Top

‘കഠിനമായ ജോലിക്കിടെ ഇനി മരുന്ന് വിതരണം കൂടി വയ്യ’; പൊലീസ് സേനയ്ക്കുള്ളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍

കൊവിഡ് വ്യാപന ഭീതിയ്ക്കിടയിലും അമിതമായി പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് മരുന്നുവിതരണം അധിക ബാധ്യതയാകുമെന്നതിനാലാണ് സേനയ്ക്കുള്ളില്‍ നിന്നും എതിര്‍പ്പുയരുന്നത്

7 May 2021 2:40 AM GMT

‘കഠിനമായ ജോലിക്കിടെ ഇനി മരുന്ന് വിതരണം കൂടി വയ്യ’; പൊലീസ് സേനയ്ക്കുള്ളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍
X

ലോക്ക്ഡൗണ്‍ കാലത്ത് പൊതുജനങ്ങള്‍ക്കായുള്ള അവശ്യമരുന്നുകള്‍ പൊലീസ് എത്തിച്ചുനല്‍കുമെന്ന ഡിജിപിയുടെ അറിയിപ്പിനെതിരെ പൊലീസ് സേനയ്ക്കുള്ളില്‍ നിന്നും തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍. കൊവിഡ് കാലത്തെ കഠിന ഡ്യൂട്ടിയ്ക്കിടെ ഇനി മരുന്ന് വിതരണത്തിനുകൂടി വയ്യെന്നാണ് പൊലീസുകാരുടെ പരാതി. കൊവിഡ് വ്യാപന ഭീതിയ്ക്കിടയിലും അമിതമായി പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് മരുന്നുവിതരണം അധിക ബാധ്യതയാകുമെന്നതിനാലാണ് സേനയ്ക്കുള്ളില്‍ നിന്നും എതിര്‍പ്പുയരുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വാരാന്ത്യ അവധിയും ലീവും അനുവദിക്കാതെ സേനാംഗങ്ങളെല്ലാം ഫീല്‍ഡിലുണ്ടായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ മരുന്ന് വിതരണത്തിനും കൂടി പൊലീസുകാര്‍ ഇറങ്ങേണ്ടിവരുന്നത് ജോലിഭാരം ഇരട്ടിപ്പിക്കുമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന ആശങ്കയും പൊലീസ് പങ്കുവെച്ചു.

ഇനിയും ഇളവുകള്‍ അനുവദിച്ചാല്‍ നിരത്തില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാകുമെന്നാണ് പൊലീസിന്റെ പക്ഷം. സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയും നിര്‍മ്മാണ മേഖലയ്ക്ക് ഇളവുകളും നല്‍കിയ ഉത്തരവ് അപ്രായോഗികമാണന്നും പൊലീസ് വിലയിരുത്തുന്നു.തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിക്കപ്പെടുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നും അതിനാല്‍ത്തന്നെ ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷം പൊലീസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

Next Story