ജീവശ്വാസത്തിനായുള്ള യുദ്ധം; പ്രാണവായു പങ്കിട്ട് കേരളം

വടക്കേ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനതയും കൊവിഡിന്റെ മരണതാണ്ഡവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ജീവൻ രക്ഷാമരുന്നിന്റെയും ഓക്സിജന്റെയും അഭാവം ഇന്ന് പലരുടെയും ജീവനെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രാണവായു ലഭിക്കാതെയും, അപ്രതീക്ഷിതവുമായാണ് പലരും മരിച്ചു പോയത്. അവരെ വിസ്‌മരിക്കുക അത്ര എളുപ്പമല്ല. ജീവിക്കുമോ മരിക്കുമോ എന്നതിൽ ‘ഭാഗ്യ’ത്തിന് ഇന്ന് വല്ലാത്ത പ്രസക്തി ഉണ്ട് .

ഓക്സിജനും മരുന്നിനും കിടക്കക്കും പ്ലാസ്മക്കും വേണ്ടി ജനം അവസാനിക്കാത്ത അന്വേഷണങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ‘കാത്തിരിക്കുക’ എന്നത് നമുക്കിന്നൊരു ആഡംബര വാക്കായി മാറിയിരിക്കുന്നു. ദേശീയ മാധ്യമങ്ങൾ വിട്ടുനിന്നാലും അന്തർദേശീയ മാധ്യമങ്ങൾ നമ്മളെ കാണിച്ചു തരുന്നത്, നമ്മുടെ രാജ്യത്തിൻറെ തന്നെ ഹൃദയഭേദകമായ ദൃശ്യങ്ങളും വർത്തകളുമാണ്.

പടിഞ്ഞാറ് നിന്ന് മഹാരാഷ്ട്രയും ഗുജറാത്തും വടക്കു നിന്നു ഹരിയാനയും നടുവിലുള്ള മധ്യപ്രദേശുമൊക്കെയും രൂക്ഷമായ ഓക്സിജൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. അന്ത്യചുംബനം സ്വീകരിച്ചും, ആംബുലൻസ് കിട്ടാതെ ഓട്ടോയിൽ കയറി പാതിവഴിയിലേ മരിച്ചു പോയവരെയും, ശ്മശാനത്തിൽ കൂട്ടത്തോടെ എരിഞ്ഞവരെയും, അവരുടെ ബന്ധുക്കളെയും ഒഴിവാക്കിയാലും ഇന്നുവരെ കാണാത്ത കാഴ്ചകളാണ് ഈ സംസ്ഥാനങ്ങളിൽ നിന്നും പുറത്തു വരുന്നത്.

പുതിയ രോഗികളെ സ്വീകരിക്കാത്ത ആശുപത്രികൾ, അഡ്മിറ്റ് ആയവരോട് കൂടി മറ്റ് സംവിധാനങ്ങൾ തേടാൻ നിർബന്ധിക്കുന്ന അധികൃതർ, ഓക്സിജൻ റീഫില്ലിങ് യൂണിറ്റുകൾക്ക് മുന്നിൽ നീണ്ട നിര തീർക്കുന്ന രോഗികളുടെ ബന്ധുക്കൾ, എന്ന് വേണ്ട ഹൈദരാബാദിലെ ഒരു ഓക്സിജൻ റീഫില്ലിങ് യൂണിറ്റിനു മുൻപിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ ഏർപ്പെടുത്തിയിരിക്കുന്ന വല്ലാത്ത കാഴ്ച വരെ നമുക്കിന്നു കാണാനാകുന്നുണ്ട്.

ആരോഗ്യ സംവിധാനത്തിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥയും അതിദയനീയമാണ്. ദയനീയമായ മരണ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചും, അക്ഷീണം പ്രയത്നിച്ചും, രോഗത്തിനു കീഴടങ്ങിയും, മരണം വരിച്ചുമൊക്കെ അവരെല്ലാം പറയുന്നത് ഇത് പ്രതീക്ഷച്ചതാണെന്നു തന്നെയാണ്. ഒന്നാം തരംഗത്തിൽ രാജ്യം പെടുമ്പോഴേ രണ്ടാം തരംഗത്തെ പറ്റിയും മൂന്നാം തരംഗത്തെ പറ്റിയുമൊക്കെ മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നും ആസൂത്രണമില്ലായ്മ ഒന്ന് കൊണ്ട് മാത്രമാണ് രാജ്യം ഇന്ന് ഈ ദാരുണാവസ്ഥയിൽ എത്തി നിൽക്കുന്നതെന്നും ആണ്. ഇലെക്ഷൻ, കുംഭമേള, മറ്റ് പ്രാദേശിക ഉത്സവങ്ങൾ എല്ലാം ചേർന്നപ്പോൾ പ്രതീക്ഷക്കും അപ്പുറത്തായി കാര്യങ്ങൾ. ബന്ധപ്പെട്ട അധികാരികളുടെ നിരുത്തരവാദപരമായ സമീപനവും കൂടിയായപ്പോൾ ചിത്രം ഈ വിധമായി.

എന്നാൽ ഈ സാഹചര്യത്തിലും, കൊവിഡിന്റെ രണ്ടാം തരംഗത്തിലും മരണനിരക്കിനെ നിയന്ത്രിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം. അതിന് സഹായകമായത് ദീർഘവീക്ഷണവും കാര്യക്ഷമതയുള്ള ഒരു ഭരണകൂടമായിരുന്നു. മാരകമായ ഈ രണ്ടാം തരംഗത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡിനെ ഫലപ്രദമായി നേരിടുവാനും നിയന്ത്രിക്കുവാനും എങ്ങനെയാണ് കേരളത്തിന് സാധിച്ചത്..? നമ്മുടെ ഈ സംസ്ഥാനം രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധകേന്ദ്രമായത് എങ്ങനെയാണ്..?

