Top

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ; മാനദണ്ഡങ്ങൾ ലംഘിച്ചാൽ നടപടി

വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയിൽ, സ്വർണ്ണം, പാദരക്ഷ എന്നിവയുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും

29 May 2021 11:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ; മാനദണ്ഡങ്ങൾ ലംഘിച്ചാൽ നടപടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നാളെ മുതൽ. സമ്പൂർണ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പുതിയ ഇളവുകൾ അനുവദിച്ചിരിക്കുന്നുത്. അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താനാണ് പുതിയ ഇളവുളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയർ, കശുവണ്ടി മുതലായവ ഉൾപ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തിൽ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും.

വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങൾ/കടകൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5.00 മണിവരെ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീർഘിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയിൽ, സ്വർണ്ണം, പാദരക്ഷ എന്നിവയുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. കള്ളുഷാപ്പുകളിൽ കള്ള് പാഴ്സലായി നൽകാൻ അനുമതിയുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകണം പ്രവർത്തിക്കേണ്ടത്. പാഴ്വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകി അത് മാറ്റാൻ അനുവദിക്കും.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു

മലപ്പുറം ജില്ലയിൽ നിലനിന്നിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. തിങ്കളാഴ്ച്ച മുതൽ മറ്റ് ജില്ലകളിലെ പോലെ മലപ്പുറത്തും ലോക്ക്ഡൗൺ തുടരും. കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിന്ന സാഹര്യം കണക്കിലെടുത്തായിരുന്നു ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടർന്നിരുന്നത്. ടിപിആർ കുറഞ്ഞ പശ്ചാത്തലത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗൺ നിയമങ്ങളാവും.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽലായിരുന്നു ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന മലപ്പുറം ഒഴിച്ച് മറ്റ് ജില്ലകളിലെ അധിക നിയന്ത്രണങ്ങൾ ഒരാഴ്ച്ച മുമ്പ് തന്നെ പിൻവലിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ടിപിആർ നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് മലപ്പുറത്ത് തിങ്കളാഴ്ച്ച മുതൽ സാധാരണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്നാണ് നിർദ്ദേശം. ജില്ലയിൽ ഞായറാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്ന അധിക നിയന്ത്രണം അതുപോലെ തന്നെ തുടരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ ഞായറാഴ്ച്ച അടഞ്ഞ് കിടക്കും.

Next Story