ഇനി പോരാട്ടം കോടതിയില്‍; 38 വോട്ടിന് തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോടതിയിലേക്ക്
38 വോട്ടിന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനോട് പരാജയപ്പെട്ട പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ കോടതിയിലേക്ക്. 375 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നാണ് പരാതി. കവറിന് പുറത്ത് സീല്‍ ഇല്ലാത്തതാണ് എണ്ണാത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ സീല്‍ വെക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മനപൂര്‍വ്വം സീല്‍ വെക്കാത്തതാണോയെന്നാണ് താന്‍ സംശയിക്കുന്നതെന്നും കെപി മുഹമ്മദ് മുസ്തഫ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലാണ്. ഇവിടെ അപരന്മാര് ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്. 2016 ല്‍ മഞ്ഞളാംകുഴിഅലിയും […]

38 വോട്ടിന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനോട് പരാജയപ്പെട്ട പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ കോടതിയിലേക്ക്. 375 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നാണ് പരാതി.
കവറിന് പുറത്ത് സീല്‍ ഇല്ലാത്തതാണ് എണ്ണാത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ സീല്‍ വെക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മനപൂര്‍വ്വം സീല്‍ വെക്കാത്തതാണോയെന്നാണ് താന്‍ സംശയിക്കുന്നതെന്നും കെപി മുഹമ്മദ് മുസ്തഫ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലാണ്. ഇവിടെ അപരന്മാര് ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്. 2016 ല്‍ മഞ്ഞളാംകുഴിഅലിയും വി ശശികുമാഫും തമ്മില്‍ ശക്തമായ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. അന്ന് 576 വോട്ടിനാണ് അലി ജയിച്ചത്.
മണ്ഡലത്തിന്റെ ചരിത്രം
കേരളത്തില്‍ മുസ്ലിം ലീഗും സിപിഐഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ. നിലവില്‍ മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ ഏറ്റവും അധികം തവണ തെരഞ്ഞെടുക്കപ്പെട്ടത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളാണെങ്കിലും മണ്ഡലചരിത്രത്തില്‍ എക്കാലത്തും ഇടതുമുന്നണി ശക്തമായ സാന്നിധ്യമായിരുന്നു മണ്ഡലത്തില്‍. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ മാത്രമാണ് എല്‍ഡിഎഫിന് മണ്ഡലത്തില്‍ വിജയിക്കാനായത്. 2006ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ വി ശശികുമാര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല് ദീര്‍ഘകാലം ലീഗിനൊപ്പം പെരിന്തല്‍മണ്ണ മണ്ഡലം ഉറച്ചുനിന്നു.
മണ്ഡലരൂപീകരണത്തിനുശേഷമുള്ള ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിപിഐ, സിപിഐഎം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മണ്ഡലത്തില്‍ 1957ല്‍ പി ഗോവിന്ദന് നമ്പ്യാര്‍, 1960 ല്‍ ഇ പി ഗോപാലന് എന്നീ സിപിഐ നേതാക്കളും 1967ല്‍ സിപിഐഎമ്മിന്റെ പ്രമുഖ നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമാണ് വിജയിച്ചത്.
എന്നാല്‍ 1970ഓടെ മണ്ഡലത്തിന്റെ ചായ്വ് മുസ്ലിം ലീഗിന് അനുകൂലമാവുകയും 1970 ല്‍ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയ പ്രമുഖനേതാവ് ഇ കെ ഇമ്പിച്ചി ബാവ പരാജയപ്പെടുകയും ചെയ്തു. ഇതോടെ മണ്ഡലം ഇടതുമുന്നണിയുടെ കൈവിട്ടുപോവുകയായിരുന്നു. മുസ്ലിംലീഗിന്റെ കെ കെ എസ് തങ്ങള്‍ ആദ്യമായി മണ്ഡത്തില്‍ നിന്ന് വിജയിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. തുടര്‍ന്ന് 1977ലെ തെരഞ്ഞെടുപ്പിലും തങ്ങള്‍ വിജയമാവര്‍ത്തിച്ചു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ കളത്തിലിറങ്ങിയ മുന്‍ എംഎല്‍എ പാലോളി മുഹമ്മദ് കുട്ടിക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
1980ല്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി നാലകത്ത് സൂപ്പി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുകയും വിജയിക്കുകയും ചെയ്തു. ഇത്തവണയും മണ്ഡലം തിരിച്ചുപിടിക്കാനാവാതെ പാലോളി മുഹമ്മദ് പരാജയപ്പെട്ടു. 1982ലും നാലകത്ത് സൂപ്പിപാലോളി മുഹമ്മദ് കുട്ടി പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ഡലം നാലകത്ത് സൂപ്പിയെ രണ്ടാമതും തെരഞ്ഞെടുത്തു. ഇതോടെ ഇടതുപക്ഷത്തിന്റെ അട്ടിമറി സ്വപ്നങ്ങള്‍ മങ്ങി വരികയായിരുന്നു. പാലോളി മുഹമ്മദ് കുട്ടി മണ്ഡലം വിടുകയും പിറകെ വന്ന സിപിഐഎം സ്ഥാനാര്‍ഥികളെ നാലകത്ത് സൂപ്പി പരാജയപ്പെടുത്തിക്കൊണ്ടുമിരുന്നു. 1991ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി എം എം മുസ്തഫ രംഗത്തിറങ്ങിയെങ്കിലും കൂടുതല്‍ ഭൂരിപക്ഷത്തോടെ സൂപ്പി വിജയിച്ചു. 1996ലും സ്വതന്ത്ര സ്ഥാനാര്‍ഥി തന്നെ പരീക്ഷിക്കപ്പെട്ടെങ്കിലും സൂപ്പി അപരാജിതനായി നിലകൊണ്ടു. അന്ന് എ മുഹമ്മദായിരുന്നു അദ്ദേഹത്തിന്റെ പ്രധാന എതിരാളി.
