‘കേരളം നിക്ഷേപസൗഹൃദം, ഒരു പ്രയാസവും നേരിട്ടിട്ടില്ല’; ഫിക്കി യോഗത്തില്‍ വ്യവസായപ്രമുഖര്‍
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും വ്യവസായികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും ഫിക്കി കേരള ഘടകത്തിന്റെ യോഗത്തില്‍ പ്രമുഖ വ്യവസായികള്‍. വ്യവസായ മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉണ്ടായതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിക്ഷേപത്തിന് അനുകൂലമായ നിരവധി സാഹചര്യങ്ങളുള്ള സംസ്ഥനമാണ് കേരളമെന്ന് ഫിക്കി കേരള കോ ചെയര്മാന് ദീപക് അശ്വിനി പറഞ്ഞു. നൈപുണ്യ മികവുള്ള തൊഴിലാളികള്‍, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ ഏറെ […]
13 July 2021 5:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും വ്യവസായികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും ഫിക്കി കേരള ഘടകത്തിന്റെ യോഗത്തില്‍ പ്രമുഖ വ്യവസായികള്‍. വ്യവസായ മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉണ്ടായതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നിക്ഷേപത്തിന് അനുകൂലമായ നിരവധി സാഹചര്യങ്ങളുള്ള സംസ്ഥനമാണ് കേരളമെന്ന് ഫിക്കി കേരള കോ ചെയര്മാന് ദീപക് അശ്വിനി പറഞ്ഞു. നൈപുണ്യ മികവുള്ള തൊഴിലാളികള്‍, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. ഐടി, ഭക്ഷ്യ, കാര്ഷികോല്പന്ന വ്യവസായം, പ്ലന്റേഷന്‍, എംഎസ്എംഇ വ്യവസായമേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികള്‍ ഏക ജാലക സംവിധാനത്തിലൂടെ നല്കുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങള്‍ എളുപ്പമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് പൂര്‍ണമായും സഹകരിക്കുമെന്നും ദീപക് വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി എസ് പട്ടാഭിരാമന് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണമാണ് ലഭിക്കുന്നതെന്നും പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യും. തര്‍ക്ക പരിഹാരത്തിനായി ഏര്‍പ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. വ്യാവസായിക ആവശ്യത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും. ഇതിന്റെ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളില്‍ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനത്തിന് രൂപം നല്‍കും.വ്യവസായ പ്രോത്സാഹനത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തുന്ന കാര്യം തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യും. സ്ഥാപന പരിശോധനക്ക് വേണ്ടിയുള്ള പരാതികളില്‍ കഴമ്പുണ്ട് എന്ന് വകുപ്പ് ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ പരിശോധനക്ക് അനുമതി നല്‍കൂ. കാലഹരണപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തും. നിക്ഷേപകരുടെയും വ്യവസായികളുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു ഏതു മാറ്റങ്ങള്‍ക്കും സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈനായി നടന്ന സംവാദ പരിപാടിയില്‍ ഫിക്കി അംഗങ്ങളും വിവിധ ചേംബര്‍ ഓഫ് കൊമേഴ്സ്, സംഘടനാ ഭാരവാഹികളും നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വ്യവസായ വികസന മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുക, തര്‍ക്ക പരിഹാര മേല്‍നോട്ടത്തിന് നോഡല്‍ ഓഫീസറെ നിയമിക്കുക, വിലനിര്‍ണയ അതോറിറ്റി രൂപീകരിക്കുക, തദ്ദേശ സ്ഥാപന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയുണ്ടാകുമെന്ന് ഫിക്കി ഉറപ്പു നല്കി.