
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ലീഗ് ലിസ്റ്റ് വെള്ളിയാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം അതിവേഗം പൂര്‍ത്തീകരിക്കാന്‍ നാളെ യുഡിഎഫ് ചര്‍ച്ച നടക്കും. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ ഇത്തവണ മത്സരിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം കളമശ്ശേരി സീറ്റിലേക്ക് ഇബ്രാഹിം കുഞ്ഞിന്റെ മകന് ഗഫൂറിന്റെ പേരാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കളമശ്ശേരി സീറ്റിനായി ഗഫൂറും ടിഎ അഹമ്മദ് കബീറും തമ്മിലുള്ള മത്സരം കനക്കുകയാണ്.
ലീഗിന് മൂന്ന് സീറ്റ് നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ലീഗ് വൃത്തങ്ങള്‍ പറയുന്നു. കൂത്തുപറമ്പില്‍ മണ്ഡലം പ്രസിഡന്റും വ്യവസായിയുമായ പികെ അബ്ദുള്ളയെയാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. മലപ്പുറത്ത് കെപിഎ മജീദും വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയും തന്നെയാണ് ഇത്തവണയും മത്സരിക്കുക. കുന്ദമംഗലത്ത് നജീബ് കാന്തപുരമോ എംഎ റസാഖോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
എംകെ മുനീറാണ് മണ്ഡലം മാറുന്ന പ്രമുഖരില്‍ ഒരാള്‍. കോഴിക്കോട് സൗത്തിലെ സ്ഥാനാര്‍ഥിയായിരുന്ന മുനീര്‍ ഇത്തവണ കൊടുവള്ളിയിലാകും മത്സരിക്കുക. അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ കാസറകോഡ് പരിഗണിക്കുമ്പോള്‍ ഇവിടെ എന്‍എ നെല്ലിക്കുന്നും പട്ടികയിലുണ്ട്. അഴീക്കോട് അഡ്വ. അബ്ദുള്‍ കരീം ചേലേരിയാകും മത്സരരംഗത്ത് എത്തുക. എന്‍ ഷംസുദ്ദീന്റെ പേര് തിരൂരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മണ്ണാര്‍ക്കാടാണ് പ്രഥമ പരിഗണന. തിരൂരില്‍ കുറുക്കോളി മൊയ്തീനാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
12 മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. മഞ്ചേശ്വരത്ത് എകെ അഷറഫും കല്ലട്ടറ മായിന്‍ ഹാജിയുമാണ് പരിഗണനയിലുള്ളത്. പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലിയെ, ഉമര്‍ അറക്കലിനൊപ്പം മങ്കടയിലാണ് പരിഗണിക്കുന്നത്. യുത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്് താനൂരിലെ പട്ടികയിലാണ് ഉള്ളതെങ്കിലും കോഴിക്കോട് സൗത്തില്‍ എത്താനും സാധ്യതയുണ്ട്.
ചേലക്കരയില്‍ പരിഗണിക്കുന്ന ജയന്തി രാജനാകും ഏക വനിതാ സ്ഥാനാര്‍ഥി. ഇകെ സുന്നികളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നീക്കമെന്നാണ് സൂചന. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള, കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം, ഏറനാട്ടില്‍ പികെ ബഷീര്‍, കോട്ടക്കലില്‍ സൈനുല്‍ ആബിദീന്‍, വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്റര്‍, ഗുരൂവായൂരില്‍ സിഎച്ച റഷീദ്, തിരൂരങ്ങാടിയില്‍ പിഎംഎ സലാം എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമപട്ടിക തയ്യാറാകും.
ലീഗ് സാധ്യതാ പട്ടിക ഇങ്ങനെ:
വേങ്ങര – പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം – കെ പി എ മജീദ്
മഞ്ചേരി അഡ്വ യു.എ ലത്തീഫ്
കൊണ്ടോട്ടി – ടി വി ഇബ്രാഹിം
തിരൂരങ്ങാടി – പി എം എ സലാം
കോട്ടക്കല്‍ – ആബിദ് ഹുസ്സൈൻ തങ്ങള്‍
മങ്കട – മഞ്ഞലാംകുഴി അലി
പെരിന്തല്‍മണ്ണ – ടി.പി അഷ്റഫലി
തിരൂര്‍ – കുറുക്കോളി മൊയ്തീന്
താനൂര്‍ – പി കെ ഫിറോസ്
വള്ളിക്കുന്ന് – പി അബ്ദുള്‍ ഹമീദ്
ഏറനാട് – പി കെ ബഷീര്‍
കോഴിക്കോട് സൗത്ത് ഉമ്മർ പാണ്ടികശാല
കുന്ദമംഗലം – നജീബ് കാന്തപുരം/എം.എ റസാഖ്
കുറ്റ്യാടി – പാറക്കല്‍ അബ്ദുല്ല
തിരുവമ്പാടി -സി.പി ചെറിയ മുഹമ്മദ്
കൊടുവള്ളി – എം.കെ മുനീർ
കൂത്തുപറമ്പ് – പി.കെ അബ്ദുല്ല
അഴീക്കോട് – അബ്ദുൽ കരീം
ചേലേരി
കാസര്‍കോട് – കെ. എം ഷാജി
മഞ്ചേശ്വരം – എ.കെ.എം അഷ്റഫ്
മണ്ണാര്‍ക്കാട് – എന്‍ ഷംസുദ്ദീന്
ഗുരുവായൂര്‍ – കെ.എൻ.എ ഖാദർ
ചേലക്കര – ജയന്തി രാജൻ
കളമശേരി – ടി എ അഹമ്മദ് കബീര്‍/അബ്ദുൽ ഗഫൂർ