കൊല്ലത്ത് മുകേഷ് തന്നെ; ഇരവിപുരത്ത് നൗഷാദ്; അയിഷ പോറ്റിയും മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനാര്‍ത്ഥിയാകും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് രണ്ടാം അങ്കത്തിനൊരുങ്ങി നടന്‍ മുകേഷ്. മുകേഷിനെ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം.നൗഷാദ് തുടരും. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.

ജനപിന്തുണയുള്ള നേതാക്കളെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ മത്സരിപ്പിക്കും. മൂന്നു ടേം എന്ന നിബന്ധനയില്‍ ഇളവുണ്ടായാല്‍ അയിഷ പോറ്റിയും മേഴ്‌സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാര്‍ത്ഥിയാകും. ജയസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കരയില്‍ അയിഷ പോറ്റിക്ക് വീണ്ടും അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ട്.

അതേസമയം ഇവിടെ കെ.എന്‍.ബാലഗോപാലും പട്ടികയില്‍ ഇടം പിടിച്ചു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്കു പുറമേ പാര്‍ട്ടി ഏരിയ സെക്രട്ടറി എസ്.എല്‍.സജികുമാറിനെയും പരിഗണിക്കുന്നുണ്ട്. മൂന്നു ടേം എന്ന നിബന്ധനയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും, അയിഷ പോറ്റിക്കും ഇളവു നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റാകും എടുക്കുക.

കണ്ണൂര്‍ ജില്ലയില്‍ ഇപി ജയരാജന്റെ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പേരാവൂരിലും കല്യാശ്ശേരിയിലും കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കുന്നതോടെ ശൈലജയെ സ്വന്തം നാടായ മട്ടന്നൂരിലേക്കും ഇപിയെ കല്യാശേരിയിലും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. താന്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നത്.

Latest News