Top

കൊവിഡ് കിടക്കകള്‍ 486 -ല്‍ നിന്ന് 1400-ലേക്ക് ഉയര്‍ത്തും; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി

ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാന്‍ തീരുമാനമായെന്നും ആരോഗ്യമന്ത്രി പറയുന്നു

25 April 2021 5:17 AM GMT

കൊവിഡ് കിടക്കകള്‍ 486 -ല്‍ നിന്ന് 1400-ലേക്ക് ഉയര്‍ത്തും; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി
X

കൊവിഡ് രോഗികളുടെ എണ്ണം വര്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കൊവിഡ് ചികിത്സയ്ക്കായി വിപുലീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കിടക്കകളുടെ എണ്ണം 486-ല്‍ നിന്ന് 1400 -ലേക്ക് വര്‍ധിപ്പിക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്എടി ആശുപത്രിയില്‍ 300 കിടക്കകളും എന്ന രീതിയിലായിരിക്കും സജ്ജീകരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐസിയു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കും, അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും. കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കും. കൊവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളിലേക്ക് മാറ്റും.

പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍എച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടക്കുന്നതാണ്. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാന്‍ തീരുമാനമായെന്നും ആരോഗ്യമന്ത്രി പറയുന്നു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്ക്…

Posted by K K Shailaja Teacher on Sunday, 25 April 2021

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഇരുപത്തി അയ്യായിരമാണ്. കഴിഞ്ഞ ദിവസം 26,685 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായത്. 25 പേരുടെ മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,31,155 സാമ്പിളുകളാണ്. നിലവില്‍ 1,98,576 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നുമാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍.

കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപന തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതായും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ ആശുപത്രികളും കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം, മൊത്തം കിടക്കകളുടെ 25 ശതമാനം ഈ ഘട്ടത്തില്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണം എന്നടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും 40-50 ശതമാനം വരെ കിടക്കകള്‍ ഇപ്പോള്‍ തന്നെ മാറ്റി വെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: ‘പ്രാണവായുവിനായി പിടയുന്ന നാവറുക്കാനല്ല ശ്രമിക്കേണ്ടത്; ഓക്‌സിജനും വാക്‌സിനും ലഭിക്കാന്‍ പണിയെടുക്കണം സര്‍’ ; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഎ റഹീം

Next Story