‘മത്സരിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് മാത്രം’; മണ്ഡലം മാറുന്ന പ്രശ്നമില്ലെന്ന് വിഎസ് ശിവകുമാര്‍
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന സാഹചര്യമെല്ലാം മാറിമറിഞ്ഞെന്നും എങ്ങനെ നോക്കിയാലും അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് തിരുവനന്തപുരത്ത് നിലനില്‍ക്കുന്നതെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുകയാമെങ്കില് അത് തിരുവനന്തപുരത്തുനിന്നും മാത്രമായിരിക്കുമെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ. ഒരു കാരണവശാലും മണ്ഡലം മാറുന്ന പ്രശ്നമില്ലെന്നും ഇക്കാര്യം താന്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരത്ത് ബിജെപിയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരത്തിനിറങ്ങുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു വി എസ് ശിവകുമാറിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി പാര്‍ട്ടിയില്‍ ആലോചനകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന സാഹചര്യമെല്ലാം മാറിമറിഞ്ഞെന്നും എങ്ങനെ നോക്കിയാലും അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് തിരുവനന്തപുരത്ത് നിലനില്‍ക്കുന്നതെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു.
‘ബിജെപിയ്ക്കുവേണ്ടി തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ടുമറിക്കുന്നു എന്നത് കുപ്രചരണവും ചിലരുടെയെല്ലാം കുതന്ത്രങ്ങളും മാത്രമാണ്. അത് അവര്‍ കാലങ്ങളായി പറയുന്നതാണ്. 1999 ല്‍ ഞാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും അവര്‍ അത് പറഞ്ഞിരുന്നു. പല കാലങ്ങളിലായി തല്‍പ്പരകക്ഷികള്‍ ഈ കുപ്രചരണങ്ങള്‍ ആവര്‍ത്തിക്കുകമാത്രമാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ല’. വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.