ഒറ്റദിവസം കൊണ്ട് കേരളം കുടിച്ചത് 64 കോടിയുടെ മദ്യം; മുന്നില്‍ പാലക്കാട്

51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ ആവേശത്തോടെ കേരളം കുടിച്ചുവറ്റിച്ചത് 64 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍. ഒറ്റ ദിവസത്തെ മദ്യവില്‍പ്പനയിലാണ് കേരളം വീണ്ടും റെക്കോര്‍ഡിടുന്നത്. ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം 54 കോടിയുടെ മദ്യവില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള വില്‍പ്പനയും കഴിഞ്ഞ ദിവസം തകൃതിയായി നടന്നെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

സാധാരണ ദിവസങ്ങളില്‍ ബീവറേജസ് ഔട്ടലെറ്റുകള്‍ വഴി ശരാശരി 45 മുതല്‍ 50 കോടി രൂപ വരെയുള്ള വിദേശമദ്യം വിറ്റുപോകാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഘോഷ വേളകളില്‍ ഇത് ഏകദേശം 70 കോടിവരെ പോകാറുണ്ട്. കണ്‍സ്യൂമര്‍ ഫെഡുകള്‍ വഴി ഏകദേശം 6 മുതല്‍ 7 കോടി വരെ രൂപയുടെ മദ്യമാണ് വില്‍പ്പന നടത്താറുള്ളത്. കഴിഞ്ഞ ദിവസം ബാറുകള്‍ വഴി നടന്ന വില്‍പ്പനയുടെ കണക്ക് ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട്ടിനോട് ചേര്‍ന്നുകിടക്കുന്ന പാലക്കാട് തേങ്കുറിശ്ശിയിലാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത്. 69 ലക്ഷം രൂപയുടെ വിദേശ മദ്യം തേങ്കുറിശ്ശിയില്‍ വിറ്റുപോയി. തിരുവനന്തപുരം പവര്‍ഹൗസ് റോഡില്‍ 66 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന ഇരിങ്ങാലക്കുടയില്‍ 65 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് പൊടിപൊടിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന കൂടുതലായി നടന്നത് ആലപ്പുഴയിലാണ്. 43.27 രൂപയുടെ മദ്യം ആലപ്പുഴയിലും 40.1 ലക്ഷം രൂപയുടെ മദ്യം കോഴിക്കോട് നിന്നും 40 ലക്ഷം രൂപയുടെ മദ്യം കൊയിലാണ്ടിയില്‍ നിന്നും വിറ്റുപോയി.

Covid 19 updates

Latest News