Top

കാട്ടുതീ മൂലമുള്ള വനനശീകരണത്തില്‍ 40 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്

ഡിസംബര്‍ 1 മുതല്‍ മെയ് 31 വരെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

14 Jun 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടുതീ മൂലമുള്ള വനനശീകരണത്തില്‍ 40 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്
X

കേരളത്തില്‍ മരംമുറി വിവാദം കനക്കുമ്പോഴും കാട്ടുതീ മൂലമുള്ള വനനശീകരണത്തില്‍ മുന്‍ വേനല്‍ക്കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ 40 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോര്‍ട്ട്. കാട്ടുതീ വ്യാപനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിശകലനം ചെയ്ത് വനംവകുപ്പ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് 716.64 ഹെക്ടര്‍ വനഭൂമിയാണ് കത്തിയമര്‍ന്നതെങ്കില്‍ ഇത്തവണ അത് 448.41 ഹെക്ടറായി ചുരുങ്ങിയെന്നാണ് വനംവകുപ്പിന്റെ പക്കലുള്ള വിവരം. കാട്ടുതീ പടര്‍ന്നതായുള്ള 166 സംഭവങ്ങളാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്‌തെന്നും വനംവകുപ്പ് പറയുന്നു.

ഡിസംബര്‍ 1 മുതല്‍ മെയ് 31 വരെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് അലേര്‍ട്ട് സിസ്റ്റത്തിന്റെ പക്കല്‍ നിന്നും 508 സാറ്റ്്‌ലൈറ്റ്് ഫയര്‍ അലേര്‍ട്ടുകള്‍ സംസ്ഥാനത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബീറ്റ് ഓഫീസര്‍മാരെ നിയമിച്ചതും അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും കാട്ടുതീ കുറയാന്‍ സഹായിച്ചുവെന്നാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാധാകൃഷ്ണന്‍ എസ്ആറിന്റെ വിലയിരുത്തല്‍.

അതേസമയം രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ മരം മുറി വിവാദത്തെ കരുതലോടെ നേരിടാന്‍ ഇടത് പക്ഷം ഒരുങ്ങുകയാണ്. മരംമുറി വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന പരാതിയുമായിട്ടാണ് സിപിഐ ഇടതുമുന്നണി നേതൃത്വത്തെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിഷയത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ നീക്കം തുടങ്ങുന്നത്. വിവാദം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാതിരിക്കുന്നതിന് ഒപ്പം പ്രതിപക്ഷത്തിന് ആയുധമാകുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും നിര്‍ദേശം. മരം മുറി വിവാദത്തില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സിപിഐഎം മൗനം പാലിച്ചതിലും സിപിഐയ്ക്ക് അതൃപ്തിയുണ്ട്.

റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന പ്രതികരണങ്ങള്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം നല്‍കലാണെന്നത് മനസ്സിലാക്കണമെന്നാണ് സിപിഐ നിലപാട്. വനംമന്ത്രി എകെ ശശീന്ദ്രന്റെ ചില പ്രതികരണങ്ങള്‍ റവന്യൂവകുപ്പിനെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു. ഇത് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉപയോഗിച്ചുവെന്നും സിപിഐ വിമര്‍ശനം ഉന്നയിക്കുന്നു.

Next Story