Top

ശബരിമല കയറുന്ന കേരള രാഷ്ട്രീയം

ജനാധിപത്യവും മതേതരത്വവും തന്നെയാണ് രാഷ്ട്രീയകേരളത്തിന്റെ ഏക്കാലത്തെയും പ്രധാന ചര്‍ച്ചാ വിഷയം. ചൂടേറിയ ഈ രണ്ട് ആശയങ്ങള്‍ ആലേഖനം ചെയ്യാത്ത പ്രകടന പത്രികകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലയെന്നതും യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരസ്പരം ചെളിവാരി എറിയുന്നതിനൊടോപ്പം സമത്വ സുന്ദര ജനാധിപത്യ സമൂഹത്തെ സ്വപ്നം കാണാനും നമ്മുടെ നേതാക്കള്‍ നമ്മെ പഠിപ്പിക്കാറുണ്ട്. ശബരിമല സ്ത്രി പ്രവേശന വിധിയോടെ ഈ ജനാധിപത്യം രണ്ടാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വിശ്വാസികളുടെ ജനാധിപത്യവും , സമൂഹത്തിന്റെ(ജനങ്ങളുടെ) ജനാധിപത്യവും എന്നീ നിലകളില്‍ അത് ചേരിതിരിഞ്ഞു. അല്ലെങ്കില്‍ അത്തരം […]

18 March 2021 11:55 PM GMT
ആർ അരുൺ രാജ്

ശബരിമല കയറുന്ന കേരള രാഷ്ട്രീയം
X

ജനാധിപത്യവും മതേതരത്വവും തന്നെയാണ് രാഷ്ട്രീയകേരളത്തിന്റെ ഏക്കാലത്തെയും പ്രധാന ചര്‍ച്ചാ വിഷയം. ചൂടേറിയ ഈ രണ്ട് ആശയങ്ങള്‍ ആലേഖനം ചെയ്യാത്ത പ്രകടന പത്രികകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലയെന്നതും യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരസ്പരം ചെളിവാരി എറിയുന്നതിനൊടോപ്പം സമത്വ സുന്ദര ജനാധിപത്യ സമൂഹത്തെ സ്വപ്നം കാണാനും നമ്മുടെ നേതാക്കള്‍ നമ്മെ പഠിപ്പിക്കാറുണ്ട്. ശബരിമല സ്ത്രി പ്രവേശന വിധിയോടെ ഈ ജനാധിപത്യം രണ്ടാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വിശ്വാസികളുടെ ജനാധിപത്യവും , സമൂഹത്തിന്റെ(ജനങ്ങളുടെ) ജനാധിപത്യവും എന്നീ നിലകളില്‍ അത് ചേരിതിരിഞ്ഞു. അല്ലെങ്കില്‍ അത്തരം ഒരു ചേരി ചിലര്‍ രൂപപ്പെടുത്തി. വിശ്വാസികളുടെ ജനാധിപത്യം സംരക്ഷിക്കാനെ വാദമുയര്‍ത്തി കോണ്‍ഗ്രസ്സും ബിജെപിയും ജനാധിപത്യ ഉത്സവത്തിന്റെ നാളുകളില്‍ അപകടകരമാകും വിധം മുന്നേറുകയാണ്. മുന്‍ നിലപാടുകള്‍ മയപ്പെടുത്തിയും, മൗനം പാലിച്ചു സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും മറ്റൊരു വഴിയിലും.

ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ കോട്ടം സംഭവിക്കുന്നതാണോ കേരളത്തിന്റെ മതേതരത്വം?

