Top

നേമത്ത് കുമ്മനം ‘രാജേട്ടനായാല്‍’ ഒറ്റത്താമര കരിയാതിരിക്കുമോ? ; മുന്നണികള്‍ക്ക് മുന്നിലെ പലവഴികള്‍

കേരളത്തിലെ സംഘപരിവാര്‍ വളര്‍ച്ചയെ പൂര്‍ണമായി അവഗണിച്ചതിന് 2016 ല്‍ ലഭിച്ച തിരിച്ചടിയെ എന്തുവിലകൊടുത്തും മറികടക്കാന്‍ ഉറച്ചാണ് ഇരുമുന്നണികളും 2021 തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്

27 Jan 2021 3:33 AM GMT
അനുപമ ശ്രീദേവി

നേമത്ത് കുമ്മനം ‘രാജേട്ടനായാല്‍’ ഒറ്റത്താമര കരിയാതിരിക്കുമോ? ; മുന്നണികള്‍ക്ക് മുന്നിലെ പലവഴികള്‍
X

കേരളത്തിലെ ബിജെപിയുടെ ഏക മണ്ഡലമായ നേമം 2021 തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന ആകാംഷയിലാണ് കേരളം. മുന്നണി വ്യത്യാസമില്ലാതെ എല്ലാവരുടെയും അഭിമാനപോരാട്ടമാണ് നേമത്ത് അരങ്ങേറാനിരിക്കുന്നത്. ഇത്തവണ നേമം നിലനിര്‍ത്താന്‍ ഒ രാജഗോപാലിനുപകരം കുമ്മനം രാജശേഖരനാണ് കളത്തിലിറങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബിജെപി സ്ഥാനാര്‍ഥിത്വക്കുറിച്ചായി മണ്ഡത്തിലെ ചര്‍ച്ചകള്‍. എന്നാല്‍ ഈ മാറ്റത്തിന്റെ ഫലം എന്തുമാകട്ടെ 2016-ലെ തെറ്റ് ഇനിയാവര്‍ത്തിക്കില്ലെന്ന് ഉറച്ചാണ് കേരളത്തിലെ എന്‍ഡിഎ ഒഴികെയുള്ള രണ്ട് മുന്നണികളും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. നേമത്തെ സംഘപരിവാര്‍ വളര്‍ച്ചയെ വിലകുറച്ചുകണ്ടതിന് ലഭിച്ച തിരിച്ചടിയായിരുന്നു ഒ രാജഗോപാലിന്റെ വിജയം. 2021 തെരഞ്ഞെടുപ്പെത്തുമ്പോള്‍ ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ആ തെറ്റ് തിരുത്താമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

എഴ് മണ്ഡലങ്ങള്‍ പിടിക്കുമെന്ന 2016 തെരഞ്ഞെടുപ്പിലെ ബിജെപി പ്രഖ്യാപനം ഒന്നിലേക്ക് ഒതുങ്ങിയെങ്കിലും അത് അത്ഭുതത്തോടെയാണ് കേരള രാഷ്ട്രീയം കണ്ടത്. ചരിത്രത്തിലെവിടെയും ഏതെങ്കിലുമൊരു മുന്നണിക്കൊപ്പം മണ്ഡലം ഉറച്ചുനിന്നിട്ടില്ലെങ്കിലും അത്തരമൊരട്ടിമറി ഇരുമുന്നണികളും പ്രതീക്ഷിച്ചിരുന്നതല്ലായിരുന്നു. ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം, 2008 മണ്ഡലപുനര്‍നിര്‍ണ്ണയം, മണ്ഡലം ജെഡിയുവിന് വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ആ വിജയത്തിനു സഹായിച്ചെന്ന് നിരീക്ഷിക്കപ്പെടുന്നു.

കേരളത്തില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ നീക്കങ്ങളിലെ മുന്നണി പോരാളിയായിരുന്നു ഒ രാജഗോപാല്‍. വ്യക്തിപ്രഭാവം കൊണ്ട് പാര്‍ട്ടിയിലെ ഏറ്റവും ജനസമ്മതനായ അദ്ദേഹത്തെ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളിലേക്ക് മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്ന ബിജെപി അതില്‍ തന്നെ മണ്ഡലങ്ങള്‍ മാറി മാറി ഭാഗ്യാന്വേഷണം നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ ശേഷിയുള്ള പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി എന്നല്ലാതെ അവസരങ്ങളൊന്നും വിജയത്തിലെത്തിയിരുന്നില്ല.

