Top

‘ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും വരും, ഏത് സമയത്തും സന്തോഷമായിട്ടിരിക്കുക’,മെഡിക്കല്‍ എന്‍ട്രന്‍സ് ഭിന്നശേഷി വിഭാഗത്തിലെ റാങ്കുകാരിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

രാഹുല്‍ ഗാന്ധി പഠന വിവരങ്ങളൊക്കെ ചോദിച്ചറിയുകയും മെഡിക്കല്‍ എന്‍ട്രന്‍സില്‍ തനിക്ക് വിജയാശംസ നേരുകയും ചെയ്തിരുന്നു. പക്ഷെ, ഇങ്ങനെയൊരു അഭിനന്ദന ഫോണ്‍ വിളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

12 Nov 2020 12:30 AM GMT
റഷീദ് എരുമപ്പെട്ടി

‘ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും വരും, ഏത് സമയത്തും സന്തോഷമായിട്ടിരിക്കുക’,മെഡിക്കല്‍ എന്‍ട്രന്‍സ് ഭിന്നശേഷി വിഭാഗത്തിലെ റാങ്കുകാരിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം
X

കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഭിന്നശേഷി വിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയ കോഴിക്കോട് ജില്ലയിലെ എംടി റിന്‍സിയും കുടുംബവും, വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത അഭിനന്ദന ഫോണ്‍ വിളി വന്ന സന്തോഷത്തിലാണ് . റാങ്ക് നേടിയ വിവരം രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പറയണമെന്ന ആഗ്രഹത്തിലായിരുന്നു റിന്‍സി. അപ്പോഴാണ് വിവരമറിഞ്ഞ് രാഹുല്‍ ഗാന്ധി റിന്‍സിയയുടെ മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്നത്.

‘ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും വരും, ഏത് സമയത്തും സന്തോഷമായിട്ടിരിക്കുക. ആത്മവിശ്വാസം മുറുകെപ്പിടിക്കുക…’ തുടങ്ങി ഒരുപാട് പ്രചോദനം നല്‍കുന്ന വാക്കുകളാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് റിന്‍സി പറഞ്ഞു. നേരത്തെ രണ്ടുതവണ എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരുന്നെങ്കിലും എന്‍ജിനീയറിങ്ങിനായിരുന്നു സീറ്റ് കിട്ടിയത് എന്നും, വീണ്ടും പരീക്ഷയെഴുതിയതോടെയാണ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതെന്നും റിന്‍സി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവമ്പാടി മണ്ഡലത്തിലെത്തിയപ്പോള്‍ താന്‍ വരച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം റിന്‍സി സമ്മാനിച്ചിരുന്നു. അന്ന് പഠന വിവരങ്ങളൊക്കെ ചോദിച്ചറിയുകയും മെഡിക്കല്‍ എന്‍ട്രന്‍സില്‍ തനിക്ക് വിജയാശംസ നേരുകയും ചെയ്തിരുന്നു. പക്ഷെ, ഇങ്ങനെയൊരു അഭിനന്ദന ഫോണ്‍ വിളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും സന്തോഷമായെന്നും റിന്‍സിയുടെ പിതാവ് സുബൈര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്ന് ഡോക്ടറാവണമെന്നാണ് റിന്‍സിയുടെ ആഗ്രഹം. പത്താംക്ലാസും പ്ലസ്ടുവും ഫുള്‍ എ പ്ലസോടെ വിജയിച്ച റിന്‍സി ചിത്രരചനയില്‍ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പത്താം ക്ലാസ് കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂളിലും പ്ലസ്ടു ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് റിന്‍സി പഠിച്ചത്. റിന്‍സിയും കുടുംബവും, കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്ത് നിവാസികളാണ്.

Next Story