Top

‘സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നയപരമായ അവകാശം’; കെഎഎസ് പ്രവേശനത്തിലെ ഇരട്ട സംവരണത്തെ സുപ്രിംകോടതിയ്ക്കുമുന്നില്‍ ന്യായീകരിച്ച് സര്‍ക്കാര്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പ്പെടുത്താന്‍ ഉള്ള അധികാരം സര്‍ക്കാരിന് ഉണ്ടെന്ന് വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലമാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

18 April 2021 3:12 AM GMT

‘സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നയപരമായ അവകാശം’; കെഎഎസ് പ്രവേശനത്തിലെ ഇരട്ട സംവരണത്തെ സുപ്രിംകോടതിയ്ക്കുമുന്നില്‍ ന്യായീകരിച്ച് സര്‍ക്കാര്‍
X

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രവേശനത്തിലെ ഇരട്ട സംവരണത്തെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ നായപരമായ അവകാശമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പ്പെടുത്താന്‍ ഉള്ള അധികാരം സര്‍ക്കാരിന് ഉണ്ടെന്ന് വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലമാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസില്‍ നിയമനം ലഭിക്കണമെങ്കില്‍ അവര്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസാകണം. അതിനാല്‍ ഇത് പുതിയ നിയമത്തിന് തുല്യമാണ്. ഇക്കാരണംകൊണ്ട് സ്ട്രീം രണ്ടിലും മൂന്നിലും നടത്തുന്ന നിയമനത്തില്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം ലഭിച്ച ശേഷമാണ് ഇക്കാര്യത്തില്‍ സര്ക്കാര്‍ തീരുമാനം എടുത്തത്. ഈ കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമന മാനദണ്ഡങ്ങള്‍, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാന്‍ സര്‍ക്കാരിന് ഭരണഘടനപരമായ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി പിഎസ്‌സിയും നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കെഎഎസിലെ ഇരട്ട സംവരണത്തിനെതിരെ വിവിധ സമുദായ സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി കോടതി സര്‍ക്കാരിന്റെ വാദം അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Next Story