Top

സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി

സ്വർണക്കടത്ത് കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദലി ഭീകര സ്വഭാവമുള്ള കേസിലുൾപ്പെട്ടിരുന്ന ആളാണെന്ന് എൻഐഎ . പ്രതികൾ തുടർന്നും വൻ സ്വർണ കള്ളക്കടത്ത് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും എൻഐഎ ആരോപിക്കുന്നു. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തൃപ്തികരം എന്ന് കോടതി നിരീക്ഷിച്ചു.

12 Oct 2020 4:26 AM GMT

സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി
X

സ്വർണക്കടത്ത് കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദലി ഭീകര സ്വഭാവമുള്ള കേസിലുൾപ്പെട്ടിരുന്ന ആളാണെന്ന് എൻഐഎ . പ്രതികൾ തുടർന്നും വൻ സ്വർണ കള്ളക്കടത്ത് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും എൻഐഎ ആരോപിക്കുന്നു. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തൃപ്തികരം എന്ന് കോടതി നിരീക്ഷിച്ചു.

സ്വർണക്കടത്ത് കേസിൽ 6 വോളിയം ഉള്ള കേസ്ഡയറി പരിശോധിച്ച കൊച്ചി എൻഐഎ കോടതി അന്വേഷണം തൃപ്തികരമാണെന്ന് വ്യക്തമാക്കി. സ്വർണക്കടത്തിന് ഭീകരവാദ ബന്ധങ്ങളുണ്ടെന്ന് ഇന്നും ആവർത്തിച്ച എൻഐഎ, കേസിലെ 12-ാം പ്രതി മുഹമ്മദലിക്ക് ഐഎസ് സംഘടനകളുമായി അടുപ്പം ഉണ്ടെന്നും വാദിച്ചു. സരിത്ത് ഉൾപ്പെടെയുള്ള പ്രതികൾ തുടർന്നും വലിയ തോതിൽ സ്വർണ കള്ളക്കടത്തുകൾക്ക് ആസൂത്രണം നടത്തിയിരുന്നു. ഇതിനായി സരിത്ത് രേഖകൾ തയ്യാറാക്കിയിരുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നും എൻഐഎ കോടതിയെ അറിയിച്ചു.

കസ്റ്റംസിൻ്റെ കയ്യിലുള്ള തെളിവുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അത് ലഭ്യമാകുന്നതിന് ഇനിയും സമയം എടുക്കുമെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വപ്ന ഉൾപ്പെടെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച്ച പരിഗണിക്കും. രണ്ട് മുതൽ 15 വരെയുള്ള പ്രതികളുടെ റിമാൻ്റ് 90ൽ നിന്ന് 180 ദിവസം വരെ നീട്ടാനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചു.

അബ്ദു പിടി, ഷറഫുദീൻ കെടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെ കോടതി രണ്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. സന്ദീപിൻ്റെ രഹസ്യമൊഴിയും, ബുധനാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ച അഞ്ചു പ്രതികൾ നൽകുന്ന കൂടുതൽ വിവരങ്ങളും കോടതി പരിശോധിക്കും. തുടർന്ന് വ്യാഴാഴ്ചയാണ് ജാമ്യാപേക്ഷയിലെയും, റിമാൻ്റ് നീട്ടുന്നതിലെയും ഉത്തരവ് ഉണ്ടാകുക. സന്ദീപിൻ്റെ രഹസ്യമൊഴിയും കോടതി പരിശോധിച്ച് വരികയാണ്.

Next Story