സാധ്യത പട്ടികയില്‍ ഇടംപിടിക്കാതെ കമറുദ്ദീന്; ഉയരുന്നത് രണ്ട് പേരുകള്‍; യൂത്ത്ലീഗ് നേതാവും

മഞ്ചേശ്വരത്ത് യുഡിഎഫ് സാധ്യത പട്ടികയില്‍ ഇടംപിടിക്കാതെ ലീഗ് എംഎല്‍എ എംസി കമറുദ്ദീന്. നിലവില്‍ മഞ്ചേശ്വരം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എകെഎം അഷ്റഫ്, മഞ്ചേശ്വരം മുന്‍ എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മകന് പിബി ഷഫീഖ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ കമറുദ്ദീന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. ജയില്‍ മോചിതനായ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു കമറുദ്ദീന്റെ മറുപടി.
കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍എ നെല്ലിക്കുന്നിനെയാണ് പരിഗണിക്കുന്നത്. ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബാലകൃഷ്ണന് പെരിയ, കെ നീലകണ്ഠന് എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയില്‍. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും.
കണ്ണൂര്‍ ജില്ലയില്‍ ഇപി ജയരാജന്റെ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പേരാവൂരിലും കല്യാശ്ശേരിയിലും കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കുന്നതോടെ ശൈലജയെ സ്വന്തം നാടായ മട്ടന്നൂരിലേക്കും ഇപിയെ കല്യാശേരിയിലും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.
സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. താന്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എംവി ഗോവിന്ദന് അറിയിച്ചിരുന്നത്.