ഈ ചോദ്യത്തിനുള്ള മറുപടിയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പ്രവർത്തനക്ഷമമായ 11 ഓക്സിജൻ നിർമ്മാണ യൂണിറ്റുകൾ. അതോടൊപ്പം ഓക്സിജന്റെ ലഭ്യത 58%ത്തോളം വർധിപ്പിക്കാനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. 2017ൽ വ്യവസായ രംഗത്തും മെഡിക്കൽ രംഗത്തും ഓക്സിജൻ വളരെയധികം ആവശ്യമായ ഒരു സമയത്ത് 50കോടി രൂപയുടെ ചിലവിലാണ് 70 ടണ്ണിന്റെ പ്ലാന്റും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സർക്കാർ അനുവാദം നൽകിയത്. നിലവിൽ നമുക്കാവശ്യം 74.25 മെട്രിക് ടൺ ആണെങ്കിലും 219.22 മെട്രിക് ടൺ ഓക്സിജൻ കേരളം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

രോഗത്തിന്റെ മാരകമായ രണ്ടാം തരംഗത്തെ മുൻകൂട്ടി കണ്ടുകൊണ്ട് സംസ്ഥാനത്ത് ആകെയുള്ള 10 മെഡിക്കൽ കോളേജുകളിൽ ഓരോന്നിലും, ചുരുങ്ങിയത് 2 ഓക്സിജൻ ലിക്വിഡ് പ്ലാന്റുകൾ സ്ഥാപിച്ചിക്കാനായിട്ടുണ്ട് സർക്കാറിന്. ഇതിനിടയിലും ഗോവയിലേക്കും മറ്റും ഓക്സിജൻ സിലിണ്ടറുകൾ നൽകാനും കര്‍ണാടകയിലേക്കും, തമിഴ്‌നാടിലേക്കും സഹായ ഹസ്തം നീട്ടാനും നമുക്കു സാധിച്ചു. ഏതായാലും സമീപ ഭാവിയിലെങ്ങും ഒരു ഓക്സിജൻ ക്ഷാമം നേരിടേണ്ടി വരുന്ന സാഹചര്യത്തിലല്ല സംസ്ഥാനം. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായാൽ ഇതായിരിക്കില്ല അവസ്ഥ എന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രി നല്‍കിയിട്ടുണ്ട്.

ഇനി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഈ വിഷയത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കേരളത്തിനെങ്ങനെ സാധിച്ചു എന്ന് നോക്കാം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള രണ്ട് വകുപ്പുകളുടെ സ്തുത്യർഹമായ സഹകരണമാണ് കേരളത്തിലെ ഓക്സിജൻ ക്ഷാമം ഒഴിവാക്കിയത്. എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള 123 വര്‍ഷം പഴക്കമുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (Petroleum & Explosives Safety Organization) എന്ന പെസോയും നമ്മുടെ സ്വന്തം ആരോഗ്യവകുപ്പും.

2020 മാർച്ചിൽ അതായത് രാജ്യത്ത് പകര്‍ച്ചവ്യാധി ബാധിച്ചത് മുതൽ, ഈ രണ്ടു വകുപ്പുകളും സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ആവശ്യങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. സാഹചര്യം മനസ്സിലാക്കി അപകടം മുൻകൂട്ടി കണ്ട് സംസ്ഥാനത്തെ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം അവര്‍ കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു.

അതേസമയം കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയിലും ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേന്ദ്രസർക്കാർ വിദേശത്തേക്ക് കയറ്റി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ജനുവരിയില്‍ ഇന്ത്യ 352 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തപ്പോള്‍ 2021 ജനുവരിയില്‍ കയറ്റുമതിയില്‍ 73.4 % വര്‍ധനവാണ് ഉണ്ടായത്. 2021 ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും കയറ്റുമതിയുടെ കണക്ക് ഇനിയും കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല.

ഈ ഘട്ടത്തിലെങ്കിലും സ്വന്തം ആവശ്യം കഴിഞ്ഞിട്ട് ബാക്കി നോക്കാമെന്ന ഹരിയാനയുടെ നിലപാടെ ങ്കിലും കേന്ദ്രസര്‍ക്കാരും പരിഗണിക്കേണ്ടതായിരുന്നു. ചെടിനട്ടും, റീസൈക്കിള്‍ ചെയ്തും, യോഗ ചെയ്തും ഓക്‌സിജിനുണ്ടാക്കാന്‍ പറയുന്ന ഭരണപാർട്ടി അനുയായികളും ഇനിയെങ്കിലും മണ്ടത്തരങ്ങളുമായി വന്ന് ചര്‍ച്ച വഴിതിരിക്കാതിരിക്കണം എന്ന് മാത്രമേ പറയാനുള്ളൂ. സഹജീവികള്‍ ശ്വാസം കിട്ടാതെ പിടയുമ്പോഴെങ്കിലും സുബോധത്തോടെ കാര്യങ്ങൾ കണ്ടില്ലെങ്കിൽ ജീവവായു കിട്ടാതെ മരിച്ചുവീഴുന്നവരുടെ ജീവന് കേന്ദ്രസര്‍ക്കാരാകും മറുപടി പറയേണ്ടിവരിക.

Covid 19 updates

Latest News