Top

കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ വിരമിച്ചു; പടിയിറക്കം കൊട്ടിഘോഷിക്കലുകളില്ലാതെ നിശബ്ദമായി

കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസറും ഡിജിപിയുമായ ആര്‍ ശ്രീലേഖ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇന്ന് വിരമിക്കും. ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ് കമാന്റന്റ് ജനറലായാണ് ആര്‍ ശ്രീലേഖ സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത്.

31 Dec 2020 8:29 AM GMT

കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ വിരമിച്ചു; പടിയിറക്കം കൊട്ടിഘോഷിക്കലുകളില്ലാതെ നിശബ്ദമായി
X

കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസറും ഡിജിപിയുമായ ആര്‍ ശ്രീലേഖ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇന്ന് വിരമിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ് കമാന്റന്റ് ജനറലായാണ് ആര്‍ ശ്രീലേഖ സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത്. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവര്‍. യാത്രായപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് ഇവര്‍ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കൊട്ടും ആരവവും ഒന്നും ഇല്ലാതെയാണ് പടിയിറക്കം.

സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആര്‍.ശ്രീലേഖ. 33 വര്‍ഷത്തെ സര്‍വ്വീസ് ജീവതത്തിനിടയില്‍ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികള്‍ വഹിച്ചു. പൊലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി.

ചേര്‍ത്തല എഎസ്പിയായാണ് തുടക്കം. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായി. സിബിഐയില്‍ അഞ്ചു വര്‍ഷം എസ്പിയായി പ്രവര്‍ത്തിച്ചു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളില്‍ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു. വിജിലന്‍സില്‍ മിന്നല്‍ പരിശോധനകള്‍ക്ക് തുടക്കമിടുന്നത് ആര്‍.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്.

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നല്‍കിയ ഓപ്പറേഷന്‍ അന്നപ്പൂര്‍ണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയില്‍മേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയില്‍ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിന്റെ ആദ്യ വനിത ഡിജിപിയുടെ പടിയിറക്കം. അതും നിശബ്ദമായി. പൊലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയപ്പു ചടങ്ങുകളും വേണ്ടെന്ന് രേഖാമൂലം അറിയിച്ചാണ് മടക്കം.

Next Story