'ചേച്ചി.. ഇവിടെ കിടക്കരുത് അപകടമാണ്'; കടലെടുത്ത വീട്ടില്‍ നിന്ന് ആളെ ഒഴിപ്പിച്ചത് നാലുദിവസം മുന്‍പ്, മുന്നറിയിപ്പുകള്‍ ബുദ്ധിമുട്ടിക്കാനാല്ലെന്ന് പൊലീസ്: വീഡിയോ
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്ന തീര മേഖലയായ കാര കടപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
17 May 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റിനിടെയുള്ള പൊലീസ് പ്രവര്‍ത്തനങ്ങളുടെ മികച്ച മാതൃക ചൂണ്ടിക്കാട്ടി കേരള പൊലീസ്. ന്യൂനമര്ദത്തോട് അനുബന്ധിച്ചുണ്ടായ കടലേറ്റത്തില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളാണ് വലിയ തോതില്‍ ബാധിക്കപ്പെട്ടത്.
നിരവധി വീടുകളുടെ കെട്ടിടങ്ങളും കടലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ ദിവസങ്ങളില്‍ തീരമേഖലയില്‍ നിന്ന് പുറത്തുവന്നു. എന്നാല്‍ ഈ അപകടങ്ങളില്‍ ആളപായമുണ്ടാകാതിരുന്നത് പൊലീസിന്റെയടക്കം സമയോചിതമായ ഇടപെടലിന്റെ ഭാഗമായിരുന്നു.
കേരള പൊലീസിന്റ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കോഴിക്കോട് നിന്നുള്ള ഒരു വീഡിയോ ഇതിന്റെ മികച്ച ഉദാഹരമാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്ന തീര മേഖലയായ കാര കടപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ വീട്ടില്‍ നിന്ന് മാറണമെന്ന് വീട്ടുകാരോട് നിര്‍ദേശിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. വീട്ടുകാര്‍ മടിച്ചുനില്‍ക്കുന്നതായി അനുഭവപ്പെടുന്നതോടെ ഉദ്യോഗസ്ഥര്‍ വാഹന സൗകര്യം അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്നും വാഗ്ദാനം ചെയ്യുന്നു. പിന്നീട് നാലുദിവസങ്ങള്ക്കുശേഷമുള്ള ദൃശ്യങ്ങളില്‍ കടലുകയറി പൂര്‍ണ്ണമായി നശിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്. വീട്ടില്‍ നിന്ന് പൊലീസ് നിര്‍ദേശ പ്രകാരം മാറിയതിനാല്‍ വലിയ ആളപായം ഒഴിവാകുകയും ചെയ്തു.
'ഞങ്ങളുടെ അഭ്യര്‍ത്ഥനകള്‍, നിര്‍ദേശങ്ങള്‍, നിങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. നിങ്ങളെ രക്ഷിക്കാനാണ് എന്ന അടിക്കുറിപ്പോടെയാണ്കേരള പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also Read: ശക്തമായ കടലാക്രമണം; ഇരുനില വീട് പൂര്‍ണമായും നിലം പൊത്തി
മുന്‍പ് ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തിയതിന്റെ ദൃശ്യങ്ങളും ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കിയിരുന്നു. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നതിനാലാണ് അവിടെയും അപകടം ഒഴിവാക്കാനായത്.
Also Read: ഇന്ന് രോഗമുക്തി 99651 പേര്‍ക്ക്; കൊവിഡ് ബാധ സ്ഥിരീകരിച്ചത് 21,402 പേരില്‍