എന്നാല്‍ 2006ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായ ഹമീദ് മാസ്റ്റര്‍ക്ക് കോട്ട സംരക്ഷിക്കാനായില്ല. 2011 തെരഞ്ഞെടുപ്പുവരെ മണ്ഡലത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന ഇടതുപക്ഷം മണ്ഡലത്തില്‍ വിജയിക്കുകയും സിപിഐഎം സ്ഥാനാര്‍ഥി വി ശശികുമാര്‍ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പെരിന്തല്‍മണ്ണ എംഎല്‍എ പദത്തിലേക്ക് തെരഞ്ഞെടുക്കപ്പടുകയും ചെയ്തു. 2001ലെ തെരഞ്ഞെടുപ്പില്‍ നാലകത്ത് സൂപ്പിയോട് 5906 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനുശേഷമായിരുന്നു 2006ലെ ശശികുമാറിന്റെ ഈ വിജയം.
മുസ്ലിം ലീഗിന്റെ ഹമീദ് മാസ്റ്റര്‍ പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പില്‍ നിന്ന് കരുതലോടെയാണ് 2011ലെ തെരഞ്ഞെടുപ്പിലേക്ക് മുസ്ലിം ലീഗ് കടന്നത്. അന്ന് ശശികുമാറിന് മണ്ഡലം നിലനിര്‍ത്താനാവുമെന്ന സിപിഐഎമ്മിന്റെ പ്രതീക്ഷ അസ്ഥാനത്താക്കി 9589 വോട്ടുകള്‍ക്ക് മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് മഞ്ഞളാംകുഴി അലി മണ്ഡലം തിരിച്ചുപിടിച്ചു. 2016ലും ഈ വിജയം ആവര്‍ത്തിക്കാന്‍ മഞ്ഞളാംകുഴി അലിക്കായെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിയുകയാണുണ്ടായത്. വി ശശുകുമാറും മഞ്ഞളാംകുഴിയും നേര്ക്കുന്നനേര് വന്ന ശക്തമായ മത്സരത്തില്‍ 579 വോട്ടുകള്‍ക്കാണ് മഞ്ഞളാംകുഴി അലി വിജയിച്ചത്.
അടുകൊണ്ടുതന്നെ 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്നത് മഞ്ഞളാംകുഴി അലി മണ്ഡലത്തില്‍ തുടരുമോ എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നിസ്സാര ഭൂരിപക്ഷത്തെ മറികടന്ന് വരാന്‍ ഇടതുപക്ഷത്തിനുമുന്നില്‍ സാധ്യതകളുണ്ടെന്നിരിക്കെ എംഎല്‍എ മണ്ഡലം വിടാനാഗ്രഹിക്കുന്നുവെന്നാണ് സൂചന. കഷ്ടിച്ച് വിജയിച്ച പെരിന്തല്‍മണ്ണ വിട്ട് കൂടുതല്‍ സുരക്ഷിതമായ മങ്കടയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ മഞ്ഞളാംകുഴി ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെ മഞ്ഞളാംകുഴി അലി മണ്ഡലം വിടുകയാണെങ്കില്‍ എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്റഫലി അടങ്ങുന്ന യുവനേതാക്കള്‍ മണ്ഡലത്തില്‍ പരിഗണിക്കപ്പെടുമെന്നാണ് സൂചന. എന്നാല്‍ എംഎല്‍എ മണ്ഡലം വിട്ടാല്‍ പെരിന്തല്‍മണ്ണ കൈവിട്ടുപോകുമെന്ന ഭയമുള്ളതിനാല്‍ ലീഗ് നേതൃത്വം എന്തുനിലപാടെടുക്കുമെന്നതാണ് ഇനി അറിയേണ്ടത്.
അതേസമയം മണ്ഡലം പിടിക്കാനുള്ള എല്ലാ സാധ്യതയും തിരയുന്ന ഇടതുമുന്നണി സാഹചര്യം അനുകൂലമാണെന്നാണ് നിരീക്ഷിക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ തവണ എംഎല്‍എയുടെ ഭൂരിപക്ഷം ഇടിച്ച ഘടകങ്ങള്‍ ഇത്തവണയും നിലനില്‍ക്കുകയാണെങ്കില്‍ 2001ല്‍ ലീഗ് കോട്ട പിടിച്ച വി ശശികുമാറിന് വീണ്ടും ഒരിക്കല്‍കൂടി സീറ്റുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. അങ്ങനെയെങ്കില്‍ ശശികുമാര്‍ തന്നെയായിരിക്കും ഇത്തവണയും മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉണ്ടാക്കാനായ മുന്നേറ്റം കൂടിയാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് തദ്ദേശഭരണ മേഖലകളില്‍ നാലിടത്തും എല്‍ഡിഎഫായിരുന്നു മുന്പില്.
അതേസമയം വി ശശികുമാര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെങ്കില്‍ മുന്‍ പെരിന്തല്‍മണ്ണ നഗരസഭ അധ്യക്ഷന്‍ എം മുഹമ്മദ് സലീം അടക്കമുള്ള പ്രദേശിക നേതാക്കളെ മണ്ഡലത്തില്‍ പരിഗണിക്കാനും സാധ്യതയുണ്ട്. അത്തരത്തിലെ ചര്‍ച്ചകള്‍ക്കിടയില്‍ പെരിന്തല്‍മണ്ണ സ്വദേശി കൂടിയായ പി ശ്രീരാമകൃഷ്ണന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും അദ്ദേഹം പൊന്നാനിയില്‍ തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.