ജനാധിപത്യത്തെ അടയാളപ്പെടുത്തിയ മൂന്ന് വനിതകള്‍, വടകരയിലെ വിജയം, നിയമസഭയിലേക്ക്- കെകെ രമ സംസാരിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ത്യന്‍ ജനാധിപത്യത്തെ അടയാളപ്പെടുത്തുന്ന മൂന്ന് പേരുകളാണ് മമത ബാനര്‍ജി, കെകെ ശൈലജ, കെകെ രമ എന്നിവരുടേത്. വെല്ലുവിളികള്‍ക്ക് മുന്നില്‍ ഒരടി പതറാതെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ പെണ് പോരാളികള്‍. രാഷ്ട്രീയ ഭേതമന്യേ അവരെ ജനാധിപത്യ സമൂഹം തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ഇടത് കോട്ടയായ വടകരയിലെ വിജയത്തെകുറിച്ചും, പോരാട്ടത്തെകുറിച്ചും റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയാണ് കെകെ രമ. കേരളം മുഴുവന്‍ എല്‍ഡിഎഫ് അനുകൂല വിധിയെഴുതിയപ്പോഴും വടകര ഒപ്പം നിന്നു. അതിനെ […]
4 May 2021 2:52 AM GMT
അനുശ്രീ പി.കെ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ത്യന്‍ ജനാധിപത്യത്തെ അടയാളപ്പെടുത്തുന്ന മൂന്ന് പേരുകളാണ് മമത ബാനര്‍ജി, കെകെ ശൈലജ, കെകെ രമ എന്നിവരുടേത്. വെല്ലുവിളികള്‍ക്ക് മുന്നില്‍ ഒരടി പതറാതെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ പെണ് പോരാളികള്‍. രാഷ്ട്രീയ ഭേതമന്യേ അവരെ ജനാധിപത്യ സമൂഹം തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ഇടത് കോട്ടയായ വടകരയിലെ വിജയത്തെകുറിച്ചും, പോരാട്ടത്തെകുറിച്ചും റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയാണ് കെകെ രമ.
കേരളം മുഴുവന്‍ എല്‍ഡിഎഫ് അനുകൂല വിധിയെഴുതിയപ്പോഴും വടകര ഒപ്പം നിന്നു. അതിനെ എങ്ങനെ വിലയിരുത്താം?
ചരിത്രപ്രസക്തമായ വിജയമാണ് വടകരയിലേത്. വിയോജിപ്പുകളെ കൊന്നു തള്ളാന്‍ ആവില്ലെന്നതാണ് വടകരയിലെ ജനാധിപത്യ സമൂഹം കൊലയാളി നേതൃത്വത്തെ ജനവിധി കൊണ്ട് പഠിപ്പിച്ചിരിക്കുന്നത്. ആ തരത്തില്‍ തന്നെ മണ്ഡലം പ്രസക്തമാവുകയാണ്. കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് ആവശേമുണ്ടാക്കുന്നതാണ് ജനവിധി. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത മുറിവായി പൊറുക്കാനാവാത്ത കണക്കായി ഈ നാട്ടിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള സാധാരണ മനുഷ്യര്‍ ചന്ദ്രശേഖരനെ നെഞ്ചിലേറ്റി നടക്കുന്നുവെന്നതിന്റെ തെളിവാണിത്.
ഫലപ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത് പ്രധാനമായും മൂന്ന് വനിതകളാണ്. മമതാ ബാനര്‍ജി, കെകെ ശൈലജ, കെകെ രമ. ഇത് പാട്രിയാര്‍ക്കല്‍ സമൂഹത്തിനുള്ള മറുപടിയാണോ?
കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയിലെ ജനതക്ക് ആവേശമുണ്ടാക്കിയ മൂന്ന് അനുഭവങ്ങളാണ് ഈ മൂന്ന് വനിതകളുടെ വിജയം. അതില്‍ പ്രത്യേകിച്ചും ബംഗാളില്‍ മമതയുടെ പോരാട്ടം നമുക്കെല്ലാം ഊര്‍ജം നല്‍കുന്നതാണ്. വനിത എന്ന നിലയില്‍ ഒരു പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ അവര്‍ നേരിട്ട പ്രതിസന്ധികള്‍ ഏറെയാണ്. ബിജെപി എന്ന ഫാസിസ്റ്റ് ശക്തിക്കെതിരെ പോരാട്ടം നടത്തി പിടിച്ചുനിന്നത് ഒരു സ്ത്രീയുടെ കരുത്താണ് കാട്ടുന്നത്. അത് വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിലെ സ്ത്രീകള്‍ക്കും ഇന്ത്യയിലെ സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള പോരാട്ടങ്ങള്‍ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണ്. ഈ മഹാമാരി കാലത്ത് ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചെറിയ കാര്യമായി കാണുന്നില്ല. ഒരു വനിത എന്ന നിലയില്‍ അവര്‍ മുന്നില്‍ നിന്ന് നയിച്ചു.അവര്‍ക്ക് വലിയരീതിയില്‍ പാര്‍ട്ടി പിന്തുണയും ലഭിക്കുന്നുണ്ട്.

ടിപിയുടെകൊലപാതകത്തിന് ശേഷം മുതല്‍ ഇങ്ങോട്ട് ഇപ്പോഴും കെകെ രമ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പ്രതികരണം?
