Top

കുറ്റം ചെയ്‌തോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രം ആരെയും ശിക്ഷിക്കാനാകില്ല: ഹൈക്കോടതി

പ്രതികള്‍ കുറ്റംസമ്മതിച്ചു എന്നത് കണ്ടെത്താന്‍ വിചാരണ കോടതി സ്വീകരിച്ച നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയ്ക്ക് മുന്നില്‍ ഹര്‍ജി എത്തിയിരുന്നത്.

13 Jun 2021 3:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റം ചെയ്‌തോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രം ആരെയും ശിക്ഷിക്കാനാകില്ല: ഹൈക്കോടതി
X

കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഒറ്റ വാക്കില്‍ സമ്മതിച്ചു എന്ന കാരണത്താല്‍ മാത്രം ഒരാളേയും ശിക്ഷിക്കരുതെന്ന സുപ്രധാന നിര്‍ദ്ദേശവുമായി കേരള ഹൈക്കോടതി. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ഉത്തരം പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരാളേയും കുറ്റക്കാരനായി പരിഗണിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചു എന്ന് കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറം ആനക്കയം സ്വദേശി റസീന്‍ ബാബുവിന് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

പ്രതികള്‍ കുറ്റംസമ്മതിച്ചു എന്നത് കണ്ടെത്താന്‍ വിചാരണ കോടതി സ്വീകരിച്ച നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയ്ക്ക് മുന്നില്‍ ഹര്‍ജി എത്തിയിരുന്നത്. കേസ് 2017 ല്‍ കോടതിയുടെ പരിഗണനയിലെത്തുമ്പോള്‍ കുറ്റം ചെയ്തിരുന്നില്ലെന്നാണ് പ്രതി പറഞ്ഞിരുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് വിജി അരുണാണ് വാദം കേട്ടത്.

പ്രതി കുറ്റം സമ്മതിച്ചതായി കണക്കാക്കാനുള്ള ഏഴ് നിര്‍ദ്ദേശങ്ങളും കോടതി വിശദീകരിച്ചു. കുറ്റാരോപിതനെതിരായ കുറ്റങ്ങള്‍ വ്യക്തമാക്കി മജിസ്‌ട്രേറ്റ് കുറ്റങ്ങള്‍ ചുമത്തണം, അവ കുറ്റാരോപിതനെ വായിച്ചുകേള്‍പ്പിച്ച് വിശദീകരിക്കണം, അതിന് ശേഷം ഈ കുറ്റങ്ങള്‍ ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്ന് ചോദിക്കണം, കുറ്റത്തിന്റെ ഗൗരവം മനസിലാക്കി പ്രതി കുറ്റം സമ്മതിക്കുന്നതായിരിക്കണം കുറ്റപത്രം, കുറ്റസമ്മതം പരമാവധി പ്രതിയുടെ വാക്കുകളില്‍ തന്നെ രേഖപ്പെടുത്തണം, ഈ നടപടിക്രമങ്ങള്‍ പാലിച്ചോയെന്ന് മജിസ്‌ട്രേറ്റ് വിവേചന ബുദ്ധിയോടെ തീരുമാനിക്കണം, കുറ്റസമ്മതം സ്വീകരിച്ചാല്‍ മാത്രമേ പ്രതിയെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാവൂ എന്നിങ്ങനെയുള്ള ഏഴിന മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്.

Next Story