ബിജെപിയുടെ നിലപാടുകളെ മാറ്റി നിര്‍ത്താം, എന്തെന്നാല്‍ അവര്‍ എന്നും ഉയര്‍ത്തുന്ന വികാരം ഹിന്ദുത്വമാണ്. 10 തവണയോളം കേരളം ഭരിച്ച 9 പ്രാവശ്യം ശക്തമായ പ്രതിപക്ഷമായും നിലയുറപ്പിച്ചവരാണ് തങ്ങള്‍ എന്ന് കോണ്‍ഗ്രസ് മറക്കരുത്. തിരഞ്ഞെടുപ്പിലെ ലാഭങ്ങള്‍ മുന്നില്‍ കണ്ട് ജനാധിപത്യത്തെ വളച്ചൊടിക്കുന്നത് വലിയ വര്‍ഗീയ ചേരിതിരിവിനാണ് ഇടനല്‍കുന്നത്. പ്രചരണത്തില്‍ ആചാര സംരക്ഷണം ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമെ ഭൂരിപക്ഷം ലഭിക്കൂ എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു ഖദര്‍രാഷ്ട്രീയത്തിന്റെ വക്താക്കള്‍. ഈ നൂലില്‍മേല്‍ കളിയിലൂടെ നേട്ടം കോണ്‍ഗ്രസ്സിനോ എന്ന് ചോദിച്ചാല്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസിന് അപ്പുറം ബിജെപിയും അനുബന്ധ സംഘടനകളുമാണ്ശബരിമലമുദ്രാവാക്യം കൂടുതല്‍ കരുത്തോടെ വിളിക്കുന്നത്. കാരണം അത് അവരുടെ രാഷ്ട്രീയമാണ്. അവര്‍ പിടിച്ച കൊടിയുടെ പിന്നില്‍ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ ഏറ്റുവിളിക്കുന്നതിലുടെ കോണ്‍ഗ്രസിന്റെരാഷ്ട്രീയപാപ്പരത്തമാണ് പുറത്താകുന്നത്.
എവിടെയാലും സ്ത്രി പ്രവേശനത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്ന് അറിയാന്‍ ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്യപ്പെട്ട ആ തലയിലേക്ക് നോക്കിയാല്‍ മതിയാകും. കേരളത്തില്‍ ബിജെപി നിലയുറപ്പിക്കുമ്പോള്‍ കോണ്‍ഗ്രിസിന് നിലതെറ്റുന്നുവെന്ന യാഥാര്‍ത്ഥ്യം ഇനിയും മനസിലാക്കാതെ പോകുന്നത് അവരുടെ നേതാക്കള്‍ മാത്രമാണ്.

മൗനവും, ഖേദവും ഒടുവില്‍ പിന്‍മാറ്റവും

നാല് വോട്ടിന് വേണ്ടി നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ഇന്ന് നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. അനവസരത്തിലെ ദേവസ്വം മന്ത്രിയുടെ ഖേദ പ്രകടനത്തില്‍ പ്രതിരോധത്തിലായത് ഇടതുപക്ഷമാണ്. വിശാല ബെഞ്ച് വിധി എന്ത് തന്നെയായാലും എല്ലാവരും കൂടിയാലോചിച്ച ശേഷമേ തീരുമാനം എടുക്കുവെന്ന ഇടതുപക്ഷത്തിന്റെ പുതിയ നയം രൂപപ്പെടുന്നതും മുന്‍പ് പറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഫലമായിട്ടാണ്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ശബരിമല വിഷയം വിദഗ്ദമായി നേരിട്ട ഇടതുമുന്നണിയെ നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം ദേവസ്വം മന്ത്രിയുടെ പ്രസ്താവന തന്നെയാണ്.പാര്‍ട്ടി നിലപാട് മാറിയില്ലെന്ന് ദേശീയ തലത്തില്‍ ജനറല്‍ സെക്രട്ടറി പറയുമ്പോഴും സംസ്ഥാന നേതാക്കള്‍ ആശയക്കുഴപ്പത്തിലാണ്.

തെക്കന്‍ കേരളത്തില്‍ ശബരിമല എഫക്റ്റ് ഉണ്ടായാല്‍ഭരണ തുടര്‍ച്ചയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് ഇടതു മുന്നണി പ്രത്യേകിച്ച് സിപിഐഎം ഭയപ്പെടുന്നുണ്ട്. എന്തിന് ഈ ഭയമെന്നാണ് ഇടതുപക്ഷ ആശയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ ചോദിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം വികസനോത്മുഖ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുകയും അത് നടപ്പാക്കുകയും ചെയ്ത ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പ്രതിസന്ധികളില്‍ ജനത്തെ ചേര്‍ത്തു നിര്‍ത്തിയ ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല. സമസ്ത മേഖലയിലെയും മാറ്റം ഉയര്‍ത്തിക്കാട്ടേണ്ട സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന അജഡ ചര്‍ച്ച ചെയ്യുന്നത് ഇടതുപക്ഷ സമീപനമാണോയെന്ന് നേതൃത്വം കൈയ്യാളുന്നവര്‍ ചിന്തിക്കുന്നത് നന്നാകും.

വിധി വന്ന് 2 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് പ്രതിപക്ഷ പാര്‍ട്ടികളുടെ വിജയവും സര്‍ക്കാരിന്റെ പരാജയവുമാണ്. നേതാക്കളുടെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ‘ശബരിമല’ കയറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത തിരിച്ചറിയാതെ ഇരുന്നാല്‍ ലാഭം കൊയ്യുക എതിരാളികള്‍ ആകുമെന്ന് നിസംശയം പറയാം.

Next Story