‘വായ്പ പരിധിയിലെ കേന്ദ്ര നിലപാട് ഫെഡറലിസത്തിന് യോജിക്കാത്തത്’; വിമര്‍ശിച്ച് ഗവര്‍ണര്‍
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക എന്നത് വെല്ലുവിളിയായെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
28 May 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നയപ്രഖ്യാപനത്തിനിടെ കേന്ദ്രസര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തിയത് ഫെഡറലിസത്തിനത്തിന് ചേരാത്ത തീരുമാനമാണെന്നായിരുന്നു ഗവര്‍ണരുടെ വിമര്‍ശനം. കൊവിഡ് മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അപ്പോള്‍ അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രം കേട്ടില്ല. സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും ഗവര്‍ണ്ണര്‍ വിമര്‍ശിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക എന്നത് വെല്ലുവിളിയായെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍,
കൊവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി, കൊവിഡ് മരണ നിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു, 400 കോടി ചിലവ് വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്കി, ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1000 കോടി രൂപ മാറ്റി വെച്ചു, കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ നല്കി, പെന്ഷന് ഉള്‍പ്പെടെയുള്ള കുടിശ്ശിക തീര്‍പ്പാക്കാനായി 14000 കോടി രൂപ മാറ്റി വെച്ചുവെന്ന് സര്‍ക്കാര്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്സിന് എല്ലാവര്ക്കും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും, കര്‍ഷകര്‍ക്കുള്ള വെറ്റിനറി സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും, യുവസംരഭകരെയും സേവനദാദാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പ്പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിക്കും.
സ്കൂളുകളും കോളേജുകളും ലഹരിമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ 5741 ആന്റി ഡ്രഗ് ക്ലബുകള്‍ കോളേജുകളിലും സ്കൂളുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ എല്ലാ സ്വകാര്യ-പൊതു മേഖല സ്കൂളുകളിലേക്കും വ്യാപിപ്പിക്കും, ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് കേരളയെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്റ് ടെക്നോളജിയാക്കി മാറ്റും, ഇലക്ട്രോണിക് പ്രോസസിംഗ് സംവിധാനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വ്യാപിപ്പിക്കും, കേരള കള്‍ച്ചര്‍ മ്യൂസിയം സ്ഥാപിക്കും, പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈഡ് മില്ലുകള്‍ സ്ഥാപിക്കും, സാംസ്കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാംസ്കാരിക കേന്ദ്രങ്ങള്‍ ഒരുക്കും.