Top

എല്ലാവര്‍ക്കും വേണം തിരുവമ്പാടി! വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് മുസ്ലിംലീഗ്; എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയാന്‍ കളിമാറും

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ജോസ് വിഭാഗത്തിന് വഴിയൊരുങ്ങുകയാണെങ്കില്‍ സാമുദായിക – രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനായിരിക്കും 2021-ല്‍ തിരുവമ്പാടി സാക്ഷ്യം വഹിക്കുക.

20 Feb 2021 7:18 AM GMT
അനുപമ ശ്രീദേവി

എല്ലാവര്‍ക്കും വേണം തിരുവമ്പാടി! വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് മുസ്ലിംലീഗ്; എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയാന്‍ കളിമാറും
X

ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലം യുഡിഎഫ് വിട്ടെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കൈമാറാനുള്ള സാധ്യത പരിശോധിച്ച് എല്‍ഡിഎഫ്. ഹിന്ദു- ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങള്‍ക്ക് ഏകദേശം തുല്യ സ്വാധീനമുള്ള തിരുവമ്പാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുസ്ലിംലീഗിനായിരുന്നു പൊതുവെ മേധാവിത്വം. എന്നാല്‍ ആ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിക്കാനുള്ള ശേഷിയുമായാണ് കേരള കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാനുള്ള സിപിഐഎം ആലോചന സജീവമാകുന്നത്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ക്കുമേല്‍ മുസ്ലിം ലീഗിനാണ് ആധിപത്യമെങ്കില്‍ മലബാറില്‍ കേരള കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി. അതിനാല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ജോസ് വിഭാഗത്തിന് വഴിയൊരുങ്ങുകയാണെങ്കില്‍ സാമുദായിക – രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനായിരിക്കും 2021-ല്‍ തിരുവമ്പാടി സാക്ഷ്യം വഹിക്കുക.

കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യന്‍ കുടിയേറ്റ പ്രദേശങ്ങളായ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളടങ്ങുന്ന കിഴക്കന്‍ മലയോര മേഖലയാണ് തിരുവമ്പാടി. ഒപ്പം താമരശ്ശേരി രൂപതാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലമായതിനാല്‍ സഭയുടെ പിന്തുണയ്ക്കും വലിയ പ്രാധാന്യമാണുള്ളത്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മണ്ഡലത്തിലേക്ക് എത്തുന്നതിന് സിപിഐഎം അനുകൂല നിലപാടെടുത്താല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിലേക്കെത്തുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മറുപക്ഷത്ത് യുഡിഎഫില്‍ എല്ലാവര്‍ക്കും കണ്ണുള്ള മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന ലീഗ് നിലപാടാണ് നിലവില്‍ വിജയിച്ചു നില്‍ക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമുന്നണിയില്‍ സിപിഐഎമ്മും ഐക്യജനാധിപത്യമുന്നണിയില്‍ മുസ്ലിം ലീഗുമാണ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. എന്നാലിത്തവണ അത് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും മുസ്ലിംലീഗും തമ്മിലാവുകയാണെങ്കില്‍ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ഒരു സാഹചര്യം മണ്ഡലത്തിലുണ്ടാകും.

ഒരു കാലത്ത് യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന മണ്ഡലത്തില്‍ 2006 നുശേഷം രണ്ട് മുന്നണികള്‍ക്കും കാലുറപ്പിക്കാനായിട്ടില്ല. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ജോര്‍ജ് എം തോമസ് 2011-ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സി മോയിന്‍കുട്ടിയോട് പരാജയപ്പെട്ടതിനുശേഷമാണ് 2016-ല്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ സീറ്റുവീതംവെയ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഏറെ മുന്‍പ് മണ്ഡലത്തില്‍ രാഷ്ട്രീയ പിടിവലികളാരംഭിച്ചു. ദീര്‍ഘകാലമായി മുസ്ലിംലീഗ് മത്സരിക്കുന്ന മണ്ഡലം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കമായിരുന്നു യുഡിഎഫിലെ തര്‍ക്കവിഷയം. കഴിഞ്ഞ രണ്ട് തവണയും വിജയം കാണാനാകാത്ത മണ്ഡലം ലീഗ് വിട്ടുതരണമെന്ന് ഡിസിസി നേതൃത്വം തന്നെ ആവശ്യമുന്നയിക്കുകയും ലീഗ് ആവശ്യത്തെ പരസ്യമായി തന്നെ എതിര്‍ക്കുകയും ചെയ്തു.

1987ല്‍ മണ്ഡലത്തില്‍ അവസാനമായി മത്സരിച്ച കോണ്‍ഗ്രസിന്റെ മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവ് മണ്ഡലം തിരിച്ചുപിടിക്കുക എളുപ്പത്തിലാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ ഈ ആവശ്യത്തിനുപിന്നില്‍ മറ്റൊരു ലക്ഷ്യവും കോണ്‍ഗ്രസിനുണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി അരങ്ങൊഴിഞ്ഞ കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദിഖിന് മണ്ഡലത്തിലൊരവസരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണമാരംഭിച്ചതിനുശേഷമായിരുന്നു രാഹുല്‍ ഗാന്ധിക്കുവേണ്ടി ടി സിദ്ദിഖിന് സീറ്റുവിട്ടുകൊടുക്കേണ്ടി വന്നത്. ഇതോടെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ തിരുവമ്പാടി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഒന്നില്‍ സിദ്ദിഖിന് നല്‍കുക എന്നത് രാഹുല്‍ ഗാന്ധിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രഥമ പരിഗണനകളിലൊന്നായി. എന്നാല്‍ മണ്ഡലം വിട്ടുതരില്ലെന്ന നിലപാടില്‍ ലീഗ് ഉറച്ചുനിന്നതോടെ മുല്ലപ്പള്ളി താത്പര്യമറിയിച്ചിരിക്കുന്ന കല്‍പ്പറ്റയാണ് ഇനി സിദ്ദിഖിനുമുന്നിലുള്ളത്. അവിടെയും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രാദേശിക വികാരം ഇളക്കി വിട്ട് പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ സുരക്ഷിത സാഹചര്യം മങ്ങിവരികയാണ്.

