
അടുത്ത അഞ്ച് വര്‍ഷക്കാലം ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. കൊവിഡ് മഹാമാരിമൂലമുള്ള നിയന്ത്രണങ്ങലുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത പ്രചരണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും റോഡ് ഷോകള്‍ക്കും ഒടുവിലാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. വിധിയെഴുത്തിനായി സംസ്ഥാനത്തുടനീളം 40771 പോളിംഗ് ബൂത്തുകള്‍ സജ്ജമായിട്ടുണ്ട്.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പിന് മുന്നോടിയായി 140 നിയോജക മണ്ഡലങ്ങളിലും മോക്ക് പോളിംഗ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു വോട്ടിംഗ് യന്ത്രത്തില്‍ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണിയതിനുശേഷം യന്ത്രം ക്ലിയര്‍ ചെയ്ത് സീല്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
വോട്ടെടുപ്പിനായി കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ യാണ് 140 മണ്ഡലങ്ങളിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈബ്കാസ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി.