
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പിൽ പങ്കെടുക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയതെന്ന് ഉച്ച വരെയുള്ള കണക്കുകൾ. കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഈ വോട്ടെടുപ്പിൽ ജനങ്ങൾ പങ്കെടുക്കുമോ എന്ന സംശയമാണ് ഇതോടെ അസ്ഥാനത്തായിരിക്കുന്നത്.
അഞ്ച് ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 ഡിവിഷനുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രദേശങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന പോളിംഗ് കണക്കുകൾ വളരെ ഉയർന്നതാണ്.
തിരുവനന്തപുരത്ത് 58 ശതമാനം പോളിംഗ് നടന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊല്ലത്ത് പോളിംഗ് 62.06 ശതമാനവും, പത്തനംതിട്ടയിൽ 60.98 ശതമാനവുമാണ് പോളിംഗ് . ആലപ്പുഴയിൽ 64.79 ശതമാനം പോളിംഗ് നടന്നപ്പോൾ ഇടുക്കിയിൽ 63.35 ശതമാനമാണ് പോളിംഗ് ഉണ്ടായിട്ടുള്ളത്.
കോർപ്പറേഷൻ തിരിച്ചുള്ള പോളിംഗ് കണക്കുകൾ എടുത്താൽ തിരുവനന്തപുരത്ത് 48.99 ശതമാനം പോളിംഗ് നടന്നപ്പോൾ, കൊല്ലത്ത് 52.71 ശതമാനമാണ് പോളിംഗ് ഉണ്ടായിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പങ്കെടുക്കുന്നത്. കാല്‍ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതലാരംഭിച്ച പോളിംഗ് അവസാനിക്കുന്നത് വൈകിട്ട് ആറുമണിയോടെ ആണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വോട്ടിംഗ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.