പെഗാസസ്; വീണ്ടും ചര്‍ച്ചയായി ചെന്നിത്തലയുടേയും ജേക്കബ് തോമസിന്റേയും ഫോണ്‍ ചോര്‍ത്തല്‍; കേരളത്തിന് ശബ്ദമുയര്‍ത്താന്‍ ഭയമെന്ന് രൂക്ഷവിമര്‍ശനം
ഫോണ്‍ ചോര്‍ച്ചയെക്കുറിച്ച് സംസാരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.
21 July 2021 10:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയായി കേരളത്തിലെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം മുതല്‍ വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ജേക്കബ് തോമസ് ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ പരാതി ഉള്‍പ്പെടെയാണ് ചര്‍ച്ചയാകുന്നത്. കൂടാതെ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം ശിവശങ്കറിന്റെ ഫോണ്‍ ചോര്‍ന്നതായുള്ള ആരോപണവും ശ്രദ്ധ നേടുകയാണ്. പെഗാസസ് വിഷയത്തില്‍ പ്രതിഷേധമുണ്ടാകുമ്പോഴും കേരളത്തിലെ വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനമാണ് ഇപ്പോള്‍ രൂക്ഷവിമര്‍ശനം നേരിടുന്നത്. ഫോണ്‍ ചോര്‍ച്ചയെക്കുറിച്ച് സംസാരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.
ഫോണ്‍ ചോര്‍ത്തുന്നതായുള്ള പരാതി താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെങ്കിലും അങ്ങനെയൊരു സംഭവമേ നടക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ താന്‍ പരാതി രേഖാമൂലം അറിയിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ചെന്നിത്തല പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ വാടക വീട്ടിലായിരുന്നു ഫോണ്‍ ചോര്‍ത്താനുള്ള യന്ത്രം സ്ഥാപിച്ചിരുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അത് പൊലീസ് ഹെഡ് ക്വാട്ടേഴ്സിലേക്ക് മാറ്റി. ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം വലിയ രാഷ്ട്രീയ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യുഡിഎഫിനോ സാധിച്ചിരുന്നില്ല.
തന്റെ ഫോണ്‍ ചോര്‍ന്നതായി എം ശിവശങ്കര്‍ തന്നെ വാട്ടസ്ആപ്പ് ചാറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഈ തെളിവുകളില്പ്പോലും കോണ്‍ഗ്രസോ ബിജെപിയോ അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല. 2020 ഏപ്രില്‍ ഒന്നുമുതല്‍ 20 വരെയുള്ള സമയത്ത് തന്റെ ഫോണ്‍ രേഖകള്‍ വ്യാപകമായി ചോര്‍ന്നെന്നും ഇപ്പോഴും ഫോണ്‍ ചോര്ത്തലിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നുമായിരുന്നു ശിവശങ്കറിന്റെ സന്ദേശം.