Top

വിഡിഎസ്; കോണ്‍ഗ്രസിന് ഇനി പ്രതീക്ഷയുടെ മൂന്നക്ഷരം; വരാനിരിക്കുന്നത് ക്രിയാത്മക പ്രതിപക്ഷ ഇടപെടലിന്റെ നാളുകള്‍

എല്‍ഡിഎഫിനെയോ പിണറായി വിജയനെയോ മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കകത്ത് നിന്നുയരുന്ന മുറുമുറുപ്പുകളെക്കൂടി വിഡി സതീശന് തുടക്കം മുതല്‍ എതിരിടേണ്ടി വരും.

22 May 2021 2:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഡിഎസ്; കോണ്‍ഗ്രസിന് ഇനി പ്രതീക്ഷയുടെ മൂന്നക്ഷരം; വരാനിരിക്കുന്നത് ക്രിയാത്മക പ്രതിപക്ഷ ഇടപെടലിന്റെ നാളുകള്‍
X

കോണ്‍ഗ്രസിന്റെ ബലഹീനതകളെക്കൂടി കൃത്യമായി മുതലെടുത്തുകൊണ്ടാണ് തുടര്‍ച്ചയായി രണ്ടാം തവണയും എല്‍ഡിഎഫ് പൊടിപാറുന്ന വിജയം കാഴ്ചവെച്ച് അധികാരത്തിലേറിയത്. ഭരണപക്ഷത്തിനുനേരെ കണ്ണുകൂര്‍പ്പിച്ചുവെച്ച് ആരോപണങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചിരുന്നെങ്കിലും അത് ഏറ്റെടുത്ത് സജീവ ചര്‍ച്ചകളില്‍ നിലനിര്‍ത്തിക്കൊണ്ട് ഇടപെടലുകള്‍ നടത്താന്‍ യുഡിഎഫ് സംവിധാനത്തിന് കഴിയാതാതെ പോയിരുന്നു. അതിനാലാണ് പ്രതിപക്ഷമെന്ന നിലയ്ക്കും യുഡിഎഫിന് അടിപതറിയത്. വ്യക്തിഹത്യയോളം എത്തിയ തീവ്രതയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഡി സതീശനെന്നയാള്‍ പ്രതിപക്ഷത്തെ നയിക്കണമെന്ന് ആവശ്യപ്പെട്ടത് തകര്‍ന്ന ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനാണ്. അതിനാല്‍ തന്നെ കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിച്ച വിഡി സതീശന്‍ എന്ന വിഡിഎസ് പാര്‍ട്ടിയെക്കുറിച്ചുള്ള പ്രവര്‍ത്തകരുടേയും യുവജന സംഘടനകളുടേയും പ്രതീക്ഷയുടെ മൂന്നക്ഷരങ്ങളാണ്.

തേച്ചുമിനുക്കിയ കൃത്യതയോടെ തെളിമയുള്ള ഭാഷയിലൂടെ കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാനുള്ള കഴിവാണ് സതീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷയുടെ കേന്ദ്രബിന്ദുവായി മാറാനുള്ള കാരണം. തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാനും അത് വിശ്വസനീയമായി അവതരിപ്പിക്കാനുമുള്ള കഴിവ് സതീശനെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കണമെന്നതാണ് പുതിയ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചുള്ള വെല്ലുവിളി. വിഡി സതീശന്റെ ജനകീയ മുഖം രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടയില്‍ കോണ്‍ഗ്രസിന് രക്ഷയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എല്‍ഡിഎഫിനെയോ പിണറായി വിജയനെയോ മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കകത്ത് നിന്നുയരുന്ന മുറുമുറുപ്പുകളെക്കൂടി വിഡി സതീശന് തുടക്കം മുതല്‍ എതിരിടേണ്ടി വരും. ഗ്രൂപ്പ് ആധിപത്യത്തിനെതിരായ കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന്റെ സൂചനയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ വിഡി സതീശന്റെ സ്ഥാനാരോഹണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ സംവാദാത്മകമായ അന്തരീക്ഷം ഉണ്ടാക്കി കാലഹരണപ്പെട്ട വിവേചന ചിന്തകളെ തൂത്തെറിഞ്ഞ് ജനാധിപത്യസ്വഭാവം പ്രദര്‍ശിപ്പിക്കാന്‍ നല്ല ഡിബേറ്റര്‍ കൂടിയായ വിഡി സതീശന് കഴിയുമെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയിലെ യുവജനസംഘടനകള്‍ ഉള്‍പ്പെടെ തലമുറ മാറുമ്പോള്‍ ഈ അമ്പത്തിയാറുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്ന യുവത്വം അതാണ്.

1996ല്‍ വടക്കന്‍ പറവൂരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിക്കൊണ്ടാണ് സതീശന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ പരാജയത്തിന്റെ മുന്നില്‍ പതറാതെ അഞ്ച് വര്‍ഷം കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നന്നായി നിലമൊരുക്കി. 2001 മുതല്‍ വിഡിയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധത്തില്‍ പറവൂരിലെ ജനങ്ങളുടെ വിശ്വാസത്തെ ഒപ്പം കൂട്ടിയ വിഡി തന്നെ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വത്തിലും ആ മികവ് കാണിക്കുമോ എന്നതാണ് വരുന്ന അഞ്ച് വര്‍ഷക്കാലം പരീക്ഷിക്കപ്പെടാന്‍ പോകുന്നത്.

പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം കൈയ്യാളിയതോടെയാണ് സതീശന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെയും പരിസ്ഥിതിസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളുടെ പേരിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടിയുള്ള ഇടപെടലുകളിലൂടെയും സതീശന്‍ തിളങ്ങി. നിലവില്‍ എഐസിസി സെക്രട്ടറിയും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്നു.

എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി വിലാസിനിയമ്മയുടേയും മകനായാണ് വിഡി സതീശന്റെ ജനനം. നിയമ ബിരുദധാരിയാണ്. പഠനകാലത്ത് തേവര സേക്രട്ട് ഹാര്‍ട്‌സ് കോളെജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലറായും എംജി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story