Top

‘സ്ത്രീധന നിരോധനനിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല?’; സര്‍ക്കാരിനോട് ഹൈക്കോടതി

നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

9 July 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്ത്രീധന നിരോധനനിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല?’; സര്‍ക്കാരിനോട് ഹൈക്കോടതി
X

സ്ത്രീധന നിരോധനനിയമം എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കാത്തതെന്ന ചോദ്യവുമായി കേരള ഹൈക്കോടതി. വിഷയത്തിലെ ഹര്‍ജി പരിശോധിച്ചശേഷം ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടുകയായിരുന്നു. നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ പൊതുതാല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിശോധിച്ചത്. സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ നിയമനം നടപ്പിലാക്കാത്തതെന്താണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് ആരാഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ ഇന്ദിരാ രാജനാണ് സ്ത്രീധനനിരോധന നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിസ്മയ കേസടക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ സ്ത്രീധനത്തിന്റെ പേരില്‍ നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി.

സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ നിയമനം, ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം, വിവാഹസമയത്തോ വിവാഹത്തോട് അനുബന്ധിച്ചോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രം വിവാഹ രജിസ്‌ട്രേഷന്‍ നടത്താനുള്ള സംവിധാനം മുതലായവയാണ് പ്രധാനമായും പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Next Story