മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 18 കോടിയുടെ ധനസഹായം; ഉത്തരവിറങ്ങി, ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള 18 കോടി രൂപയുടെ ധനസഹായത്തിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാന്. ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ രജിസ്റ്റര്‍ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 18,36,48,000 രൂപ ഇതിനായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. മഹാവ്യാധിയുടെ കാലത്ത് ഉപജീവനം കൂടി നഷ്ടമായ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് ചെറുതല്ലാത്ത ആശ്വാസം […]
5 Jun 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള 18 കോടി രൂപയുടെ ധനസഹായത്തിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാന്. ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ രജിസ്റ്റര്‍ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 18,36,48,000 രൂപ ഇതിനായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. മഹാവ്യാധിയുടെ കാലത്ത് ഉപജീവനം കൂടി നഷ്ടമായ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് ചെറുതല്ലാത്ത ആശ്വാസം പകരാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
സജി ചെറിയാന് പറയുന്നു: മത്സ്യ തൊഴിലാളി സമൂഹത്തെ ചേര്‍ത്തു പിടിക്കുക എന്നതാണ് എക്കാലത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകളുടെ നയം. രണ്ടാം പിണറായി സര്‍ക്കാരും മത്സ്യത്തൊഴിലാളി സഹോദരങ്ങളോടും തീരദേശവാസികളോടും ഏറ്റവും അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുക എന്നത് ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. ധനമന്ത്രി കഴിഞ്ഞദിവസം അവതരിപ്പിച്ച പുതുക്കിയ ബജറ്റിലും തീരദേശവാസികള്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നിപ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആശ്വാസമാകുന്ന ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നു.
കാലാവസ്ഥ മോശമാവുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് പലപ്പോഴും കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. പ്രതികൂല കാലാവസ്ഥയില്‍ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാകും. മറ്റു വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത തീരദേശ ജനത വറുതിയിലാകുകയും ചെയ്യും.
ഇത്തവണ ടൗട്ടെ ചുഴലിക്കാറ്റിന്റെ രൂപത്തിലാണ് തീരത്ത് ദുരിത നാളുകള്‍ എത്തിയത്. ഇതേതുടര്‍ന്ന് മെയ് മാസം പതിമൂന്നാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെ ആറു ദിവസം കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആറു ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. തൊഴില്‍ നഷ്ടപ്പെട്ട ആ കാലയളവിലേക്ക് അവര്‍ക്ക് ഒരു സഹായധനം നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
അതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയില്‍നിന്ന് 18,36,48,000 രൂപ ഇതിനായി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. വൈകാതെ തന്നെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തു തുടങ്ങും. മഹാവ്യാധിയുടെ കാലത്ത് ഉപജീവനം കൂടി നഷ്ടമായ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് ചെറുതല്ലാത്ത ആശ്വാസം പകരാന്‍ ഇത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.