Top

കുറ്റ്യാടി സിപിഐഎമ്മിന് വിട്ടുകൊടുത്ത്‌ കേരള കോണ്‍ഗ്രസ്; മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനും പരിഗണനയെന്ന് ജോസ് കെ മാണി

കോട്ടയം: കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ജോസ് കെ മാണി. കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോണ്‍ഗ്രസ് (എം)ന് നല്‍കിയതെന്നും എന്നാല്‍ കുറ്റ്യാടിയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെമാണി അറിയിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് […]

14 March 2021 5:08 AM GMT

കുറ്റ്യാടി സിപിഐഎമ്മിന് വിട്ടുകൊടുത്ത്‌  കേരള കോണ്‍ഗ്രസ്; മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനും പരിഗണനയെന്ന്   ജോസ് കെ മാണി
X

കോട്ടയം: കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ജോസ് കെ മാണി. കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോണ്‍ഗ്രസ് (എം)ന് നല്‍കിയതെന്നും എന്നാല്‍ കുറ്റ്യാടിയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെമാണി അറിയിച്ചു.

കേരളാ കോണ്‍ഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ജോസ് കെ മാണി വ്യക്തമാക്കി.

മുന്നണിയുടെ ഐക്യത്തിന് ഒരു പോറല്‍പ്പോലും എല്‍പ്പിക്കുന്ന ഒന്നും കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പൂര്‍ണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് സിപിഐഎം കുറ്റ്യാടി സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എഎ റഹീം, ടിപി ബിനീഷ്, എ പ്രദീപ് കുമാര്‍ എന്നിവരെയാണ് കുറ്റ്യാടിയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.

കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതിനെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി അടക്കം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും സ്വാധീന മേഖലയിലെ സീറ്റ് വിട്ട് കൊടുക്കുന്നത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നല്‍കിയേക്കില്ല.

പ്രതിഷേധം അണപൊട്ടിയതോടെ കുറ്റ്യാടി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കേരള കോണ്‍ഗ്രസ് മുതിര്‍ന്നില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന 12 സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കുറ്റ്യാടി സീറ്റ് ഒഴിച്ചിടുകയായിരുന്നു.

Next Story