കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന് എല്‍സ; ലോഗോ പ്രകാശനം നിര്‍വഹിച്ച് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കുഷ്ഠരോഗ നിര്‍മാര്‍ജ്ജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് എല്‍സ (ELSA: Eradication of Leprosy Through Self Reporting and Awareness) എന്ന പേരില്‍ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതിക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. വിവര സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുഷ്ഠരോഗത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ സമൂഹത്തില്‍ എത്തിക്കുവാനും അതിലൂടെ പ്രാരംഭത്തിലേ രോഗനിര്‍ണയം നടത്തുവാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും ഉള്ള പദ്ധതിയാണിത്.

ഇതിലൂടെ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം ബോദ്ധ്യപ്പെടുകയും ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അടുത്തുള്ള ആശുപത്രി എന്നിവ വഴിയോ ഈ പദ്ധതിയുടെ സഹായം തേടാനുമാകും. ഇതിന്റെ മറ്റൊരു സവിശേഷത ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോം വഴി ത്വക്ക്, രോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും സാധിക്കുമെന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ കുഷ്ഠ രോഗത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതള്‍ സമൂഹത്തില്‍ എത്തിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജനുവരി 30 മുതല്‍ രണ്ടാഴ്ചക്കാലം കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണമായി ആചരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട് മന്ത്രി പറയുന്നു.

എന്നാല്‍ കുഷ്ഠരോഗത്തെക്കുറിച്ച് ഭൂരിപക്ഷം സാധാരണക്കാരുടെയും ധാരണ കുഷ്ഠരോഗി എന്നാല്‍ കൈകാലുകളില്‍ വ്രണങ്ങളോടുകൂടിയ വികൃതനായ മനുഷ്യനാണെന്നാണ്. ഈ ധാരണകൊണ്ടുതന്നെ രോഗത്തോടുള്ള അറപ്പും വെറുപ്പും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തൊലിപ്പുറത്തുണ്ടാകുന്ന നിറ വ്യത്യാസങ്ങളെയും, സ്പര്‍ശനശേഷി കുറഞ്ഞ പാടുകളെയും, ഉപരിതല ഞരമ്പുകളുടെ വേദനയെയും കുഷ്ഠരോഗത്തോടു ചേര്‍ത്ത് ചിന്തിക്കുവാനോ, പരിശോധനയ്ക്ക് വിധേയനാകാനോ അവര്‍ തയ്യാറാകുന്നില്ല.

ഇപ്രകാരമുള്ള പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗപകര്‍ച്ചാ സാധ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം രോഗിയെ വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുഷ്ഠ രോഗത്തെക്കുറിച്ചുള്ള ഈ അജ്ഞത സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളിലും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. കുഷ്ഠരോഗത്തെക്കുറിച്ച് തികച്ചും യാഥാസ്ഥിതിക മനോഭാവം വച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ കാര്യക്ഷമമായ ഒരു ഇടപെടല്‍ നടത്തുന്നതിന് എല്‍സ സഹായിക്കുന്നതാണ്.

എല്‍സയുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ആര്‍. വിദ്യ എന്നിവര്‍ പങ്കെടുത്തു.

Latest News