Top

‘എന്റെ വീട് എടുക്കാന്‍ പറ്റില്ല, അതിന് ലോണുള്ളതാ’, ‘സുരേഷ് ഗോപി എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?’ വീഡിയോ വൈറല്‍

തൃശൂര്‍: ഈ തെരഞ്ഞെടുപ്പ് ചില വൈറല്‍ വീഡിയോകളുടേത് കൂടിയാണ്. സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും കണിശമായി വിമര്‍ശിച്ചുമൊക്കെയുള്ള ചെറിയ ചെറിയ വീഡിയോകള്‍ പ്രചരണ രംഗത്ത് സജീവവുമാണ്. ഇത്തരത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്ന മധ്യവയസ്‌കന്റെ വീഡിയോ വൈറലാവുകയാണ്. ഒരു സ്വകാര്യ ചാനല്‍ എടുത്തതാണ് വീഡിയോ. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതാണ് റിപ്പോര്‍ട്ടര്‍ അതിന് രസികന്‍ മറുപടി ഇങ്ങനെ. ‘സുരേഷ് ഗോപി പൂരപ്പറമ്പ് മാത്രമേ എടുക്കൂ. വേറൊന്നും എടുക്കാന്‍ പറ്റില്ല. എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ […]

3 April 2021 8:49 AM GMT

‘എന്റെ വീട് എടുക്കാന്‍ പറ്റില്ല, അതിന് ലോണുള്ളതാ’, ‘സുരേഷ് ഗോപി എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?’ വീഡിയോ വൈറല്‍
X

തൃശൂര്‍: ഈ തെരഞ്ഞെടുപ്പ് ചില വൈറല്‍ വീഡിയോകളുടേത് കൂടിയാണ്. സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും കണിശമായി വിമര്‍ശിച്ചുമൊക്കെയുള്ള ചെറിയ ചെറിയ വീഡിയോകള്‍ പ്രചരണ രംഗത്ത് സജീവവുമാണ്. ഇത്തരത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്ന മധ്യവയസ്‌കന്റെ വീഡിയോ വൈറലാവുകയാണ്. ഒരു സ്വകാര്യ ചാനല്‍ എടുത്തതാണ് വീഡിയോ.

സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതാണ് റിപ്പോര്‍ട്ടര്‍ അതിന് രസികന്‍ മറുപടി ഇങ്ങനെ. ‘സുരേഷ് ഗോപി പൂരപ്പറമ്പ് മാത്രമേ എടുക്കൂ. വേറൊന്നും എടുക്കാന്‍ പറ്റില്ല. എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?’

‘എന്തായാലും എന്റെ വീട് എടുക്കാന്‍ പറ്റില്ല അവന്. കാരണം അതിന് ലോണുള്ളതാ. പിന്നെ ആ വട്ടം എടുക്കാം. അത് സര്‍ക്കാരിന്റെയാ. ഇത്രയും നല്ല സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ സുരേഷ് ഗോപി സിനിമയില്‍ നിന്ന് വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്കറ്റില്‍ വന്നപ്പോള്‍ അവന് വെയിലു കൊണ്ട് തലചുറ്റി. അങ്ങനെയുള്ള ആളാണോ ജനങ്ങളുടെ കാര്യങ്ങള്‍ ചെയ്യുക? വിയര്‍പ്പിന്റെ അസുഖമുണ്ട് അങ്ങേര്‍ക്ക്. വിയര്‍പ്പ് കൊണ്ടിട്ടുള്ള ഉശിരന്മാരായ ആളുകള്‍ വേറെയുണ്ടിവിടെ. അവര് ഭരിക്കട്ടെ’, അഭിപ്രായം പറഞ്ഞവസാനിപ്പിച്ചു.

നേരത്തെ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തുനിന്നുള്ള ഒരു വീഡിയോയും ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേമത്തെക്കുറിച്ച് ഒരു ബിജെപി അനുഭാവി തന്നെ പറയുന്നതാണ് വീഡിയോയിലുള്ളത്. തന്റേത് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്ന കാര്യം ഓര്‍ക്കാതെ ബിജെപി അനുഭാവിയായ ഇദ്ദേഹം പറയുന്ന കാര്യങ്ങളാണ് ചിരി പടര്‍ത്തുന്നത്.

ത്രികോണ മത്സരം നടക്കുമെന്ന് പ്രവചിക്കപ്പെടുന്ന നേമത്ത് ജനങ്ങളുടെ അഭിപ്രായം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനും ബിജെപി അനുഭാവികളുമാണ് വീഡിയോയിലുള്ളത്. നേമത്ത് ആര് ജയിക്കണമെന്നാണ് അഭിപ്രായം എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘നേമത്ത് എന്റെ അഭിപ്രായത്തില്‍ കുമ്മനം വരണം’, എന്ന മറുപടി ബിജെപി പ്രവര്‍ത്തകന്‍ നല്‍കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം നേമം നിയോജക മണ്ഡലത്തിലെ ഭരണം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. നാറിയ ഭരണമായിരുന്നു എന്നായി ഇതേ പ്രവര്‍ത്തകന്റെ മറുപടി.

ഇതോടെ റിപ്പോര്‍ട്ടര്‍ കേരളത്തിലെ മൊത്തത്തിലാണോ അതോ നേമം മണ്ഡലത്തെക്കുറിച്ചാണോ ഈ അഭിപ്രായം എന്ന് ആവര്‍ത്തിച്ച് ചോദിച്ചു. നേമത്തെ തന്നെ എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. നിങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നിട്ടാണോ ഇങ്ങനെ പറയുന്നതെന്നായി റിപ്പോര്‍. അപ്പോള്‍ അക്കിടി പറ്റിയ അദ്ദേഹം നമ്മുടെ സ്ഥാനാര്‍ത്ഥിയോ എന്ന് ചോദിക്കുന്നു. അടുത്തുനിന്നിരുന്ന ആളുകള്‍ അതെ, രാജഗോപാലിയിരുന്നു എംഎല്‍എ എന്ന് ഓര്‍മ്മിപ്പിച്ചു. എന്നാലും പറഞ്ഞത് മാറ്റിപ്പറയാന്‍ ഇദ്ദേഹം തയ്യാറായില്ല.

സമൂഹ മാധ്യമങ്ങളില്‍ സിപിഐഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയതോതില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍, വീഡിയോയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എടുത്ത വീഡിയോ ആണെന്ന് വ്യക്തമാവുന്നുണ്ടെങ്കിലും മറ്റ് കാര്യങ്ങള്‍ ലഭ്യമല്ല.

Next Story