Top

കോലിബി സഖ്യം; 91-ല്‍ കേരളം കണ്ടതും ഇപ്പോള്‍ കാണുന്നതും

1991ലാണ് കേരളത്തിലെ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കോലീബി കൂട്ടുകെട്ട് രൂപപ്പെട്ടത്. ബിജെപി നേതാവ് കെ ജി മാരാരിന്റെ ജീവചരിത്രത്തിലുടെയാണ് കോലീബി സംഖ്യത്തിന്റെ കഥകള്‍ ലോകമറിഞ്ഞത്. നിർണ്ണായകമായ 91 ലെതെരഞ്ഞടുപ്പില്‍ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി. നിരവധി സംഖ്യങ്ങൾ കണ്ട കേരളത്തിന് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല മാരാരുടെ ആത്മക്കഥയിലൂടെ പുറംലോകമറിഞ്ഞ ആ ചങ്ങാത്തം.അക്കാലത്ത് കാര്യമായ വേരോട്ടം കേരളത്തിൽ ഇല്ലാത്ത ബി ജെ പി യ്ക്ക് സംഖ്യം ഗുണം ചെയ്തുവെന്ന് ബിജെപിയുടെ കേരളത്തിലെ […]

21 March 2021 10:08 PM GMT
ആർ അരുൺ രാജ്

കോലിബി സഖ്യം; 91-ല്‍ കേരളം കണ്ടതും ഇപ്പോള്‍ കാണുന്നതും
X

1991ലാണ് കേരളത്തിലെ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കോലീബി കൂട്ടുകെട്ട് രൂപപ്പെട്ടത്. ബിജെപി നേതാവ് കെ ജി മാരാരിന്റെ ജീവചരിത്രത്തിലുടെയാണ് കോലീബി സംഖ്യത്തിന്റെ കഥകള്‍ ലോകമറിഞ്ഞത്. നിർണ്ണായകമായ 91 ലെ
തെരഞ്ഞടുപ്പില്‍ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി. നിരവധി സംഖ്യങ്ങൾ കണ്ട കേരളത്തിന് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല മാരാരുടെ ആത്മക്കഥയിലൂടെ പുറംലോകമറിഞ്ഞ ആ ചങ്ങാത്തം.അക്കാലത്ത് കാര്യമായ വേരോട്ടം കേരളത്തിൽ ഇല്ലാത്ത ബി ജെ പി യ്ക്ക് സംഖ്യം ഗുണം ചെയ്തുവെന്ന് ബിജെപിയുടെ കേരളത്തിലെ ആദ്യത്തെ എംഎൽഎയും അന്ന് സംഖ്യത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഒ രാജഗോപാൽ തുറന്നു സമ്മതിക്കുന്നു.
ബിജെപിയുടെ സംഘടനാതലത്തിലെ സംവിധാനം കുറ്റമറ്റതാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി ആർ എസ് എസ് ഇടപെടൽ ഉണ്ടാകുന്ന കാലഘട്ടം.നിയമസഭാ ലോകസഭാ തെരെഞ്ഞെടുപ്പ് മുറതെറ്റാതെ മല്‍സരിക്കുന്ന ബിജെപിയെ ജയം കടാക്ഷിക്കാത്തതിൽ നിന്നാണ് 1991 ൽ ഏത് വിധേനയും വിജയിക്കണമെന്ന തീരുമാനം ആർ എസ് എസ് ദേശീയ നേതൃത്വം കൈക്കൊള്ളുന്നത്.ആരുമായും ചേര്‍ന്ന് ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ് വിരോധo കൊടുമ്പിരി കൊണ്ടുനിൽക്കുന്ന കാലത്ത് ബിജെപി- സി പി ഐ എം ബന്ധത്തിന് സാധ്യതയില്ലെന്ന് ഉറപ്പാക്കിയ ആർ എസ് എസ് നേതൃത്വം അങ്ങനെയാണ് ഐക്യമുന്നണിയുമായി അടുക്കുന്നത്.
കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിന് മുൻപായി സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയ ആർ എസ് എസ്,
പ്രചാരകനായിരുന്ന പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു.കെ രാമന്‍ പിള്ളയെ സംസ്ഥാന പ്രസിഡൻ്റും കെ ജി മാരാരെ ജനറല്‍ സെക്രട്ടറിയുമാക്കി.അജഡ നടപ്പിലാക്കാൻ ആർ എസ് എസ് നടത്തിയ അഴിച്ചുപണിയുടെ കൂടിഭാഗമായിരുന്നു ഇത്.
കേരളത്തിലാകെ യുഡിഎഫിന് പിന്തുണ. പ്രതിഫലമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ നിന്ന് ബി ജെ പി സ്ഥാനർത്ഥി കെ ജി മാരാരെ വിജയിപ്പിക്കുക.ഇതിന് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് മഞ്ചേശ്വരത്ത് നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി കെ ജി മാരാരെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ.
കൂടാതെ ബേപ്പൂര്‍ നിയമ സഭ മണ്ഡലത്തിലും വടകര ലോക് സഭ മണ്ഡലത്തിലും പൊതുസ്വതന്ത്രർ എന്ന ധാരണയും സംഖ്യത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനും തീരുമാനിച്ചു.
മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഓ രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നുവെന്നും പിന്നീട്
പുറത്തു വന്ന രഹസ്യ ബാന്ധവത്തിൻ്റെ കഥകൾ യാഥാർത്ഥ്യപ്പെടുത്തുന്നു. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നല്‍കുമെന്ന് നേതാക്കൾ തന്നെ ഉറപ്പു നൽകി . അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെതന്നെ കോൺഗ്രസും ലീഗും ചുമതലപ്പെടുത്തി .
തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സും എന്‍എസ്എസ്സും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. എത്ര സീറ്റിലാണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനല്‍കി. അതനുസരിച്ചുള്ള ലിസ്റ്റും നേതൃത്വങ്ങൾ കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചര്‍ച്ച നടത്തിയെടുത്ത തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ബിജെപിക്കു കഴിഞ്ഞു.തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും രഹസ്യബാധവത്തിൻ്റെ ചർച്ചകൾക്ക് വേദികളായി.
കോണ്‍ഗ്രസ് മാത്രമല്ല മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും ബിജെപിയുമായുള്ള ധാരണയിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ലീഗും ബിജെപിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു കോൺഗ്രസിലെ ചിലര്‍ക്ക്. എന്നാല്‍ ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളേക്കാള്‍ സഹകരണ സമീപനം അവരില്‍ നിന്നുണ്ടായിയെന്നുള്ളതാണ് യാഥാർത്ഥ്യം.
കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന നിലപാടിലായിരുന്നുവെങ്കില്‍ ബിജെപി സഹകരണം ഉറപ്പിക്കുന്നതില്‍ കെ കരുണാകരന്‍ അത്യുത്സാഹം കാട്ടി. വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി ഐക്യമുന്നണിയിലെ കക്ഷികളും നില്‍ക്കുമ്പോഴാണ് ബി ജെ പി ബാന്ധവത്തിനായി എത്തുന്നത്. ബിജെപിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന കരുണാകരൻ്റെ വാദത്തോട് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും അനുകൂലനിലപാട് എടുത്തു. ജയിക്കണമെന്ന ചിന്തയ്ക്ക് അപ്പുറം ബിജെപിയ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല.അങ്ങനെയാണ് പരമ്പരാഗത വൈരം പോലും മറന്ന് ലീഗ് – കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കാന്‍ ബിജെപി പ്രവര്‍ത്തിക്കാൻ തീരുമാനിക്കുന്നത്. തങ്ങൾക്ക് നൽകുന്ന വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളായ കെ ജി മാരാര്‍, ഓ രാജഗോപാല്‍, കെ രാമന്‍പിള്ള എന്നിവര്‍ക്ക് യുഡിഎഫ് വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു.
പക്ഷേ തെരെഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നു. ധാരണയനുസരിച്ചു ബിജെപി പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫിൽ നിന്ന് ഉണ്ടായില്ല. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികളെ അവസാന നിമിഷം അവര്‍ തന്ത്രപൂര്‍വം തോല്‍പ്പിച്ചു.
കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും അറിയില്ലായിരുന്ന ബിജെപിയെ കോൺഗ്രസ് ചതിച്ചുവെന്ന് പറയുന്നതാകും ശരി. കേരളത്തിൽ
ഇ കെ നായനാര്‍ സർക്കാരിന് ഭരണത്തുടർച്ചയെന്ന ശങ്കക്ക് അന്ത്യം കുറിച്ച ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണെന്നതും ചരിത്രം.
ബി ജെ പി നേതാവ് കെജി മാരാരുടെ ജീവ ചരിത്രത്തിലെ പാഴായപരീക്ഷണം എന്ന അധ്യായത്തിലാണ് ഇക്കാര്യം ആദ്യം വ്യക്തമാക്കുന്നത്.
അവസാന നിമിഷത്തിൽ ബിജെപി യെ കൈവിടാനുള്ള കാരണങ്ങൾ കോൺഗ്രസിന് ഉണ്ടായിരുന്നു.കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് രാഷ്ട്രീയാന്തരീക്ഷത്തെയാകെ മാറ്റിമറിച്ചുവെന്നുo കോണ്‍ഗ്രസിന് അനുകൂലമായ സഹതാപതരംഗമുണ്ടായെന്നും മനസിലാക്കിയായിരുന്നു ഒടുവിൽ അവരുടെ ഏകപക്ഷീയമായ പിൻമാറ്റം. അത്ര അനുകൂലമായ സാഹചര്യത്തിൽ ബി ജെ പി യെ എന്തിന് വിജയിപ്പിക്കണം എന്ന ചിന്തയാണ് സംഖ്യത്തിൻ്റെ വിജയം ഒരു പക്ഷത്തിന് മാത്രമാകാനുള്ള കാര്യവും.തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 91 സീറ്റ് നേടി വിജയിക്കുകയും ചെയ്തു.
30 വർഷത്തിന് ഇപ്പുറം കോ ലീ ബി സഖ്യം മറ്റൊരു വിധത്തിൽ ആവർത്തിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം 1991 ന് ഏതാണ്ട് സമാനമായാണ് നിലനിൽക്കുന്നതാണ് ഈ ചോദ്യം വീണ്ടും സജീവമാകാനുള്ള കാരണം.

Next Story