കായിക മന്ത്രി കാര്യങ്ങള്‍ പഠിക്കണം, കുഴിയില്‍ ചാടരുത്; ‘ടോക്യോ 2020 എന്നാണ്’
ടോക്യോ ഒളിമ്പിക്സ് സംബന്ധിച്ച പ്രതികരണങ്ങളില്‍ ഗുരുതര പിഴവുമായി കേരളത്തിലെ കായിക മന്ത്രി വി അബ്ദുറഹ്മാന്. താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും നേട്ടങ്ങളില്‍ ആഹ്ളാദം പകര്‍ന്നും മന്ത്രി നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലാണ് നിരന്തരം പിഴവ് കടന്ന് കൂടുന്നത്. ഒളിമ്പിക്സ് നടക്കുന്നത് 2021 ല്‍ ആണെങ്കിലും ഔദ്യോഗികമായ ഒളിമ്പിക്സിന്റെ പേര് ടോക്യോ ഒളിമ്പിക്സ് 2020 എന്ന് തന്നെയാണ്. ഈ വസ്തുത മനസിലാക്കാതെയാണ് സംസ്ഥാനത്തെ കായിക മന്ത്രി നിരന്തരം പ്രതികരണങ്ങള്‍ നടത്തുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കായികമേളയാണ് […]
25 July 2021 12:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ടോക്യോ ഒളിമ്പിക്സ് സംബന്ധിച്ച പ്രതികരണങ്ങളില്‍ ഗുരുതര പിഴവുമായി കേരളത്തിലെ കായിക മന്ത്രി വി അബ്ദുറഹ്മാന്. താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും നേട്ടങ്ങളില്‍ ആഹ്ളാദം പകര്‍ന്നും മന്ത്രി നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലാണ് നിരന്തരം പിഴവ് കടന്ന് കൂടുന്നത്. ഒളിമ്പിക്സ് നടക്കുന്നത് 2021 ല്‍ ആണെങ്കിലും ഔദ്യോഗികമായ ഒളിമ്പിക്സിന്റെ പേര് ടോക്യോ ഒളിമ്പിക്സ് 2020 എന്ന് തന്നെയാണ്. ഈ വസ്തുത മനസിലാക്കാതെയാണ് സംസ്ഥാനത്തെ കായിക മന്ത്രി നിരന്തരം പ്രതികരണങ്ങള്‍ നടത്തുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കായികമേളയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരത്തില്‍ കായിക മേള മാറ്റിവയ്ക്കാന്‍ തീരുമാനം എടുത്തത്. ഈ സാഹചര്യത്തില്‍ അന്നത്തെ തീരുമാന പ്രകരം 2020 ല്‍ നടക്കുന്ന കായിക മേള ടോക്യോ 2020 എന്ന് തന്നെയായിരിക്കും അറിയപ്പെടുക എന്നും വ്യക്തമാക്കിയിരുന്നു. ഒളിംമ്പിക്സുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളിലും ടോക്യോ 2020 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും.
എന്നാല്‍ കേരളത്തിലെ കായിക മന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇതിപ്പോഴും ‘ടോക്യോ 2021’ ആണ്. ആതിഥേയരാജ്യത്തിനായി ഐഒസി അംഗീകരിച്ച ലോഗോയില്‍ തിരുത്തല്‍ വരുത്താന്‍ ലോകത്താര്‍ക്കും അധികാരമില്ലെന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെയും കായിക വകുപ്പിന്റെയും പിഴവ് ഗുരുതരമാവുന്നത്.

ഇതിനെല്ലാം പുറമെ രാജ്യത്തെ സംസ്ഥാന ഒളിംപിക് സമിതികള്‍ക്കോ വ്യക്തികള്‍ക്കോ സ്വന്തം പ്രശസ്തിക്കായി ഒളിംപിക് ലോഗോ ഉപയോഗിക്കാനാവില്ലെന്ന സാഹചര്യവും നിലവിലുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേരള മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുടെ ആശംസകളില്‍ അടക്കം ഈ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തിലെ കായിക മന്ത്രി ഇത്തരം കീഴ്വഴക്കങ്ങള് ഒന്നും അറിഞ്ഞ മട്ടില്ല.
അതേസമയം, ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നിയമ നടപടിയുള്‍പ്പെടെ നേരിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ നല്കുന്ന മുന്നറിയിപ്പ്. മന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും ഉപദേശകരും വിഷയം ശ്രദ്ധിക്കണമെന്നും വിദഗ്ദര്‍ പറയുന്നു.

ടോക്യോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട നേരത്തെയും കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന് അബദ്ധങ്ങളില്‍ ചാടിയിരുന്നു. ഇന്ത്യന്‍ പ്രതിനിധിയായി ജപ്പാനിലേക്ക് പോവും എന്നായിരുന്നു നേരത്തെ മന്ത്രി നടത്തിയ പ്രസ്താവന. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാണികളെയും ഓഫീഷ്യലുകളെയും ഉള്‍പ്പെടെ കുറച്ചു കൊണ്ടാണ് കായിക മേള സംഘടിപ്പിക്കുന്നത്. ഈ സാഹചര്യം പോലും മനസിലാക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
- TAGS:
- Olympics
- V Abdurahman