ലീഗിന് ശക്തമായ സ്വാധീനമുള്ള വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചിടത്തും മത്സരിക്കുന്നത് കോണ്‍ഗ്രസാണെന്നും അവശേഷിക്കുന്ന ഏറനാടും തിരുവമ്പാടിയും വിട്ടുനല്‍കില്ലെന്ന ലീഗ് വാദത്തെ ഒടുവില്‍ കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടി വന്നു. ഇതിനിടെ മണ്ഡലത്തില്‍ കണ്ണുവെച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടലുകള്‍ കൂടിയാണ് തെറ്റിയത്. പി ജെ ജോസഫിന്റെ പിന്‍ഗാമിയായി മകന്‍ അപു ജോണ്‍ ജോസഫിനെ സജീവരാഷ്ട്രീത്തിലേക്കെത്തിക്കാന്‍ ജോസഫ് വിഭാഗം കണ്ടുവെച്ചിരുന്ന മണ്ഡലമായിരുന്നു തിരുവമ്പാടി. എന്നാല്‍ കോണ്‍ഗ്രസ് ലീഗ് പിടിവലിയില്‍ വിജയിച്ചു നില്‍ക്കുന്ന ലീഗ് തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്നിരിക്കെ ജോസഫ് വിഭാഗത്തിന് മറ്റ് സാധ്യതകള്‍ പരിശോധിക്കുകയെ മാര്‍ഗമുള്ളൂ.

മറുപക്ഷത്ത് എല്‍ഡിഎഫിലേക്കെത്തിയിരിക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സംസ്ഥാനത്ത് ആവശ്യപ്പെട്ടിരിക്കുന്ന 13 മണ്ഡലങ്ങളിലൊന്നായിരുന്നു തിരുവമ്പാടി. കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ട മണ്ഡലങ്ങളില്‍ ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകള്‍ വിട്ടു കൊടുക്കാന്‍ സിപിഐഎമ്മിന് തടസങ്ങളുള്ളതിനാല്‍ സിറ്റിംഗ് സീറ്റായ തിരുവമ്പാടി വിട്ടുകൊടുക്കുക എന്ന നിലപാടിലേക്ക് എല്‍ഡിഎഫ് എത്തുകയാണെങ്കില്‍ മുന്‍ ഘടകകക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒരു തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് തിരുവമ്പാടി മാറും. 2016ലെ തെരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്ന് സിപിഐഎം സീറ്റുപിടിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസിന്റെ ഭൂരിപക്ഷം 3008 വോട്ടുകളായിരുന്നു. എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പെത്തുമ്പോള്‍ അനാരോഗ്യം കാരണം ഇത്തവണ അദ്ദേഹം മത്സരരംഗത്തുണ്ടാകില്ലെന്നതും മണ്ഡലത്തില്‍ ആവശ്യമുന്നയിച്ച് ഒന്നിലധികം നേതാക്കള്‍ രംഗത്തുള്ളതുമായ സാഹചര്യത്തില്‍ മണ്ഡലം വിട്ടുകൊടുക്കുന്നതാണ് സുരക്ഷിതമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

അത്തരത്തില്‍ സീറ്റ് കേരളകോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ ജോസ് കെ മാണ് വിഭാഗം ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് തോണിപ്പാറ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയുടെ ബന്ധുകൂടിയായ ടി എം ജോസഫ് മുന്‍ ബ്ലോക്ക് പഞ്ചാത്ത് മെമ്പറും യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാനും ആയിരുന്നു. കേരളകോണ്‍ഗ്രസ് മണ്ഡലത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതേയുള്ളൂ എന്ന സാഹചര്യത്തില്‍ വോട്ടുകള്‍ കുറവാണെങ്കിലും ജോസഫ് തോണിപ്പാറയ്ക്ക് മണ്ഡലത്തിലുള്ള ബന്ധങ്ങള്‍ അനുകൂലമായി പ്രവര്‍ത്തിക്കുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഒപ്പം സഭയുടെ നിലപാടും മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ വിധിയില്‍ നിര്‍ണ്ണായകമാകും.

യുഡിഎഫില്‍ നിന്ന് ലീഗ് സ്റ്റേറ്റ് സെക്രട്ടറിയും മണ്ഡലത്തിലെ അറിയപ്പെടുന്ന യുഡിഎഫ് നേതാവുമായ സി പി ചെറിയമുഹമ്മദിന്റെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. മുന്‍പ് മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായ ചെറിയമുഹമ്മദ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്നു. കോണ്‍ഗ്രസ്സുമായി നല്ല ബന്ധം നിലനിര്‍ത്തുന്ന ചെറിയമുഹമ്മദ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായും ലീഗിന്റെ അധ്യാപക സംഘടനുടെ സ്റ്റേറ്റ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി പി ചെറിയമുഹമ്മദിനെ സമീപത്തെ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റിയാല്‍ സീനിയര്‍ നേതാവും ജില്ലാ ലീഗ് സെക്രട്ടറിയുമായ വി കെ ഹുസൈന്‍കുട്ടി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മണ്ഡലം ലീഗ് പ്രസിഡന്റ് സി കെ കാസിം, ജനറല്‍ സെക്രട്ടറി കെ വി അബ്ദുറഹ്മാന്‍ എന്നിവരാണ് സാധ്യതപട്ടികയിലുള്ളത്.

Next Story