത്വം ആണ്. ഇന്ന് ലക്ഷദ്വീപില്‍ കാണുന്നതിന് സമാനമായ വിധത്തില്‍ ഈ രാജ്യത്തിന്റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തിയിട്ടുണ്ട്. അവയുടെയൊക്കെ പരിണിതഫലം ദുരന്തങ്ങളായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും രാജ്യങ്ങളുടെ അവിഭാജ്യ ഘടകങ്ങളായ ചില പ്രദേശങ്ങള്‍ വെട്ടിമുറിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടില്‍ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങള്‍ പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികള്‍ ഇന്ത്യയിലുണ്ടാവരുത്. രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളുടെ താല്‍പ്പര്യ അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യന്‍ ജനതയുടെയാകെ മനസ്സില്‍ ഉയരുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമ മേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് തീര്‍ത്തും അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

കേന്ദ്രമാണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു.

Next Story