‘സുരേന്ദ്രന്‍ വന്നശേഷമാണ് ഞാന്‍ റെസ്റ്റ് എടുത്തത്, പിന്നെ രാഹുല്‍ ഈശ്വറും വന്നു, ആരുമായും ചര്‍ച്ച നടത്തും’; പാവത്തിനെ ഉപദ്രവിക്കുന്നതെന്തിനാണെന്ന് പിസി ജോര്‍ജ്

ഒരു മുന്നണിയുടേയും ഭാഗമാവുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മാര്‍ച്ച് മൂന്നാം തിയ്യതി പാര്‍ട്ടി യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തിലും അദ്ദേഹം അയഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു, ഇനി അത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വിഷയത്തില്‍ പിസിയുടെ പ്രതികരണം.

പിസി ജോര്‍ജിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;

ഒരു മുന്നണിയുടേയും ഭാഗമാവുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. പാവം പിസി ജോര്‍ജിനെ എതിര്‍ക്കേണ്ട വല്ല ആവശ്യവുമുണ്ടോ. ഞാന്‍ ഇത്രേം കൊല്ലായിട്ട് നില്‍ക്കുന്നതല്ലേ. ഇനി നില്‍ക്കണമെന്ന് ആഗ്രഹവുമില്ല. എന്നെ എന്തിനാ ഉപദ്രവിക്കുന്നത്. വല്ല കാര്യോ ഉണ്ടോ.

ചര്‍ച്ചക്കൊന്നും സമയമായില്ല. വേണ്ടി വന്നാല്‍ ആരുമായും ചര്‍ച്ച നടത്തും. എന്‍ഡിഎ നേതാക്കളുടേയെല്ലാം ആഗ്രഹം ഞാന്‍ എന്‍ഡിഎയില്‍ ചേരണമെന്നാണ്. യുഡിഎഫിന്റെ നേതാക്കള്‍ വലിയ കുഴപ്പമാണെങ്കിലും അണികള്‍ വലിയ മാന്യന്മാരാ. എന്ത് ചെയ്യണമെന്ന് മൂന്നാം തിയ്യതിയിലെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം പറയും. അല്ലാതെ ഒന്നും പറയാന്‍ എനിക്ക് അവകാശമില്ല. ഞാന്‍ രക്ഷാധികാരിമാത്രമാണ്. മെമ്പര്‍ഷിപ്പ് പോലുമില്ല. മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ എന്റെ എംഎല്‍എ സ്ഥാനം പോകും.

എനിക്ക് സുരേന്ദ്രനുമായി ബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അത് സത്യമാണ്. ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ ആദ്യം സ്ത്രീകളെ തടയാന്‍ പോയത് ഞാനാ. അത് എല്ലാവര്‍ക്കും അറിയാം. വിശ്വാസികളുടെ പ്രതിനിധി എന്ന നിലയിലാണ് അത് ചെയ്തത്. എന്റെ കടമയായിരുന്നു അത്. ഞാന്‍ റെസ്റ്റ് എടുത്തത് സുരേന്ദ്രന്‍ വന്ന ശേഷമാണ്. സ്ത്രീകളും പൊലീസും ഒരു ഭാഗത്തും അപ്പുറത്ത് ഞങ്ങളും. സുരേന്ദ്രന്‍ വന്നിട്ട് പറഞ്ഞു. ചേട്ടന്‍ പൊയിക്കോ..ഞാന്‍ നോക്കിക്കോളാന്ന്. പിന്നെ വന്നത് രാഹുല്‍ ഈശ്വറാണ്. അദ്ദേഹവും ശക്തമായ നിലപാട് സ്വീകരിച്ചു. അത് കഴിഞ്ഞ് ഞാന്‍ പോയി ചായ കുടിച്ചു. അതുകൊണ്ടൊക്കെ എനിക്ക് സുരേന്ദ്രനോട് മനസില്‍ ഒരു സ്‌നേഹം ഉണ്ട്. സുരേന്ദ്രന് പിന്തുണകൊടുത്തതാണ് എനിക്കെതിരെ പ്രചാരണം വരാന്‍ കാരണം. ആരുമായും യോചിച്ചുപോകും.- പിസി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെകുറിച്ചുള്ള ആരോപണത്തില്‍ കഴിഞ്ഞത് കഴിഞ്ഞുവെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ഇനി അത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News