Top

എംപിമാര്‍ വി.ഡി സതീശന് വേണ്ടി വാദിച്ചു, ചെന്നിത്തല മതിയെന്ന് ഉമ്മന്‍ ചാണ്ടി; ഹൈക്കമാന്‍ഡിന് മുന്നില്‍ നാടകങ്ങള്‍

വിഷയത്തില്‍ അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍

20 May 2021 3:26 AM GMT

എംപിമാര്‍ വി.ഡി സതീശന് വേണ്ടി വാദിച്ചു, ചെന്നിത്തല മതിയെന്ന് ഉമ്മന്‍ ചാണ്ടി; ഹൈക്കമാന്‍ഡിന് മുന്നില്‍ നാടകങ്ങള്‍
X

തിരുവനന്തപുരം: പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശനെ നിര്‍ദേശിച്ച് കോണ്‍ഗ്രസ് എംപിമാര്‍. മല്ലികാര്‍ജ്ജുന ഗാര്‍ഗേ, വി.വൈദ്യലിംഗം എന്നീ ഹൈക്കമാന്റ് പ്രതിനിധികള്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വിഭാഗം എം.എല്‍.എമാരും വിഡി സതീശനെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധികള്‍ എംഎല്‍എ മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഡി സതീശന് പിന്തുണയില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. സതീശനെ കൂടാതെ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് മാത്രമാണ് വിഡി സതീശന് വോട്ട് ചെയ്തതെന്നാണ് ആദ്യഘട്ടത്തിലെ സൂചന. 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും രമേശ് ചെന്നിത്തല തുടരാനാണ് താല്‍പര്യം അറിയിച്ചതെന്ന് പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള 12 പേര്‍ മാത്രമാണ് ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കിയതെന്നാണ് വിവരം.

നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കാമാന്റ് പ്രതിനിധികളെ ധരിപ്പിച്ചു. തര്‍ക്കം ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കും ഘടക കക്ഷികള്‍ക്കും പൊതുസമ്മതന്‍ എന്ന നിലയിലുമാണ് ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ പേര് മുന്നോട്ട് വച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി.ജോസഫ് ഉള്‍പ്പെടെ ആരെയും എ ഗ്രൂപ്പ് മുന്നോട്ട് വെച്ചില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എ ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാരാണ്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ 9 പ്രതിനിധികളുള്ള എ ഗ്രൂപ്പ് നേതാവാക്കാന്‍ ശ്രമിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഹൈക്കമാന്‍ഡിലേക്ക് പേര് എത്തിയില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തെ ചൊല്ലി പരസ്യ പോരിന് ഇത്തവണ കോണ്‍ഗ്രസ് നേതാക്കള്‍ മുതിര്‍ന്നേക്കില്ല. തമ്മില്‍ പോരടിച്ച് അണികളുടെ വിമര്‍ശനം ഏറ്റുവാങ്ങരുതെന്ന് ഹൈക്കമാന്റ് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്ന് എം.എല്‍.എമാര്‍ മല്ലികാര്‍ജ്ജുന ഗാര്‍ഗേ, വി.വൈദ്യലിംഗം എന്നിവരെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് വിഡി സതീശനെ കൊണ്ടുവരണമെന്ന് വ്യക്തമാക്കി അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടത്തുന്നുണ്ട്.

Next Story

Popular Stories