Top

കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന ഇടത് സമീപനം തുടരും; ദുരന്തങ്ങളില്‍ മാറി നില്‍ക്കില്ലെന്ന് ധനമന്ത്രി

ഒന്നാം പിണറായി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെയായിരിക്കും പുതിയ സര്‍ക്കാരും തുടരുകയെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക മാന്ദ്യവും പ്രകൃതി ദുരന്തവും വരുമ്പോള്‍ വേണമെങ്കില്‍ സര്‍ക്കാറിന് ചെലവ് ചുരുക്കി മാറിനില്‍ക്കാം. എന്നാല്‍ അത്തരം നടപടികള്‍ ഇടതുപക്ഷത്തിന്റെ സമീപനമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുക എന്നതാണ് സര്‍ക്കാറിന്റെ സമീപനം. ഇതിനായി കടമെടുക്കേണ്ടിവന്നാലും കടമയില്‍ നിന്നും പിന്നോട്ട് പോവില്ലെന്നും […]

4 Jun 2021 1:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന ഇടത് സമീപനം തുടരും; ദുരന്തങ്ങളില്‍ മാറി നില്‍ക്കില്ലെന്ന് ധനമന്ത്രി
X

ഒന്നാം പിണറായി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെയായിരിക്കും പുതിയ സര്‍ക്കാരും തുടരുകയെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സാമ്പത്തിക മാന്ദ്യവും പ്രകൃതി ദുരന്തവും വരുമ്പോള്‍ വേണമെങ്കില്‍ സര്‍ക്കാറിന് ചെലവ് ചുരുക്കി മാറിനില്‍ക്കാം. എന്നാല്‍ അത്തരം നടപടികള്‍ ഇടതുപക്ഷത്തിന്റെ സമീപനമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുക എന്നതാണ് സര്‍ക്കാറിന്റെ സമീപനം. ഇതിനായി കടമെടുക്കേണ്ടിവന്നാലും കടമയില്‍ നിന്നും പിന്നോട്ട് പോവില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സര്‍ക്കാറിന്റെ ധനസ്ഥിതി അത്ര സുഖകരമായ അവസ്ഥയിലല്ല എന്ന് ചൂണ്ടിക്കാട്ടുകയാണ് ധനമന്ത്രി. സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചാ നിരക്കുകള്‍ സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് മാറി. എന്നാല്‍ ചെലവുകള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലെങ്കിലും നികുതി- നികുതിയേതര വരുമാനം കൂട്ടാതെ അധിക കാലം പിടിച്ച് നില്‍ക്കാനാവില്ലെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍, വരുമാനം വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും. ഇതിനായി നടപടികള്‍ ആരംഭിച്ചതായും ധനമന്ത്രി വ്യക്തമാക്കുന്നു.

സര്‍ക്കാറിന് കൊടുക്കാനുള്ള നികുതി എല്ലാവരും നല്‍കാന്‍ തുടങ്ങിയാല്‍ നിലവിലെ ധനകാര്യ പ്രശ്‌നത്തില്‍ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. പ്രതിസന്ധി ഘട്ടങ്ങളിലെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവനകള്‍ ഉള്‍പ്പെടെ കാണിച്ചു തന്നത്. ഇതോ പോലെ തന്നെ നികുതി കൃത്യമായി അടയ്ക്കുന്നതിലും ജനങ്ങള്‍ ഉത്സാഹം കാണിക്കുമെന്നും ബജറ്റ് പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാല്‍ വ്യാപാരികളെയും വ്യവസായികളെയും സമ്മര്‍ദ്ദത്തിലാക്കികൊണ്ടുള്ള നികുതി പിരിവ് കേരളത്തില്‍ ആവശ്യമില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണംകണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന സൂചനയും ധനമന്ത്രി മുന്നോട്ട് വയ്ക്കുന്നു.

ആരോഗ്യം-വികസന ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ളതായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആദ്യ ബജറ്റ്. സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതികള്‍ക്കുമാണ് ബജറ്റില്‍ പ്രാധാന്യം.

Next Story