പിന്നീട് 2008 ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന 2011 തെരഞ്ഞെടുപ്പ് മുതലാണ് നേമത്ത് ബിജെപി വിജയസാധ്യതകള്‍ കണ്ടുതുടങ്ങിയത്.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 31-39, 48-58, 61-68 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലപുനര്‍നിര്‍ണ്ണയത്തിനു ശേഷമുള്ള നേമം മണ്ഡലം. ഈ മണ്ഡലത്തിലേക്ക് 2011-ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സീറ്റ് എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിന്‌ നല്‍കി കോണ്‍ഗ്രസ് കോവളത്തേക്ക് മാറി. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എന്‍ ശക്തന്റെ ഈ മാറ്റം 2011- ലെ തെരഞ്ഞെടുപ്പില്‍ തന്നെ പ്രതിഫലിച്ചു. വി ശിവന്‍കുട്ടിയിലൂടെ സിപിഐഎം മണ്ഡലം പിടിച്ചപ്പോള്‍ ജെഡിയു ബാനറില്‍ മത്സരിച്ച ചാരുപാറ രവി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

പുനര്‍നിര്‍ണ്ണയത്തിന് മുന്‍പ് മണ്ഡലത്തിലെ 1957-ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1970 തെരഞ്ഞെടുപ്പ് വരെയുള്ള കാലം ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ് മാറി മാറി വിജയിച്ചിരുന്നത്. പിന്നീട് 1977-ലാണ് ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 1980-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ കോണ്‍ഗ്രസ് എയും തമ്മിലായി പോരാട്ടം. മണ്ഡലത്തില്‍ നിന്ന് മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇ രമേശന്‍ നായര്‍ – എസ് വരദരാജന്‍ നായര്‍ എന്നിവര്‍ നേര്‍ക്കുനേരെത്തിയ ആവേശമത്സരത്തില്‍ ഇ രമേശന്‍ നായരാണ് വിജയിച്ചത്.

1982-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ മാളയ്‌ക്കൊപ്പം നേമത്തും മത്സരിക്കുകയും സിപിഐഎമ്മിന്റെ പി ഫക്കീറിനെ മൂവായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നേമത്തുനിന്ന് കരുണാകരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1983-ല്‍ നേമം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇ രമേശന്‍ നായരെ തോല്‍പ്പിച്ചായിരുന്നു മണ്ഡലം ആ തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. അന്ന് സിപിഐഎമ്മിന്റെ വി ജെ തങ്കപ്പന്‍ നേമത്ത് അട്ടിമറിവിജയം നേടി. 1987 ല്‍ ഇരുപതിനായിരത്തിലധികം വോട്ടുകളിലേക്ക് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് അദ്ദേഹം തന്നെ വിജയിച്ചു. 1991-ലും വിജയം ആവര്‍ത്തിച്ച അദ്ദേഹം ആ തവണ സിഎംപിയുടെ സ്റ്റാന്‍ലി സത്യനേശനെയായിരുന്നു പരാജയപ്പെടുത്തിയത്.

1996-ലും സിപിഐഎം സ്ഥാനാര്‍ഥിക്കുതന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. എന്നാല്‍ ആ തവണ വലിയ തോതില്‍ ഭൂരിപക്ഷം കുറഞ്ഞു. തുടര്‍ന്ന് 2001-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് മണ്ഡലം നഷ്ടമായി. 96-ല്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെങ്ങാനൂര്‍ പി ഭാസ്‌കരനെ 9357 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്റെ വിജയം. 2006-ലെ തെരഞ്ഞെടുപ്പിലും ഇരു സ്ഥാനാര്‍ഥികള്‍ തന്നെ മണ്ഡലത്തില്‍ നിന്ന് ഏറ്റുമുട്ടുകയും എന്‍ ശക്തന്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

ഈ കാലയളവില്‍ മൂന്നാം സ്ഥാനത്ത് വോട്ടുശതമാനം ഉയര്‍ന്നും ഇടിഞ്ഞും ബിജെപി സാന്നിധ്യമുണ്ടായിരുന്നു. പൂന്തുറ സോമന്‍, കെ എന്‍ സുന്ദരേശന്‍ തമ്പി, പി അശോക് കുമാര്‍, മടവൂര്‍ സുരേഷ്, എം എസ് കുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍ എന്നിവര്‍ ബിജെപിക്ക് വേണ്ടി ഇക്കാലയളില്‍ നേമത്ത് മത്സരിച്ചു. എന്‍ ശക്തന്‍ അവസാനമായി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2006ല്‍ ബിജെപിയുടെ മലയിന്‍കീഴ് രാധാകൃഷ്ണന് ലഭിച്ചത് 6705 വോട്ടുകളായിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ 2011 തെരഞ്ഞെടുപ്പില്‍ 43661 വോട്ടുകളുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസവുമായാണ് 2016-ല്‍ ഒ രാജഗോപാല്‍ വീണ്ടും കളത്തിലിറങ്ങിയത്. 2011 സിപിഐഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടേതില്‍ നിന്ന് 6415 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു രാജഗോപാലെങ്കില്‍ 2016 തെരഞ്ഞെടുപ്പില്‍ 67813 വോട്ടുകള്‍ അദ്ദേഹം മണ്ഡത്തില്‍ സ്വന്തമാക്കി. വി ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് അന്ന് രാജഗോപാല്‍ പരാജയപ്പെടുത്തുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ള 13860 വോട്ടുകള്‍ മാത്രമാണ് നേടിയത്.

