ഇതര സംസ്ഥാനലോട്ടറി വില്‍പ്പന വേണ്ട; സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറിചട്ടഭേദഗതി നിയമാനുസൃതമാണെന്ന് അംഗീകരിച്ച കോടതി പക്ഷേ ഇതരസംസ്ഥാന ലോട്ടറിയുടെ പൂര്ണ്ണനടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം 4(4) നിയമപരമല്ലെന്നും നിരീക്ഷിച്ചു.

സംസ്ഥാനത്ത് ഇതരസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി. ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇതരസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സാന്റിയാഗോ മാര്ട്ടിന് ഡയറക്ടറായ പാലക്കാട് ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സ് കമ്പനിയ്ക്ക് ഇതരസംസ്ഥാന ലോട്ടറി വില്‍പ്പനാനുമതി നല്കിയ സിംഗിള്‍ ബൈഞ്ച് ഉത്തരവാണ് ഇന്ന് കോടതി റദ്ദാക്കിയത്.
സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറിചട്ടഭേദഗതി നിയമാനുസൃതമാണെന്ന് അംഗീകരിച്ച കോടതി പക്ഷേ ഇതരസംസ്ഥാന ലോട്ടറിയുടെ പൂര്ണ്ണനടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം 4(4) നിയമപരമല്ലെന്നും നിരീക്ഷിച്ചു. നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള സംസ്ഥാനസര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ചട്ടഭേദഗതിയെന്ന് മുന്‍പ് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശവും ഹൈക്കോടതി റദ്ദാക്കി.
സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി നികുതി വെട്ടിച്ച് ലോട്ടറി വില്‍പ്പന നടത്തിയെന്നും ഫലപ്രഖ്യാപനത്തില്‍ തിരിമറി നടത്തിയെന്നും ആരോപിച്ചാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് സംസ്ഥാനസര്‍ക്കാര്‍ ഇതരസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ക്ക് കനത്ത തിരിച്ചടിയാണ്.
ജസ്റ്റിസുമാരായ എസ്വി ഭട്ടി, ബച്ചു കുര്യന് തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനായ പല്ലവ് ഷിഷോഡിയ, നികുതി വകുപ്പ് സ്പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സിഇ ഉണ്ണികൃഷ്ണന് എന്നിവരാണ് ഹാജരായത്.