ജീവിതത്തില്‍ പ്രതിസന്ധി നേരിട്ട സമയത്ത് ഒരു പ്രസ്ഥാനത്തിലേക്ക് വന്നു. എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നശിച്ച വ്യക്തിയെന്ന പരിഗണന പോലും തരാതെയായിരുന്നു ആക്രമണം. ടിപിയുടെ ആശയം മുറുകെ പിടിച്ചു പോരുക മാത്രമാണ് ചെയ്തത്. എന്തൊക്കെ പട്ടങ്ങളാണ് ഈ സൈബര്‍ ഇടങ്ങള്‍ എനിക്ക് ചാര്‍ത്തി തന്നത്. വിധവ, ഭര്‍ത്താവിന്റെ ശവം വിറ്റ് ജീവിക്കുന്നവര്‍ തുടങ്ങി അനവധി. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് മനോവൈകല്യമാണെന്നൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നേതൃത്വത്തിന്റെ മൗനം സമ്മതമായിരുന്നു. അല്ലെങ്കില്‍ ഒരു ദിവസം കൊണ്ട് അത് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു. വലിയ സൈബര്‍ വിങ് ഉണ്ട്. അതിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അതിനുള്ള ഉത്തരമാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. ചോര ചൊരിയാത്ത മധുര പ്രതികാരമാണ് വിജയം.

നിയമസഭയില്‍ പിണറായി വിജയനെതിരെ ചോദ്യം ഉയര്‍ത്താന്‍ കെകെ രമ ഉണ്ടാവണം എന്നായിരുന്നു ആദ്യഘട്ടത്തില്‍ അണികളുടെ വികാരം. വിജയം ഒരു രാഷ്ട്രീയ പ്രതികാരമാണോ?
സിപിഐഎമ്മിന്റെ കൊലയാളി നേതൃത്വത്തിനെതിരെയുള്ള വിജയമാണ്. അന്ന് അതിന് ചുക്കാന്‍ പിടിച്ചത് പിണറായി വിജയനായിരുന്നു. ആ വികാരം വളരെ ശക്തമായി എല്ലാവരുടെ മനസിലും പിണറായി വിജയനെതിരെയുണ്ട്. അത്ര നിഷ്ഠൂരമായി ഒരു കൊലപാതകം നടന്നിട്ടും അതിനെ നോക്കി പരിഹസിച്ച ഏക വ്യക്തിയാണ് പിണറായി വിജയന്. മരിച്ച വ്യക്തിയെ പോലും കുലംകുത്തിയെന്ന് വിളിക്കാന്‍ പിണറായി വിജയനെ പോലുള്ള ദാര്‍ഷ്ട്യമുള്ള അധിക്കാരിക്കെ കഴിയൂ. അത് ഒരു ഏകാധിപത്യ സ്വഭാവമാണ്. മനുഷ്യത്വമുള്ള ഭരണാധികാരിക്ക് അത് സാധിക്കില്ല. മരിച്ച വ്യക്തിയോട് എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടേയും മാനസികാവസ്ഥ പോലെ ഇരിക്കും എന്ന് പറഞ്ഞ ഏക വ്യക്തിയാണ് പിണറായി വിജയന്. മനുഷ്യത്വമില്ലാത്ത അധികാരികളെ ജനം തിരുത്തിക്കുമെന്നാണ് തോന്നുന്നത്.
ആദ്യ ഘട്ടത്തില്‍ കെകെ രമ മത്സര രംഗത്തുണ്ടാവില്ലെന്ന് പറഞ്ഞു. യുഡിഎഫിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നോ സ്ഥാനാര്‍ത്ഥിത്വം?
ആര്‍എംപിയുടെ ശക്തമായ സമ്മര്‍ദത്തിന്റെ പുറത്താണ് സ്ഥാനാര്‍ത്ഥിയാവുന്നത്. യുഡിഎഫ് അങ്ങനെയൊരു നിര്‍ദേശം വെച്ചതിന് മുന്നേ തന്നെ പാര്‍ട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ മത്സരരംഗത്തില്ലായെന്ന തീരുമാനിച്ചതിന്റെ പുറത്ത് പാര്‍ട്ടി പ്രതിസന്ധിയിലായി. പിന്നീട് പാര്‍ട്ടി ശക്തമായി സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് മത്സരിച്ചത്. കാരണം. ഒരു ജനതയുടെ മൊത്തം ആവേശമായിരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിട്ടാണ് ഞങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇത്രയേറെ അക്രമങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. രാഷ്ട്രീയം മുന്നോട്ട് കൊണ്ട് പോയതിന്റെ ഭാഗമായി നിരന്തരം പീഡനത്തിനിരയാവരുണ്ട്. ജോലി നഷ്ടപ്പെട്ടു, വാഹനം കത്തിച്ചു, വീട് നശിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും കൊടിയ ആക്രമണം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എന്റെ കോലം കെട്ടി വളരെ ആഭാസമായ നൃത്തം നടത്തിയ സംഭവം ഉണ്ട്. എത്ര പരിഷ്കൃതമായ ജനാധിപത്യപരമാണെന്ന് അവകാശപ്പെടുന്ന നാടാണിത്. അതേ ആക്രമണമാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേരിടുന്നത്. എന്റെ വിജയം പ്രവര്‍ത്തര്‍ക്ക് കിട്ടുന്ന സംരക്ഷണം കൂടിയാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പോരാടിയത്. അങ്ങനെയാണ് മത്സരിച്ചത്. ആര്‍എംപിയുടെ പ്രസ്്ഥാനത്തിനും പ്രവര്‍ത്തനത്തിനും നിലനില്‍പ്പിനും കൂടിയായിരുന്നു എന്റെ സ്ഥാനാര്‍ത്ഥിത്വം.