Top

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച നടപടിയെ പ്രശംസിച്ച് ഹൈക്കോടതി; അവശ്യസേവന പരിധിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനകളുടെ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്

4 May 2021 2:58 AM GMT

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച നടപടിയെ പ്രശംസിച്ച് ഹൈക്കോടതി; അവശ്യസേവന പരിധിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം
X

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധനാനിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടക്കം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു പ്രശംസ.

ഹര്‍ജികള്‍ പരിഗണിക്കവെ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. ടെസ്റ്റുകള്‍ ആവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനകളുടെ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ക്ക് വിപണിയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം.

എന്നാല്‍ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയുണ്ടാകുന്നത്.

സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചു. കൊവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നല്‍കേണ്ടിവരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിവിധ പേരുകളിലാണ് ആശുപത്രികള്‍ ഇത്തരത്തില്‍ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും നിരീക്ഷിച്ച കോടതി പത്ത് പേരുള്ള വാര്‍ഡില്‍ ഓരോ രോഗിയില്‍ നിന്നും പിപിഇ കിറ്റിന് പണം ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി.

Also Read: കൊവിഡ് വ്യാപനം; സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകും

Next Story