Top

വാളയാര്‍ കുടുംബത്തിന് സര്‍ക്കാരിന്റെ കത്ത്: സര്‍ക്കാര്‍ ജനപിന്തുണ കണ്ട് ഭയക്കുന്നു, വാളയാര്‍ കുടുംബം

കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കുന്നു.

31 Oct 2020 12:09 AM GMT

വാളയാര്‍ കുടുംബത്തിന് സര്‍ക്കാരിന്റെ കത്ത്: സര്‍ക്കാര്‍ ജനപിന്തുണ കണ്ട് ഭയക്കുന്നു, വാളയാര്‍ കുടുംബം
X

വാളയാര്‍ കുടുംബത്തിന് കത്തയച്ച് ആഭ്യന്തര വകുപ്പ്. കത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ ആണ് പ്രധാനമായും സൂചിപ്പിക്കുന്നത്. കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കുന്നു.

എന്നാല്‍ ഒരു വര്‍ഷം മുന്‍പത്തെ കത്തിനുള്ള മറുപടിയാണ് ഇതെന്നും ഈ വിഷയത്തിലെ ജനപിന്തുണ കണ്ട് ഭയന്നിട്ടാണ് സര്‍ക്കാരിന്റെ ഈ കത്തെന്നും വാളയാര്‍ സഹോദരിമാരുടെ കുടുംബം ആരോപിക്കുന്നു .

ഈ കേസില്‍ തുടരന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇന്ന് കുടുംബം ഏഴാംദിവസത്തെ നിരാഹാര സത്യാഗ്രഹ സമരം അവസാനിപ്പിക്കാനിരിക്കെ ആണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ നടപടി .

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും അട്ടപ്പളത്തെ വീട്ടില്‍ എത്തിയിരുന്നു. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിന് ഇപ്പുറവും നീതി നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേദിച്ച് വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 25 നാണ് കുടുംബം അട്ടപ്പളത്തെ വീടിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും ഏഴു ദിവസം ആണ് സത്യാഗ്രഹം ഇരുന്നത്.

ഒരു വര്‍ഷം മുന്നേ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ചെയ്തു കാണിക്കട്ടെ എന്ന് കുടുംബം ആവശ്യപ്പെടുന്നു. ഹത്രാസും വാളയാറും തമ്മില്‍ അധിക ദൂരം ഇല്ലെന്നാണ്് വന്നു പോയ കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. കേസില്‍ സിബിഐ അന്വേഷണം വേണം എന്നാണ് ബിജെപി പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിനിടയില്‍ കേസില്‍ സംഭവിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച്ച ആണെന്ന മുഖ്യമന്ത്രിയുടെ വാദത്തിനു തൊട്ട് പിന്നാലെ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും എതിരെ നിശിതമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Next Story