This image has an empty alt attribute; its file name is image-45.png

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്ന ആ വിജയം ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും നേമം കേരളത്തിലേക്കുള്ള വാതിലാകുമെന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു.

എന്നാല്‍ ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ തിരിച്ചടി ബിജെപിക്ക് അത്ര ഗുണകരമല്ലാത്ത സൂചനയാണ് നല്‍കുന്നത്. 2016-ലെ 8621 ഭൂരിപക്ഷത്തില്‍ നിന്ന് 2204 വോട്ടുകളിലേക്ക് ഉണ്ടായ ഈ ഇടിവ് രാജഗോപാലിന്റെ വിജയസാധ്യതയെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു ബിജെപിക്കുള്ളിലെ പ്രതികരണം. തുടര്‍ന്ന് മറ്റൊരു പ്രമുഖ നേതാവെന്ന ആവശ്യം ഉയര്‍ന്നെന്നും അത് കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചലചിത്ര താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ അടക്കം പേരുകള്‍ ഉയര്‍ന്നു കേട്ടതിന് ഒടുവിലായിരുന്നു ഈ അനൗദ്യോഗിക അറിയിപ്പ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി കുമ്മനം മണ്ഡലത്തില്‍ വാടക വീടെടുത്ത് താമസവും ആരംഭിച്ചിരിക്കുന്നു.

പുതിയ സ്ഥാനാര്‍ഥിയെന്ന ബിജെപി നീക്കം ഫലം കാണുമോ എന്നതാണ് ഇനി പരിശോധിക്കേണ്ടത്. രാജഗോപാലിനെ 2016-ല്‍ തുണച്ച ഘടകങ്ങള്‍ ഇത്തവണ കുമ്മനത്തിനൊപ്പം കാണുമോ എന്ന് സംശയമാണ്. രാജഗോപാലിന് നേമത്തുള്ള ജനസമ്മതിയും അദ്ദേഹത്തിന്റെ തുടര്‍ച്ചയായുള്ള തോല്‍വികള്‍ ജനങ്ങളിലുണ്ടാക്കിയ അനുകമ്പയുമായിരുന്നു 2016-ലെ അദ്ദേഹത്തിന്റെ വിജയത്തില്‍ എടുത്തുകാട്ടപ്പെട്ടിരുന്ന പ്രധാനഘടകങ്ങള്‍. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഒ രാജഗോപാല്‍ പ്രകടിപ്പിച്ച മികവും അദ്ദേഹത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാലതൊന്നും ഇത്തവണ കുമ്മനം ‘രാജേട്ടന്’ നേമത്ത് നിന്ന് ലഭിക്കാനിടയില്ല.

ഇതിനെല്ലാം പുറമെയാണ് പാര്‍ട്ടിക്കുള്ളിലെ മറ്റ് പ്രമുഖ നേതാക്കള്‍ ഈ സ്ഥാനാര്‍ഥിത്വത്തോടുള്ള പ്രതികരണം.സംസ്ഥാനത്തെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റെന്ന നിലയില്‍ എല്ലാ പ്രമുഖര്‍ക്കും കണ്ണുണ്ടായിരുന്ന മണ്ഡലത്തിലെ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തിയുണ്ടാക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു പ്രത്യേക ഗ്രൂപ്പിന്റെയും ഭാഗമല്ലാതിരുന്ന രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം പോലെയല്ല കുമ്മനത്തിന്റെ കാര്യം. അത് കെ സുരേന്ദ്രന്‍, വി മുരളീധരന്‍ വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാക്കിയാല്‍ വിലപ്പെട്ട നേമം കൈവിട്ടുപോകുമെന്ന നിലവരെയെത്തിയേക്കാം. അതെന്തായാലും ബിജെപി ആഗ്രഹിക്കുന്നില്ല.

അതേസമയം 2016 തോല്‍വിയില്‍ ഏറ്റവും അധികം പഴികേട്ട കോണ്‍ഗ്രസ് ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ്. 2011-ല്‍ ജെഡിയുവിന് സീറ്റുവിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിയായെന്ന് വ്യക്തമായതോടെ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് യൂത്ത് കോണ്‍ഗ്രസടക്കമുള്ളവരും ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വി എസ് ശിവകുമാര്‍, വിജയന്‍ തോമസ്, എന്‍ എസ് നുസൂര്‍ എന്നിവരെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിജയന്‍ തോമസിനാണ് കൂടുതല്‍ സാധ്യത.

തദ്ദേശതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പിന്നോട്ടുപോക്ക് ഇടതുമുന്നണിക്കാണ് ഗുണകരമായതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ കൂടി മുന്നില്‍വെച്ച് നേമം പിടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. മറുവശത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന വിശ്വാസത്തില്‍ 2011-ല്‍ യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ച ശിവന്‍കുട്ടിയെ തന്നെ വീണ്ടും സിപിഐഎം കുമ്മനത്തിനെതിരെ കൊണ്ടുവന്നേക്കും.

Next Story